രാഹുൽ ഗാന്ധി ഇന്ന് കശ്മീരിലേക്ക്; സന്ദർശനം ഒഴിവാക്കണമെന്ന് ഭരണകൂടം

Loading...

ദില്ലി: രാഹുൽ ഗാന്ധിയും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കെ സി വേണുഗോപാല്‍ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുൽ കശ്മീർ സന്ദർശിക്കുക.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ ശേഷംആദ്യമായാണ് പ്രതിപക്ഷ നേതാക്കൾ കശ്മീർ സന്ദർശിക്കുന്നത്. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താൻ ഗവർണർ സത്യപാലിക് മാലിക്ക് നേരത്തെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സന്ദർശനം ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.

സന്ദർശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് സന്ദർശനം ഒഴിവാക്കണമെന്നുമാണ് ജമ്മു കശ്മീർ ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്ട്മെന്റ് അറിയിച്ചത്. ക്രമസമാധാനം നിലനിർത്തേണ്ടതിന്റെയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിർന്ന നേതാക്കൾ മനസ്സിലാക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.

പാർട്ടി സമ്മേളനത്തിനെത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ നേരത്തെ രണ്ടു തവണ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു വിമാനത്താവളത്തിൽ ത‍‍ടഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് ശേഷം ഒരു രാഷ്ട്രീയ നേതാവിനെയും ജമ്മു കശ്മീർ സന്ദർശിക്കാൻ സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ കശ്മീർ സന്ദർശനം.

കേന്ദ്ര സർക്കാർ നീക്കത്തിന് ശേഷം മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളെയാണ് ജമ്മു കശ്മീരിൽ അറസ്റ്റു ചെയ്യപ്പെടുകയും തടങ്കലിൽവച്ചിരിക്കുകയും ചെയ്തിരിക്കുന്നത്. മറ്റൊരു മുൻമുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണ്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ വ്യാഴാഴ്ച ദില്ലിയിലെ ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം, ജമ്മുവിലും താഴ്‌വരയിലും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തുടർച്ചയായ 20-ാം ദിവസവും ഇന്റർനെറ്റ്, മൊബൈൽ ഫോൺ വിലക്കു തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം