രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ;

Loading...

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.

രാത്രി എട്ട് മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് കൽപറ്റയിലേക്ക് പോകുക. തുടർന്ന് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. അതിന് ശേഷം രാഹുൽ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് സൂചന.

രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ എന്നിവ‍ർ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി ഇവർ ചർച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കൾ കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയുടെ റോഡ് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും

Loading...