പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥിനി പ്രിൻസി നാട്ടിലെ താരമായി

കോഴിക്കോട്:  കിണറ്റിൽവീണ പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ താഴ്ചയുള്ള കിണറ്റിലിറങ്ങിയ പതിനഞ്ചുകാരി പ്രിൻസി പ്രശാന്ത് നാട്ടിൽ താരമായി. പൂച്ച ആക്രമിക്കുമോ എന്ന് ഭയന്ന് കിണറ്റിലിറങ്ങാൻ ആരും മുന്നോട്ടു വരാതിരുന്നപ്പോഴാണ് പ്രിൻസി കിണറ്റിലിറങ്ങാൻ തയ്യാറായത്.

പൂച്ചക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള വെമ്പലിൽ നിന്നുണ്ടായ കാരുണ്യചിന്ത മാത്രമാണ് 15 മീറ്ററോളം താഴ്ചയുള്ള കിണറിലിറങ്ങാൻ പ്രിൻസിയെ പ്രേരിപ്പിച്ചത്. പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥിനിയാണ് പ്രിൻസി. പന്തീരാങ്കാവ് പറമ്പിൽത്തൊടി പ്രശാന്തിന്റെ മകളാണ്.

റോഡരികിലും മറ്റും വാഹനങ്ങൾ തട്ടി പരിക്കേറ്റും ഉപേക്ഷിക്കപ്പെട്ട നിലയിലും കിടക്കുന്ന പൂച്ചയും നായയും ഉൾപ്പെടെയുള്ള ജീവികളെ എടുത്തു കൊണ്ടുവന്ന് ചികിത്സ നൽകി വീട്ടിൽ സംരക്ഷിക്കുന്ന ജീവകാരുണ്യ പ്രവർത്തകനാണ് പ്രശാന്ത്. ഈ വിധത്തിൽ വീട്ടിലെത്തിയ ധാരാളം ജീവികൾക്ക് സംരക്ഷണം നൽകുന്നുണ്ട് പ്രശാന്തും കുടുംബവും. ഇതിൽപ്പെട്ട ഒരു പൂച്ചക്കുഞ്ഞാണ് കിണറ്റിൽ വീണത്.

ആരും തുണയില്ലാത്ത ജീവജാലങ്ങളുടെ സംരക്ഷകരായ കുടുംബത്തിന്റെ മാതൃകാപരമായ സേവനതത്‌പരത, അസാമാന്യമായ ധൈര്യത്തോടെ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് പ്രിൻസി പ്രശാന്ത്.

Loading...