Categories
Talks and Topics

കർഷക പ്രക്ഷോഭം : മുന്നേറ്റവഴി കാട്ടി കേരളം , നിയമ പോരാട്ടത്തിലേക്കും

രാജ്യത്തിന്റെ കാർഷിക വിളകളുടെ സംഭരണവും വിലനിർണയവും പൂർണമായി വൻകിട കോർപ്പറേറ്റ് ഭീമന്മാർക്ക് വിഴുങ്ങാൻ വിട്ടുകൊടുക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ഐതിഹാസിക പ്രക്ഷോഭത്തിന് സക്രിയ പിന്തുണയുമായി കേരള സർക്കാർ.

കോടിക്കണക്കിന് കൃഷിക്കാരുടെ ജീവിതത്തെയെന്ന പോലെ സംസ്ഥാന താല്പര്യങ്ങളെയും ഹനിക്കുന്ന നിയമങ്ങളെ സുപ്രീം കോടതിയിൽ ചോദ്യംചെയ്യാനുള്ള തീരുമാനം ഏറ്റവും ഉചിതമായ ഐക്യദാർഢ്യ പ്രഖ്യാപനമാണ്. കരകയറാനാവാത്ത കഷ്ടപ്പാടുകൾക്ക് നടുവിൽ നാടിനെ തീറ്റിപ്പോറ്റാൻ പാടുപെടുന്ന കർഷകരോടുള്ള കൂറും സഹാനുഭൂതിയും നിറഞ്ഞ നിലപാടാണ് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറിന്റെ എഫ് ബി സന്ദേശത്തിൽ തെളിയുന്നത്.

മാത്രമല്ല, ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറൽ തത്ത്വങ്ങൾ അട്ടിമറിക്കുന്ന അമിതാധികാര പ്രവണതയ്ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടംകൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചൊവ്വാഴ്ചത്തെ ചരിതപ്രധാന ദേശീയ ഹർത്താലിലൂടെ അന്തിമഘട്ടത്തിലേക്ക് ചുവടുവെച്ച കർഷകമുന്നേറ്റത്തിന് സർവനിലയ്ക്കും ഈ നിലപാട്
ആവേശം പകരും.

ബി ജെ പി ഇതര ഭരണമുള്ള മറ്റു സംസ്ഥാനങ്ങൾക്കും കേരളം പുതിയ ദിശാബോധം നൽകും .
അധികാരവികേന്ദ്രീകരണവും പങ്കുവെക്കലുമാണ് ജനാധിപത്യത്തിന്റെ ജീവവായു. അതുകൊണ്ടുതന്നെയാണ് വിശാലഭാവനയും ദീർഘവീക്ഷണവുമുള്ള ഭരണഘടനാശില്പികൾ കേന്ദ്ര- സംസ്ഥാന പരിധിയിൽ വരുന്ന വിഷയങ്ങൾ വെവ്വേറെ വിഭജിച്ച് വ്യവസ്ഥ ചെയ്തത്.

തുല്യാധികാരമുള്ളതും കൂട്ടുത്തരവാദിത്തമുള്ളതുമായ മേഖലകളും പ്രത്യേകം നിർണയിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് സംസ്ഥാനങ്ങളുമായി ചർച്ചചെയ്തും അഭിപ്രായ സമന്വയത്തിലെത്തിയുമേ കാർഷിക മേഖലയിൽ കേന്ദ്രനിയമം പാടുള്ളൂ.

എന്നാൽ അത്തരം അനുശാസനങ്ങളെല്ലാം കാറ്റിൽ പറത്തി കോർപ്പറേറ്റ് പ്രമാണിമാരുമായി മാത്രം കൂടിയാലോചിച്ച്, പാർലമെന്റിനുപോലും വിശദമായ വിലയിരുത്തലിന് അവസരം നൽകാതെയാണ് മൂന്ന് കാർഷിക വിരുദ്ധനിയമങ്ങളും നിർമിച്ചത്. കോവി ഡ് മഹാമാരിയുടെ ബദ്ധപ്പാടുകൾ മറയാക്കി സെപ്തംബർ 27 – ന് തിടുക്കപ്പെട്ട് പാസാക്കിയെടുക്കുകയായിരുന്നു ഈ കർഷകദ്രോഹ നിയമങ്ങളത്രയും . ഇത്തരം അതിരുവിടൽ ഘട്ടത്തിൽ സംസ്ഥാനതാല്പര്യങ്ങൾ പരിരക്ഷിക്കുന്ന നിയമ നിർമാണത്തിന് ഭരണഘടനയുടെ 304 (ബി) അനുഛേദപ്രകാരമുള്ള അവകാശം മന്ത്രി സൂചിപ്പിച്ചതും വെറുതെയല്ല.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ പെടുന്ന കൃഷിയും അനുബന്ധ വിഷയങ്ങളും കൺകറന്റ് ലിസ്റ്റിലുള്ളതാണ്. അത് മാനിക്കാതെയുള്ള കരിനിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറയുന്നതും തികച്ചും നീതിയുക്തം.
ഇക്കാര്യത്തിൽ നിയമവശങ്ങൾ സർക്കാർ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈയാഴ്ചതന്നെ സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നിർദേശവും അഡ്വക്കറ്റ് ജനറലിന് നൽകിക്കഴിഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍പ്പെടുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തി പിടിമുറുക്കാൻ തുനിയുന്നത് ഇതാദ്യമല്ല. സമവർത്തിത പട്ടികയിലുള്ള വിദ്യാഭ്യാസരംഗത്തും വൈദുതി മേഖലയിലും ഈയിടെ ഏകപക്ഷീയമായി സ്വകാര്യമേഖലയ്ക്ക് അനുകൂലമായ നയപ്രഖ്യാപനം നടത്തിയത് വിവാദമായിരുന്നു.
രാജ്യത്തിന്റെ ഭക്ഷ്യ ഉല്പാദന- വിതരണരംഗം കുത്തക കമ്പനികൾക്ക് അടിയറവെക്കുന്നത് കർഷകരെ തീരാദുരിതത്തിലാഴ്ത്തുമെന്ന് ഉറപ്പാണ്.

ഉല്പാദനച്ചെലവ് ഒത്തുകിട്ടാതെ സ്വതവേ കടക്കെണിയിൽപ്പെട്ട് ഉഴലുന്നവരാണ് കൃഷിക്കാരിൽ ഭൂരിഭാഗവും. 85 ശതമാനത്തോളം കർഷകരും അഞ്ചേക്കറിൽ താഴെ ഭൂമിയുള്ളവരാണ്. താങ്ങുവില നൽകിയുള്ള മൊത്തസംഭരണത്തിൽനിന്ന് സർക്കാർ ഏജൻസികൾ പിന്മാറുന്നത് അവരുടെ കഞ്ഞിയിൽ പാറ്റവീഴ്ത്തും.

കൃഷിച്ചെലവിനേക്കാൾ 50 ശതമാനം മിച്ചം കർഷകർക്ക് ലഭിക്കുന്ന വിധത്തിലാവണം താങ്ങുവില നിർണയിക്കേണ്ടത് എന്നാണ് എം എസ് സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്തിരുന്നത്. 2006 ൽ കോൺഗ്രസ് നയിച്ച ആദ്യ യു പി എ ഗവർമെണ്ടിനാണ് ആ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ അന്നോ പിന്നീടോ ഒരു ഭരണത്തിലും അത് തിരിഞ്ഞുനോക്കിയില്ല. പ്രാഥമിക കാർഷികോല്പന്ന വിപണന സമിതി നിയമം ഭേദഗതി ചെയ്യുന്നതിന് 2010 ൽ ആലോചന തുടങ്ങിയിരുന്നു.

അതിന്റെ ഭാഗമായി എല്ലാ മുഖ്യമന്ത്രിമാർക്കും അന്നത്തെ ഭക്ഷ്യ മന്ത്രി ശരത് പവാർ കത്തെഴുതി. അത് ഫെഡറൽ തത്ത്വങ്ങളുടെ അടിസ്ഥാനത്തിനുള്ള സമവായത്തിന് സാഹചര്യമൊരുക്കാനായിരുന്നു. ആ ശരിയായ സമീപനരീതിയാണ് ബി ജെ പി സർക്കാർ ഇപ്പോൾ അട്ടിമറിച്ചത്.

ദേശീയതലത്തിൽ അരിയും ഗോതമ്പും ഉൾപ്പെടെ 23 ഭക്ഷ്യവസ്തുക്കൾക്കാണ് താങ്ങുവില ബാധകമാവുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന വില അപര്യാപ്തമാവുന്നതിനാൽ സംസ്ഥാനങ്ങളുടെ സബ്സിഡിയോടെ അത് ഉയർത്തിക്കൊടുക്കാറുണ്ട്. നെല്ലിന് കേന്ദ്രത്തിന്റെ വില കിലോവിന് 18 രൂപയാണ്.

സംസ്ഥാനം അത് 27 രൂപയ്ക്ക് മുകളിലാക്കി നൽകുന്നു. ഇത്തരം ആശ്വാസങ്ങളെല്ലാം കുത്തകകളുടെ ആധിപത്യത്തോടെടെ ഇല്ലാതാവും .
നിലവിൽ മൊത്ത സംഭരണ ഗോഡൗണുകളും കോൾഡ് സ്റ്റോറേജുമെല്ലാം എഫ് സി ഐ യുടെയും മറ്റും ഉടമസ്ഥതയിലാണ്.

കൃഷിക്കാർക്ക് അവ സൗജന്യനിരക്കിൽ ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. ഇനി വില നിർണയവും സംഭരണവുമെല്ലാം കോർപ്പറേറ്റ് കമ്പനികളുടെ ഇഷ്ടാനുസരണമാവും. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നതിലെ നിയന്ത്രണങ്ങൾ എടുത്തുകളയുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും കരിഞ്ചയ്ക്കും ഇടയാക്കിയേക്കും.

സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം നിലവിലുള്ള കേരളത്തെ ഭക്ഷ്യ വസ്തുരംഗത്തെ സ്വകാര്യ കുത്തകവൽക്കരണം പ്രതികൂലമായി ബാധിക്കും. ലോകത്തിനുതന്നെ മാതൃകയാണ് നമ്മുടെ ഭക്ഷ്യ പൊതുവിതരണ
സംവിധാനം . അതിന്റെയൊക്കെ ഭാവി കണ്ടറിയേണ്ടിവരും. ഭഷ്യമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബി ജെ പി യുടെ എം പി ശാന്തകുമാർ അധ്യക്ഷനായ കമ്മീഷനെ കേന്ദ്രം നിയോഗിച്ചിരുന്നു.

ന്യായവില ഷോപ്പ് സമ്പ്രദായമേ നിർത്തലാക്കാനാണ് അദ്ദേഹം നൽകിയ ശുപാർശ . റേഷന് അർഹതയുള്ളവരുടെ എണ്ണം 67 ശതമാനത്തിൽ നിന്ന് 40 ലേക്ക് വെട്ടിക്കുറച്ചത് അതിന്റെ തുടക്കമാണ്. പകരം പാചക വാതക സിലിണ്ടറിന്റേതു പോലെ ബാങ്കുകൾ വഴി അർഹത പ്പെട്ടവർക്കുമാത്രം സബ്സിഡി അനുവദിക്കലാണ് പരിഗണനയിൽ .

കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ വിധത്തില്‍ കരാര്‍ കൃഷി
പ്രോത്സാഹിപ്പിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ഉദ്ദേശിക്കുന്നത്. കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമറും മറ്റും ഈ കൂട്ടിക്കൊടുപ്പിന് മാപ്പുസാക്ഷികളാണ്. നിലവിലുള്ള പൊതു പ്രാഥമിക വിപണന സമിതിക്ക് കീഴിലെ എ പി എം സി മാര്‍ക്കറ്റുകള്‍ നിയമ പരിഷ്ക്കരണത്തോടെ ഇല്ലാതാവും .

കര്‍ഷകര്‍ക്ക് എവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെന്ന പേരില്‍
സ്വകാര്യവിപണികള്‍ തുറക്കലാണ് അനുബന്ധ സംവിധാനമായി നിർദേശിക്കുന്നത്. ഉല്പന്ന വിലനിർണയവും സംഭരണവും വൻകിട കമ്പനികളുടെ സമ്പൂർണ നിയന്ത്രണത്തിലാവുന്നതോടെ കൃഷിക്കാർ അവരുടെ ആശ്രിതരായി മാറേണ്ടിവരും. വയനാട്ടിലെ കാപ്പി കൃഷിക്കാർക്കുണ്ടായ ദുരവസ്ഥ അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക്
അര്‍ഹമായ കാർഷിക ധനസഹായം ലഭിക്കണമെങ്കില്‍ ഈ കരിനിയമങ്ങള്‍
നടപ്പാക്കിയേ തീരൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശഠിക്കുന്നത്. മാത്രമല്ല, ഇതിനുവേണ്ടി സംസ്ഥാന ഉദ്യോഗസ്ഥരിൽ തുടർച്ചയായി സമ്മര്‍ദ്ദം
ചെലുത്തിവരുന്നുണ്ടുതാനും.

എന്നാൽ ഇത്തരം വഴിവിട്ട ഇടപെടലുകൾക്കൊന്നും വഴങ്ങിക്കൊടുക്കാൻ കേരളം ഒരുക്കമല്ല.
സഹകരണ സ്ഥാപനങ്ങളുമായി
ചേര്‍ന്നുകൊണ്ടുള്ള കൂട്ടുകൃഷിയും കാര്‍ഷിക വ്യവസായ സംരംഭങ്ങളും
വഴി പ്രതിരോധം തീര്‍ക്കാനും കുത്തകകളുടെ അധിനിവേശത്തെ
ചെറുക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുറപ്പാട്.

വിറങ്ങലിച്ചുപോകുന്ന കൊടും തണുപ്പിനെയും കേന്ദ്ര ഭരണകൂടത്തിന്റെ വേട്ടയാടൽ നടപടികളെയും വകവെക്കാതെ സമരപാതയിൽ കരുത്തോടെ മുന്നേറുന്ന ഉത്തരേന്ത്യയിലെ കർഷകലക്ഷങ്ങൾക്ക് എല്ലാ നിലയ്ക്കും പ്രചോദനമേകുന്നതാണ് കേരളത്തിന്റെ മാതൃക. അഖിലേന്ത്യാ കിസാൻ സഭ ഉൾപ്പെടെ നൂറു കണക്കിന് കർഷക സംഘടനകൾ കക്ഷിരാഷ്ടീയത്തിന്റെ അതിർവരമ്പുകൾ മറന്നാണ് ഒരേ മനസ്സോടെ രാജ്യ തലസ്ഥാനത്തെ വളഞ്ഞിരിക്കുന്നത്.

അഖിലേന്ത്യാ കിസാൻ സംഘ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയോളമായി ഡെൽഹി ദേശീയ പാതയിൽ തുടരുന്ന അതിശക്തമായ പ്രക്ഷോഭം ചൊവ്വാഴ്ചത്തെ ഭാരത ഹർത്താലോടെ മോദിവാഴ്ചയ്ക്ക് അന്ത്യശാസനം നൽകിയിരിക്കയാണ് – കോർപ്പറേറ്റ് കുബേരന്മാർക്കുവേണ്ടി കർഷകരുടെ നട്ടെല്ലൊടിക്കുന്ന കരിനിയമങ്ങൾ ഉടൻ റദ്ദാക്കുക.

കർഷകരെ ചതിക്കിടങ്ങുകളിൽ വീഴ്ത്തി അടിച്ചമർത്താമെന്ന വ്യാമോഹം വെടിഞ്ഞ് മാന്യമായി ഒത്തുതീർപ്പിന് മുന്നോട്ടുവരിക. ഇന്ത്യൻ ജനതയുടെ പൊതുമനസ്സാക്ഷിയുടെ ഉശിരൻ പിൻബലമുള്ള ഈ പോരാട്ടത്തിനു മുമ്പിൽ നിങ്ങൾ മുട്ടുമടക്കേണ്ടിവരികതന്നെ ചെയ്യും.

– കെ വി –

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The Government of Kerala has actively supported the historic agitation against the central policy of leaving the procurement and pricing of the country's agricultural crops entirely to the big corporate giants.

NEWS ROUND UP