കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു;ഇരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നവധി

കോഴിക്കോട്:കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ റോഡ് താറുമാറായതോടെ കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. താമരശേരി ചുരത്തിന്റെ പലഭാഗങ്ങളിലായാണ് മണ്ണിടിച്ചല്‍ ഉണ്ടായത്.

കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എവടണ്ണയിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈങ്ങാപ്പുഴയില് റോഡില് വെള്ളം കയറിയയതിനാല്‍ വാഹനങ്ങള് കുടുങ്ങിക്കിടക്കുകയാണ്.

കോഴിക്കോടു നിന്നുള്ള വാഹനങ്ങള്‍ ഈങ്ങാപ്പുഴയില്‍ കുടുങ്ങി. മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടി മാക്കൂട്ടം വനമേഖലയില്‍ 12 ഇടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു.

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് അവധി നല്‍കിയിട്ടുള്ളത്.

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇന്ന് അവധിയായിരിക്കും. കോട്ടയം നഗരസഭയിലെയും ആര്‍പ്പൂക്കര, അയ്‌നമനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരോ വിവിധ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം