റാബിയ ബീഗം ഉമ്മ വിട പറഞ്ഞു ; മറക്കാനാവാത്ത ഓര്‍മ്മകളുമായി മഞ്ജു വാര്യര്‍

Loading...

ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന റാബിയ ബീഗം അന്തരിച്ചു. കോഴിക്കോട് നിലയിത്തിന്റെ ഉദ്ഘാടനത്തിന് പാടാനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പിന്നീട് ആകാശവാണിയെ വിട്ടു പിരിഞ്ഞില്ല. അറുപത്തിയഞ്ച് വര്‍ഷത്തോളം പാട്ടും നാടകവുമായി അവര്‍ ആകാശവാണിയില്‍ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്ന് നായകനായി അഭിനയിച്ചത് കെ പി ഉമ്മറായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് മഞ്ജു വാര്യരുടെ വലിയൊരു ആരാധികയായ റാബിയ ബീഗത്തിനെ കേരളം തിരിച്ചറിഞ്ഞത്. കോഴിക്കോട് ഒരു സ്വാകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തി മഞ്ജുവിനെ കാണാന്‍ ഒരുപാട് പേര്‍ കാത്തിരുന്നു. അക്കൂട്ടത്തിലൊരു മുത്തശ്ശി മഞ്ജുവിനെ കണ്ട് ഓടി വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. തന്റെ പ്രിയനടിയെ കണ്ടതിന്റെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ മുത്തശ്ശിയെ പിന്നീടാണ് എല്ലാവരും തിരിച്ചറിഞ്ഞത്. മഞ്ജുവിനെ കാണാനെത്തിയ മുത്തശ്ശി പിന്നീട് പല പരിപാടികളിലുടെയും മുന്നോട്ട് വന്നു. റാബിയ ബീഗം അന്തരിച്ച വാര്‍ത്ത വന്നതോടെ ഉമ്മയെ കുറിച്ചുള്ള മറക്കാനാവാത്ത അനുഭവം മഞ്ജു വാര്യരും പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

റാബിയ ബീഗം ഉമ്മ വിട പറഞ്ഞു. കുറച്ചു നാള്‍ മുമ്പ് കോഴിക്കോട്ട് വച്ചാണ് ഉമ്മയെ ആദ്യം കണ്ടത്. വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രെ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളില്‍ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. ഇപ്പോള്‍ ഉമ്മ യാത്ര പറയുമ്പോള്‍ ഹൃദയത്തില്‍ അത് ബാക്കിയാകുന്നത് അറിയുന്നു. സ്‌നേഹമുള്ളവര്‍ കടന്നു പോകുമ്പോള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓര്‍മകള്‍ തന്നെ..

Loading...