ടിപി വധക്കേസ്സില്‍ ശിക്ഷാകാലാവധി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞനന്തന്‍ ഹൈക്കോടതില്‍

Loading...

ടിപി വധക്കേസ്സില്‍ ശിക്ഷാകാലാവധി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞനന്തന്‍ ഹൈക്കോടതില്‍നിരവധി രോഗ ബാധിതനായ തനിക്ക് ശിക്ഷാ കാലാവധി നിര്‍ത്തിവെക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിരവധി രോഗങ്ങള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുവരെ ആറു വര്‍ഷവും ഏഴു മാസവും ശിക്ഷ അനുഭവിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ടിപി ചന്ദ്ര ശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായി കെകെ രമ നല്‍കിയ പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. തടവുകാരന് എന്തെങ്കിലും തരത്തിലുളള അസുഖം ഉണ്ടെങ്കില്‍ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദത്വം എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാകാലാവധിയില്‍ ഇളവ് തേടിയുളള ഹര്‍ജി.

കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമുളള ആദ്യ 20 മാസത്തിനുളളില്‍ കുഞ്ഞനന്തന് 15 തവണ പരോള്‍ അനുവദിച്ചിരുന്നു.

ഒടുവില്‍ പരോളിലിറങ്ങിയപ്പോഴും പി.കെ കുഞ്ഞനന്തന്റെ പരോള്‍ കാലാവധി സര്‍ക്കാര്‍ മൂന്നാമതും നീട്ടിനല്‍കിയിരുന്നു. ഇതോടെ പരോള്‍വാസം 45 ദിവസമായി വര്‍ധിച്ചിരുന്നു. 2014 ജനുവരിയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് ഇതുവരെ 389 ദിവസത്തെ പരോളാണ് ലഭിച്ചത്. രണ്ടുതവണയായി ആശുപത്രി വാസത്തിനായി 45 ദിവസവും കുഞ്ഞനന്തന് അനുവദിച്ചിരുന്നു.

നിലവില്‍ സിപിഐഎഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തന്‍. ജയിലില്‍ ആയതിന് ശേഷം നടന്ന രണ്ട് സിപിഐഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. പരോളില്‍ പുറത്തുവന്ന് ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തിരുന്നു.

Loading...