പലസ്തീനില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ നരനായാട്ട്;വെടിവെയ്പില്‍ പൊലിഞ്ഞത് സൈന്യത്തിന്‍റെ അക്രമത്തില്‍ പരിക്കേറ്റവരെ പരിചരിച്ചു കൊണ്ടിരുന്ന കൊച്ചു മാലാഖ

Loading...

പലസ്തീനില്‍ ഇസ്രയേല്‍ സൈന്യത്തിന്റ കൊടുംക്രൂരത തുടരുന്നു. ഇന്നലെ നടന്ന സേനയുടെ  വെടിവെയ്പില്‍ പൊലിഞ്ഞത് ദുരന്തമുഖത്ത് പരിചരിച്ചുകൊണ്ടിരുന്ന കൊച്ചു ഡോക്ടറുടെ ജീവന്‍. സൈന്യത്തിന്റെ അക്രമത്തില്‍ മുറിവേറ്റവര്‍ക്ക് മരുന്ന് നല്‍കാന്‍ ഓടുന്നതിനിടെയാണ് സൈന്യം ഇരുപത്തൊന്നുകാരിയായ റസാന്‍ അല്‍ നജ്ജാറിന്റെ നെഞ്ചില്‍ വെടിയുതിര്‍ത്തത്. ഗാസ അതിര്‍ത്തിയിലെ ഖാന്‍ യൂനുസിലാണ് നജ്ജാര്‍ വെടിയേറ്റ് വീണത്.

രണ്ടുമാസമായി തുടരുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഏകദേശം നൂറ്റിയിരുപത്തിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ‘നജ്ജാറിന്റെ നെഞ്ചില്‍ സൈന്യം വെടിവെയ്ക്കുമ്പോള്‍ അവള്‍ വെളുത്ത യൂണിഫോം ആണ് ധരിച്ചിരുന്നത്’ എന്ന് പലസ്തീന്‍  വക്താവായ അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

എല്ലാവരും കാണുന്ന രീതിയില്‍ നജ്ജാര്‍ ഇരുകൈകളുമുയര്‍ത്തി അടയാളം കാണിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രവര്‍ത്തക എന്ന് തിരിച്ചറിഞ്ഞിട്ടും സൈന്യം നിറയൊഴിക്കുകയായിരുന്നു. വെളള യൂണിഫോം ധരിച്ച റസാന്റെ നെഞ്ചിലേക്ക് സൈന്യം നിയമങ്ങളെല്ലാം ലംഘിച്ചാണ് വെടിയുതിര്‍ത്തത്.

അതിര്‍ത്തിയില്‍ അഞ്ച് സ്ഥലങ്ങളിലായി ആയിരക്കണക്കിന് പ്രക്ഷോഭക്കാര്‍ ഉണ്ടായിരുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. സുരക്ഷാ വേലിക്ക് സമീപമുള്ള ടയറുകള്‍ കത്തിച്ച് സുരക്ഷ സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് വെടിവെയ്പ്പുണ്ടായതെന്നാണ് സൈന്യത്തിന്റെ വാദം.

പാരാ മെഡിക്കല്‍ സംഘത്തിലെ അംഗമായ നജ്ജാര്‍ ഗാസയിലെത്തിയത് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ പരിക്കേല്‍ക്കുന്ന പലസ്തീനികളെ ചികിത്സിക്കാനായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ ഓടിനടക്കുകയായിരുന്നു നജ്ജാര്‍. ഗാസ അതിര്‍ത്തിയില്‍ വെടിയേറ്റ് പിടയുന്നവര്‍ക്ക് ഉടനടി ചികിത്സ നല്‍കുന്ന നജ്ജാര്‍ എന്ന കൊച്ചു ഡോക്ടറുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ലോകം കണ്ടിരുന്നു. ഗാസ അതിര്‍ത്തിയിലെ അവസാനിക്കാത്ത സംഘര്‍ഷത്തിന്റെ ഒടുവിലത്തെ ഇരയാണ് ഈ പലസ്തീന്‍ മാലാഖ.

Loading...