പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ്! മനസ് തുറന്ന് സുപ്രിയ മേനോന്‍

Loading...

പൃഥ്വിരാജ് എന്ന നടന്റെ കഴിവ് വര്‍ഷങ്ങളായി മലയാളികള്‍ കണ്ടിട്ടുണ്ടെങ്കിലും സംവിധായകനായ പൃഥ്വിയെ ഇക്കൊല്ലമാണ് എല്ലാവരും കണ്ടത്. സംവിധാനം ചെയ്ത കന്നിച്ചിത്രം തന്നെ മലയാള സിനിമയിലെ ചരിത്ര വിജയമാക്കി മാറ്റിയാണ് പൃഥ്വി യാത്ര തുടങ്ങിയത്. ആദ്യ സംവിധാന സംരഭം ഹിറ്റായതിന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വീണ്ടും സിനിമകള്‍ വരികയാണ്.

അതിന് മുന്‍പ് നായകനാവുന്ന ചിത്രങ്ങളും എത്തും. ലൂസിഫറിന്റെ തിരക്ക് കഴിഞ്ഞതിന് ശേഷം കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ഇപ്പോഴിതാ പൃഥ്വിരാജ് നായകനാവുന്ന മറ്റൊരു സിനിമയുടെ കൂടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ കാര്യം പൃഥ്വിരാജും സുപ്രിയയുമാണ് പുറത്ത് അറിയിച്ചിരിക്കുന്നത്.

ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് നായകനായിട്ടെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് നടന്ന പൂജ ചടങ്ങിനെ കുറിച്ച് പൃഥ്വിരാജ് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചു. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

ഒരു ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രമാണ് പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സ്്. നായകനാവുന്നതിനൊപ്പം പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് ആരംഭിച്ച പുതിയ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജീക് ഫ്രെയിംസും ചേര്‍ന്നാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം റിലീസിനെത്തിയ 9 എന്ന സിനിമയായിരുന്നു ഈ കമ്പനിയു ബാനറില്‍ നിര്‍മ്മിച്ച ആദ്യ ചിത്രം.

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുമ്പോള്‍ സച്ചിയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ നായികയോ മറ്റ് താരങ്ങളോ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല. ഷൂട്ടിങ് തുടങ്ങിയിരിക്കുന്നതിനാല്‍ പിന്നാലെ തന്നെ എത്തുമെന്നാണ് കരുതുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ചിത്രമാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഡ്രൈവിംഗ് ലൈസന്‍സ് എത്തുന്നത്. സുശിന്‍ ശ്യാം സംഗീതം പകരുന്നത്.

കേരളത്തില്‍ ശബരിമസ സ്ത്രീ പ്രവേശന വിധിയെ ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെയായിരുന്നു അയ്യപ്പന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് നായകനായിട്ടെത്തുന്ന ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ടൈറ്റില്‍ പ്രഖ്യാപിച്ചതിനൊപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. കാളിയന്‍ എന്ന ചിത്രമാണ് അതിന് ശേഷം വരാനുള്ളത്. ഈ തിരക്കുകളെല്ലാം ഒന്ന് അവസാനിച്ചതിന് ശേഷമായിരിക്കും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Loading...