പുരുഷനും സ്ത്രീക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണ്;സര്‍ക്കാര്‍ നിലപാടിന് മാറ്റമില്ലെന്ന്;മുഖ്യമന്ത്രി

Loading...

കൊല്ലം: പുരുഷനും സ്ത്രീക്കും തുല്യ ആരാധനാസ്വാതന്ത്ര്യമാണെന്നാണ് എൽഡിഎഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നേരത്തെ തടഞ്ഞത് ഹൈക്കോടതി വിധി നടപ്പാക്കേണ്ടത് കൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു. ശബരിമല സ്ത്രീവ്രവേശന വിഷയത്തിൽ കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്എസിന് കൃത്യമായ അ‍ജണ്ടയുണ്ട്. കേരളത്തിന്‍റെ മതേതരത്വം ഭേദിക്കാന്‍ പല ശ്രമങ്ങള് ആര്‍എസ്എസ് നടത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും പ്രത്യേക നിലപാട് എടുത്തിട്ടില്ല.

സ്ത്രീകള്‍ മുന്‍പും ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ട്. അതിന്‍റെ പ്രധാന സാക്ഷി കുമ്മനം രാജശേഖരനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അന്ന് കുമ്മനം രാജശേഖരന്‍ ഒരു കത്ത് ഹൈക്കോടതി ജഡ്ജിക്ക് അയച്ചത്.  ആ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി ഹൈക്കോടതി അന്ന് പരിഗണിച്ചു. കുമ്മനം രാജശേഖരന്‍ ശബരിമലയിലെ തന്ത്രിക്ക് അയച്ച കത്തും തന്ത്രി അയച്ച മറുപടിയും എല്ലാം കോടതിയുടെ മുന്നിലെത്തി. തന്ത്രിക്കയച്ച കത്തില്‍ പറഞ്ഞ കാര്യം ഇവിടെ സ്ത്രീകള്‍ ധാരാളമായി വരുന്നു, വിവാഹങ്ങള്‍ നടക്കുന്നു, സിനിമ ഷൂട്ടിംഗ് നടക്കുന്നു എന്നാണ്.

സ്ത്രീകള്‍ ഒരു തടസുമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നും പിണറായി പറഞ്ഞു. ഇത് അവസാനിക്കുന്നത് 1991ല്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് വരുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട് പഴയ ഒട്ടേറെ ആചാരങ്ങളും ദുരാചാരങ്ങളും അവസാനിപ്പിച്ചത് ശക്തമായ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. പണ്ട് മാറ് മറക്കാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമില്ലായിരുന്നു. ഇപ്പോള്‍ നമ്മുക്ക് ലഭിച്ചിട്ടുളള അവകാശങ്ങള്‍ ഈ തലമുറ അനുഭവിക്കുമ്പോള്‍ മുമ്പ് നാം എവിടെയായിരുന്നു എന്ന് മനസിലാക്കയിലാണ് കടന്നുവന്ന വഴിയെ പറ്റി കൃത്യമായ ധാരണ കിട്ടുകയുളളൂ- പിണറായി പറഞ്ഞു.

Loading...