കശ്മീരിലെ ജനങ്ങൾ മനുഷ്യാവകാശ ലംഘനം നേരിടുന്നു;ഇന്ത്യയുമായി ചര്‍ച്ചയാവാം;ഇമ്രാന്‍ ഖാന്‍

ന്യൂസ്‌ ഡെസ്ക്

ലാഹോർ: ഇന്ത്യയുമായി ചർച്ചയാകാമെന്ന നിർദ്ദേശം മുന്നോട്ടു വച്ച് ഇമ്രാൻ ഖാൻ. കശ്മീരാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന തർക്കമെന്നും ഇമ്രാൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇമ്രാൻ സൈന്യത്തിൻറെ പിണിയാളെന്ന് ആരോപിച്ച് കേന്ദ്രമന്ത്രിമാർ രംഗത്തു വന്നു. തിരഞ്ഞെടുപ്പിലെ നിഷ്പക്ഷതയെ വിമർശിച്ച് അമേരിക്കയുടെ നടപടിയും ശ്രദ്ധേയമായി.

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മുഖ്യതർക്കവിഷയം കഷ്മീരാണ്. അവിടുത്തെ ജനങ്ങൾ മനുഷ്യവകാശലംഘനം നേരിടുന്നു. ഇരു രാജ്യങ്ങൾക്കും ഒരു മേശയിലിരുന്ന് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാം. ഇമ്രാൻ പറയുന്നു. ഇന്ത്യയിലെ മാധ്യമങ്ങൾ തന്നെ ബോളിവുഡ് വില്ലനെ പോലെ ചിത്രീകരിച്ചുവെന്നും ഇമ്രാൻ പരാതിപ്പെടുന്നുണ്ട്.

എന്നെ പോലെ ഇന്ത്യയെ അറിയാവുന്ന വ്യക്തിയില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടു പോകാം. ഇന്ത്യ ഒരു ചുവട് വച്ചാൽ രണ്ട് ചുവടു മുന്നോട്ടു വയ്ക്കാം എന്നാണ് ഇമ്രാൻറെ വാഗ്ദാനം. ചൈനയുമായി ശക്തമായി ബന്ധം തുടരുമെന്ന് വ്യക്തമാക്കുന്ന ഇമ്രാൻ അമേരിക്കയോടുള്ള അനിഷ്ടവും മറച്ചു വയ്ക്കുന്നില്ല.

അമേരിക്ക കരുതുന്നത് അവരുടെ യുദ്ധത്തിലെ കൈയ്യാളാണ് പാകിസ്ഥാനെന്നാണ്. ഇത് വലിയ നഷ്ടമാണ് പാകിസ്താന് ഉണ്ടാക്കിയതെന്ന് ഇമ്രാൻ ചൂണ്ടാക്കാട്ടുന്നു. ഇമ്രാന്റെ പാർട്ടിയുടെ വിജയം ചോദ്യം ചെയ്ത് അമേരിക്ക രം​ഗത്തു വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇൗ പ്രസ്താവന.

അതേസമയം ഇമ്രാനെ സൈന്യത്തിൻറെ പിന്നണിയാൾ എന്ന് വിശേഷിപ്പിച്ച് ചില കേന്ദ്രമന്ത്രിമാർ രംഗത്തു വന്നിട്ടുണ്ട്. ഇമ്രാന് വേണ്ടി സൈന്യം തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണമാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഉയർത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പിന്റെ ഔദ്യോ​ഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച ഉച്ചയോടെ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ തുടക്കമാക്കും. അതേസമയം തിരഞ്ഞെടുപ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയ്യീദിന്റെ പാർട്ടി നിലം തൊടാത്തെ തകർന്നതിന്റെ ആശ്വാസത്തിലാണ് പാകിസ്താൻ അഭ്യന്തരമന്ത്രാലയം.

രണ്ട് ചുവട് വയ്ക്കാം എന്ന് പറയുമ്പോഴും ഇന്ത്യയോടുള്ള നിലപാടിൽ നിന്നിടത്ത് ഉറച്ചു നിൽക്കുകയാണ് ഇമ്രാൻ ഖാൻ. കശ്മീർ വിഷയത്തെ വീണ്ടും സമാധാന ചർച്ചകളുടെ കേന്ദ്രബിന്ദുവാക്കിയ ഇമ്രാൻ നടപടി ഇന്ത്യയെ രസിപ്പിക്കാൻ ഇടയില്ല. കശ്മീരിലെ ജനങ്ങൾ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന പരാമർശവും വിവാദങ്ങൾ സൃഷ്ടിച്ചേക്കും. ഭീകരവാദത്തെക്കുറിച്ചും അദ്ദേഹം നിശബ്ദത പാലിക്കുന്നു. നിയുക്ത പാകിസ്താൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത് പതിവ് ആശംസകൾക്ക് അപ്പുറത്ത് ഒരു മാറ്റവും രണ്ട് രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം