ബ്രാ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഇത് വായിക്കണം :ഡോ.ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് ഡോ.ഷിനു ശ്യാമളന്‍. അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവനവന്റെ ശരീരത്തിന് ഇണങ്ങുന്നതും പാകമാകുന്നതും തിരഞ്ഞെടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു. അടിവസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കുറിച്ചും ഡോക്ടര്‍ കുറിപ്പില്‍ വിവരിക്കുന്നുണ്ട്.

ഡോ.ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്….

വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കുകയും അടിവസ്ത്രങ്ങള്‍ മുറിയുടെ ഒരു മൂലയ്ക്ക് വെയിലു തട്ടാതെ, ആരും കാണാതെ പലരും ഉണക്കുന്നതും നാം കാണാറുണ്ട്. രോഗാണുക്കള്‍ നശിക്കുവാന്‍ സൂര്യ രശ്മികള്‍ നല്ലതാണ്. മുറിയിലും മറ്റുമിട്ട് വെയിലടിക്കാതെ ഉണക്കിയാല്‍ നനവ് നിന്ന് അണുക്കള്‍ നശിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍ അണുബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് അടിവസ്ത്രങ്ങളും വെയിലത്തു അയയിലിട്ടു ഉണക്കുക.

ആദ്യകാലത്ത് മനുഷ്യന്‍ ഒരു തുണിയാണ് അടിവസ്ത്രമായി ഉപയോഗിച്ചിരുന്നത്. പിന്നീടത് ത്രികോണ രൂപത്തിലുള്ള തുണിയായി. പെറ്റിക്കോട്ട് പോലത്തെ വസ്ത്രം ഒരു കാലത്ത് സ്ത്രീകള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വിവിധ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ലഭ്യമാണ്. മുറുക്കമുള്ളവ കഴിവതും ഉറങ്ങുമ്പോള്‍ ഒഴിവാക്കുക. നിങ്ങളുടെ ബിക്കിനി ലൈനില്‍ പാട് വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ മുറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരാകാം.

സ്ത്രീകള്‍ക്ക് സ്തനങ്ങള്‍ക്ക് താഴെയായി പാട് വരുകയോ അല്ലെങ്കില്‍ ബ്രായുടെ വള്ളികള്‍ മുറുകിയ പാടുകള്‍, അല്ലെങ്കില്‍ ബ്രീഫ്സ് ഇടുന്നത് കൊണ്ട് ബിക്കിനി ലൈനില്‍ പാടുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ ഇറുകിയ അടിവസ്ത്രങ്ങളാകും ഉപയോഗിക്കുന്നത്.

ബ്രാ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഇന്ന് കൂടി വരുന്നു. അവയിടുന്ന സമയത്തു സ്തനങ്ങള്‍ക്ക് നല്ല ഷേപ്പില്‍ നിര്‍ത്തുന്നു. ഏതുതരം ബ്രാ ആണെങ്കിലും സ്തനങ്ങള്‍ക്ക് അവയിടുന്ന സമയത്തു സപ്പോര്‍ട്ട് തരുന്നു. പ്രസവത്തിന് ശേഷവും, പ്രായമേറുമ്പോഴും സ്തനങ്ങള്‍ തൂങ്ങുന്നതിന് ബ്രായുമായി ഒരു ബന്ധവുമില്ല.

കറുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ വരാം എന്നതിനെ കുറിച്ചു തെളിവൊന്നുമില്ല. പക്ഷെ ചൂട് കാലത്ത് കറുത്തനിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലത്.

ദിവസവും അടിവസ്ത്രങ്ങള്‍ മാറണം. നനവ് പറ്റിയാല്‍ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ അടിവസ്ത്രങ്ങള്‍ മാറ്റുന്നതില്‍ ഒരു കുഴപ്പവുമില്ല. നനവ് നിന്നാല്‍ രോഗാണുക്കള്‍ മൂലം അസുഖങ്ങള്‍ വരാം. ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറും.

നിങ്ങള്‍ക്ക് ആവശ്യമുള്ള സൈസിലുള്ള ബ്രാ, ബ്രീഫ്സ് വാങ്ങുക. ഇലാസ്റ്റിക് ഉണ്ടെന്നും പറഞ്ഞു 85 cm അളവിലുള്ള അടിവസ്ത്രം വെണ്ടൊരാള്‍ 75 cm വാങ്ങി ഉപയോഗിക്കുന്നത് നന്നല്ല. കഴിവതും ഇലാസ്റ്റിക് ഉള്ള ഭാഗത്തും പുറമെ തുണി കൊണ്ട് ഇലാസ്റ്റിക് മൂടിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ ഇലാസ്റ്റിക് ഇല്ലാതെ തുണി കൊണ്ട് മാത്രം നിര്‍മ്മിച്ചവയും ഇന്ന് സുലഭമായി ലഭിക്കും.

ബീജത്തിന്റെ ഉല്‍പ്പാദനത്തിനും, പ്രവര്‍ത്തനത്തിനും ശരീര താപനിലയേക്കാള്‍ കുറവ് താപനില മതി. ശരീരത്തിന്റെ പുറത്തുള്ള സ്‌ക്രോട്ടത്തിലുള്ള ടെസ്റ്റീസിലാണ് ബീജങ്ങള്‍ ഉണ്ടാവുന്നത്. 37 ഡിഗ്രി ശരീര താപനിലയേക്കാള്‍ രണ്ടോ, മൂന്നോ ഡിഗ്രി ചൂട് കുറവാണ് ടെസ്റ്റീസില്‍.

ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു പക്ഷെ ഈ താപനിലയെ ബാധിക്കാം. അതുപോലെ മുറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു പക്ഷെ ടെസ്റ്റീസിലെ താപനില കൂടി, ബീജം ഉണ്ടാകുന്നതിനും, അവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം.

എന്തായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. എന്നാലും കഴിവതും മുറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാതെയിരിക്കുക.

വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കുകയും അടിവസ്ത്രങ്ങൾ മുറിയുടെ ഒരു മൂലയ്ക്ക് വെയിലു തട്ടാതെ, ആരും കാണാതെ പലരും ഉണക്കുന്നതും…

Posted by DrShinu Syamalan on Tuesday, 20 November 2018

Loading...