നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പെൺകുട്ടികളെ കണ്ടെത്തി; മനുഷ്യക്കടത്തെന്ന് സംശയം

Loading...

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി സമിതി വെളിപ്പെടുത്തി. പെൺകുട്ടികളിൽ ഒരാളുടെ അമ്മയാണ് മകൾക്ക് വേതനം നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പരാതി നൽകിയത്. മകളെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

ബാലാവകാശ പ്രവർത്തകനായ അച്യുത റാവോയാണ് എൻസിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും ഇവരെയെല്ലാം ഒരാൾ തന്നെയാണ് എത്തിച്ചതെങ്കിൽ ഇത് സൂചിപ്പിക്കുന്നത് മനുഷ്യക്കടത്തണെന്നും അച്യുത റാവോ സംശയമുന്നയിക്കുന്നു. എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികൾക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.

മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അത്ന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നത്.  മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറയുന്നു.

എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകിയിട്ടുണ്ട്. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നു.

പതിനായിരം രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാൽ കുറച്ചു മാസങ്ങളായി ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. പൊലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്.

Loading...