വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞു; പക്ഷേ ഇടുക്കി ഡാമില്‍ വെള്ളം ഒഴുകിയെത്തുന്നു

വെബ് ഡെസ്ക്

Loading...

ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞു. എങ്കിലും ഡാമിലേക്കെത്തുന്ന വെള്ളത്തിന് കുറവില്ല. ഇതുമൂലം ഡാമിലെ ജലനിരപ്പ് ഇപ്പോഴും വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളം കൂടിയതാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാറില്‍ ഇന്നലെ ജലനിരപ്പ് 141 അടിക്ക് മുകളില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇടുക്കിയിലേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചു. ഏകദേശം 400 ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുക്കി വിടുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കുന്നതിന് വേണ്ടിയാണ് ഈ തോതില്‍ വെള്ളം ഒഴുക്കുന്നത്.

ഇപ്പോള്‍ ആകെ ഇടുക്കിയിലേക്ക് എത്തുന്ന ആകെ വെള്ളം 1,111 ഘനമീറ്ററാണ്. ഇതില്‍ 800 ഘനമീറ്റര്‍ വെള്ളം ഷട്ടറുകളിലൂടെ കെഎസ്ഇബി തുറന്നു വിടുന്നുണ്ട്. കൂടുതല്‍ വെള്ളം ഒഴുക്കി കളയേണ്ട സാധ്യതയുണ്ടെങ്കിലും അങ്ങനെ ചെയ്താല്‍ എറണാകുളം ജില്ലയ്ക്ക് നേരിടേണ്ടി വരുന്ന പ്രത്യഘാതങ്ങളെ തുടര്‍ന്നാണ് വെള്ളം അധികം ഒഴുക്കി വിടാത്തത്.

എന്നാല്‍, മഴ വര്‍ധിക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്താല്‍ വീണ്ടും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. നിലവില്‍ 2402.24 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മണിക്കൂറില്‍ ശരാശരി .02 അടി വെള്ളം ഉയരുന്ന സ്ഥിതിയാണുള്ളത്. ഇടമലയാറില്‍ ജലനിരപ്പ് 168.37 മീറ്ററാണ് ഇപ്പോഴുള്ളത്.

169 മീറ്ററാണ് ഇവിടുത്തെ ആകെ സംഭരണശേഷി. എന്നാല്‍, ഇടമലയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സെക്കന്‍ഡില്‍ 319 ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. പക്ഷേ, 400 ഘനമീറ്റര്‍ വെള്ളം തുറന്നു വിടുന്നുണ്ട്. ഇതോടെ ജലനിരപ്പ് കുറയുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം