മികവഴകിന്റെ പേരൻപ്; നടനത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്. റിവ്യൂ വായിക്കാം

Loading...

ഒറ്റക്കാഴ്ചയിൽ എന്താണ് പുതുമയെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ പുത്തൻ അനുഭവം സമ്മാനിക്കുന്ന മൂന്ന് മണിക്കൂർ അനുഭവമാണ് പേരൻപ്. മമ്മൂട്ടിയിലെ നടന്റെ സി കെ രാഘനിൽ നിന്നുള്ള തിരിച്ചു വരവ്. വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന അമുദവനും(മമ്മുട്ടി) സ്പാസ്റ്റിക് രോഗ ബാധിതയായ  മകൾ പാപ്പായും (സാധന) തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം. തെന്നിന്ത്യയിൽ സമീപകാലത്ത് ഇത്രയും കാത്തിരിപ്പുണ്ടായ ഒരു ചിത്രമുണ്ടായിട്ടുണ്ടാവില്ല. 2016ൽ പേരൻപിന്റെ ചിത്രീകരണം മുതൽ തുടങ്ങിയ കാത്തിരിപ്പ് അസാനിപ്പിച്ച്  തിയേറ്ററിലെത്തിയത് വലിയ നിരൂപക പ്രശംസയുടെ മേലെയാണ്.  തമിഴിലെ മികച്ച സംവിധായകൻ റാം, ആ​ദ്യ സിനിമയിൽ വിസ്മയിപ്പിച്ച സാധന, അഞ്ജലി അമീർ എന്ന ട്രാൻസ് വുമൺ നായിക, ചുരുങ്ങിയ സിനിമകൾ കൊണ്ട് ഛായാ​ഗ്രഹണ രം​ഗത്ത് മികവ് പുലർത്തിയ തേനി ഇൗശ്വർ… ഇങ്ങനെ മുന്നിലും പിന്നിലും ഒരു കൂട്ടം പ്രതിഭകളാണ് പേരൻപിന്റെ അഴക‌്.

വെെകാരിക തലം നിറഞ്ഞ് നിൽക്കുന്ന സന്ദർഭങ്ങളെ പിൻപറ്റിയൊരുക്കിയ ചിത്രം പക്ഷെ നമ്മളെ കണ്ണീർ അണിയിക്കുന്നതിലുപരി അസ്വസ്തരാക്കുകയാണ് ചെയ്യുന്നത്. അച്ഛൻ- മകൾ ബന്ധത്തിൽ ഉൗന്നൽ നൽകുന്ന സിനിമയെന്ന പൊതുസ്വഭാവം നിലനിർത്തുമ്പോഴും പതിവ് റാം ക്രാഫ്റ്റ് സിനിമയിൽ സസൂക്ഷ്മം നിറഞ്ഞ് നിൽക്കുന്നുണ്ട്.

സിനിമ അടിമുടി രാഷ്ട്രീയം കൂടിയാണ്. സമൂഹത്തിന്റെ സ്വഭാവികമെന്ന് തോന്നിപ്പിക്കുന്ന ചില ഇടപെടലുകളെ തുടങ്ങിയ നിർമിച്ച് വെച്ചിട്ടുള്ള പൊതുബോധങ്ങളെ വരെ സിനിമ ചോദ്യം ചെയ്യുന്നുണ്ട്. പേരൻപ് എന്ന സിനിമയുടെ  ക്യാപ്ഷൻ   ഉയിർത്തെഴുന്നേൽപ്പ് എന്ന് അർത്ഥമുള്ള Resurrection എന്നാണ്. ഒരു ആണിൽ നിന്ന് പാപ്പായുടെ അച്ഛൻ അമുദവനായുള്ള ഉയർത്തെഴുന്നേൽപ്പാണ് “ഇയർക്കൈ വെറുപ്പാനത്’ തുടങ്ങി “ഇയർക്കൈ പേരൻപാന’തിൽ അവസാനിക്കുന്ന സിനിമ.

മനുഷ്യരുടെ പ്രശ്നങ്ങളോട് പ്രത്യേകിച്ച് ശാരീരിക അവശത അനുഭവിക്കുന്നവരോട് സമൂഹം പുലർത്തുന്നൊരുതരം ക്രൂരതയുണ്ട്. തങ്ങളുടെ ജീവിത ആഘോഷത്തിനു ഇവർ തടസമാണെന്ന വാദമുയർത്തി ഭൂരിപക്ഷത്തിന്റെ അന്യായം അടിച്ചേൽപ്പിക്കും. ഇല്ലെങ്കിൽ സ്നേഹ പ്രകടനമെന്ന പേരിൽ സങ്കടം വാരിവിതറും. ഇത് രണ്ടും ഇവരെ കൊണ്ടെത്തിക്കുന്ന മാനസിക പ്രതിസന്ധി വളരെ വലുതാണ്. ഇങ്ങനെയുള്ള പ്രതിസന്ധിയിൽ നിന്നു പാപ്പായെ രക്ഷിക്കാനുള്ള അമുദന്റെ ഒാട്ടം ചെന്ന് നിൽക്കുന്നത് കുരുവികൾ ചാകാത്ത, ആളുകളുടെ ശല്യമില്ലാത്ത ഒരിടതാണ്.

പാപ്പയുടെ അപരിചിതനായ അമുദനിൽ നിന്നു പാപ്പ മനസിലാക്കുന്ന അച്ഛനാവാനുള്ള ശ്രമമാണ് സിനിമ. അതിനായി അയാൾ പാപ്പയെ പോലെ നടക്കാൻ ശ്രമിക്കുന്നു, സ്വന്തം ചേഷ്ഠകൾ വരെ മാറ്റാൻ ശ്രമിക്കുന്ന രം​ഗമുണ്ട് സിനിമയിൽ. സമീപകാലത്ത് മലയാള സിനിമ മറന്ന മമ്മുട്ടിയെന്ന പ്രതിഭയുടെ പകർന്നാട്ടത്താൽ സമ്പന്നമാണ് പേരൻപ്.  കൂളിങ് ​ഗ്ലാസിൽ തുടങ്ങി ഷർട്ടിന്റെ ഭം​ഗിവരെ നോക്കി ​​ഗംഭീരമെന്ന് വിളിച്ചു പറയുന്ന ആരാധകൂട്ടത്തിനൊരു ഒാർമപ്പെടുത്തൽ കൂടിയാണ് സിനിമ.

മമ്മുട്ടിയെന്ന നടനാണ് പേരൻപിന്റെ ഉയിര്. വെെകാരിക രം​ഗങ്ങളിൽ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ എന്നതിന് മറ്റൊരു പേര് ഇന്ത്യൻ സിനിമയിൽ ഇല്ലെന്ന വാദം അരക്കിട്ട് ഉറപ്പിക്കുകയാണ് അമുദവന്റെ പ്രകടനം. ഒരു പുരുഷന്റെ ശരീരഭാഷയിൽ ഒളിച്ചോടി പോയ ഭാര്യയെയടക്കം ഉൾകൊള്ളുന്ന മനുഷ്യനായി 147 മിനിറ്റുകൾ കൊണ്ട് അയാൾ മാറുന്നുണ്ട്. പാപ്പയെ മനസിലാക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് ആ മാറ്റങ്ങളുടെ തുടക്കവും. തന്റെ മകൾക്ക് സമൂഹം നിഷേധിക്കുന്ന മനുഷത്വം മറ്റുള്ളവർക്ക് നൽകുന്നുണ്ട് അമുദവൻ. ഇൗ മാറ്റത്തിനൊപ്പം തന്നെ മാറുന്ന ഭാവവും ശരീരഭാഷയുമെല്ലാമാണ് പേരൻപ്പിലെ അമുദവൻ. ആ കഥാപാത്രസൃഷ്ടി മൂന്ന് സ്ത്രീകളിലൂടെയാണ്. പാപ്പയെ കൂടാതെ വിജി (അഞ്ജലി), മീര (അഞ്ജലി അമീർ) എന്നവരുടെ കടന്ന് വരവും അതിലൂടെയുണ്ടാവുന്ന മാറ്റങ്ങളെല്ലാം  വരച്ചിടുകയാണ് ചിത്രം

മമ്മൂട്ടിയിലെ പ്രതിഭയെ സമീപകാലത്തെങ്ങും ഇല്ലാത്തവിധം ഇത്രയും കൃത്യമായി പകർത്തിയ സംവിധാനയകൻ റാമിനാണ് കെെയടി. തങ്കമീൻകൾ, താരാമണി തുടങ്ങിയ ചിത്രങ്ങളിൽ ഉപയോ​ഗിച്ചിട്ടുള്ള അതേ ശെെലി തന്നെയാണ് പിൻതുടരുന്നത്. സിനിമയുടെ വിഷയത്തിനോട് മാത്രം നീതി പുലർത്തി, മറ്റു കച്ചവട ആസ്വാദന ഫോർമുലകൾക്ക് ഇട നൽകാതെയാണ് പേരൻപ് ഒരുക്കിയിട്ടുള്ളത്. ഇതുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദവിന്യാസങ്ങളും അന്യാവശ്യമായ കട്ടുകളുമൊക്കെ സിനിമയ്ക്ക് അന്യമാണ്. സിനിമ ആവശ്യപ്പെടുന്ന ലോങ് ഷോട്ടുകളിലൂടെയും വെെഡ് ഫ്രെയിമുകളുമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അപ്പോഴും പോപ്പുലർ സിനിമയോട് പേരൻപ് കിടപിടിക്കുന്നുണ്ട്‌. സിനിമയോടുള്ള സംവിധായകന്റെ സത്യസന്ധമായ ഇടപെടലിലൂടെയാണിത്‌. സിനിമയെ ​ഗൗരവത്തോടെ നോക്കി കാണുന്നവർക്ക് ഒരു പാഠപുസ്തകമാണ് ചിത്രം.

എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം സാധനയുടേതാണ്. സെറിബ്രല്‍ പാര്‍സി ബാധിച്ചവ കഥാപാത്രം തീവ്രമാക്കുന്ന ചിലനോട്ടങ്ങളും ഭാവ വ്യത്യാസങ്ങളിലൂടെയെല്ലാം പാപ്പയുടെ ആ​ഗ്രഹങ്ങൾ, പ്രശ്നങ്ങൾ, വാശിയൊക്കെ മനോഹരമായി വരച്ചിടുന്നുണ്ട് സാധന. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ സിനിമയിലെത്തിയ സാധനയുടെ പ്രകടനം പലപ്പോഴും പ്രേക്ഷകനെ അസ്വസ്തമാക്കും. ഇങ്ങനെയൊരു രോ​ഗബാധിതയാണ് സാധനയെന്ന് വിശ്വസിപ്പിക്കുന്ന തലത്തിലേക്ക് ഉയരുന്നുണ്ട് പ്രകടനം.

ആർത്തവം അശുദ്ധമാണെന്ന‌് സ്ഥാപിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നിടത്തേക്കാണ് അത് ജെെവിക പ്രക്രിയയാണെന്ന്  അവതരിപ്പിക്കുന്ന റാമിന്റെ രാഷ്ട്രീയ നിലപാടായി പേരൻപ് ഉയരുന്നത‌് . ട്രാൻസ് കഥാപാത്രമായ മീരയുടെ കഥാപാത്ര സൃഷ്ടിയും അതിനെ കൃത്രിമത്വം തോന്നിപ്പിക്കാതെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളോട് തിരക്കഥാകൃത്ത‌് കൂടിയായ സംവിധായകൻ പുലർത്തുന്ന സത്യസന്ധത സിനിമയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയുടെ രാഷ്ട്രീയം എടുത്ത് പറയേണ്ടതാണ്. സ്ത്രീയെന്നും ആണിനു കീഴിലാണെന്ന് വീണ്ടും വീണ്ടും പറയുന്ന കച്ചവട സിനിമ ഭൂരിപക്ഷത്തിലേക്ക‌് അതങ്ങനെയല്ല എന്ന‌് പറഞ്ഞുകൊണ്ടാണ‌് പേരൻപിലെ സ്ത്രീകൾ വരുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ആളുടെയൊപ്പം പോകുന്ന അമുദന്റെ ഭാര്യയായിരുന്ന സ്ത്രീയുടെ കഥാപാത്രത്തിൽ തുടങ്ങി മീരയെന്ന ട്രാൻസ് കഥാപാത്രം വരെയുള്ളവരുടെ അവതരണം ഇതിന്റെ തെളിവാണ്. ആർത്തവം പോലെ ലെെം​ഗികതയും ജെെവികമാണെന്നും സിനിമ ഉറക്കെ പറയുന്നു.

മമ്മുട്ടിയുടെ നടന മികവിന് ലഭിച്ച കെെയടി അദ്ദേഹത്തിന്റെ താരശരീരത്തിനെ നിർജീവമാക്കി നടനെ പുനർജനിപ്പിച്ചതിന് കൂടിയാണ്. സിനിമയുടെ വാർപ്പ് മാതൃകകളെ തകർക്കുന്ന സിനിമയുടെ കെെയടി റാം എന്ന ഫിലിം മേക്കർ തന്നെയാണ്.

Loading...