ചരിത്രത്തില്‍ ആദ്യമായി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം; ചരിത്രം കുറിച്ച് പി വി സിന്ധു

സ്പോർട്സ് ഡസ്ക്

Loading...

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒളിംപിക്, ലോക ബാഡ്മിന്റണ്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയായ സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം, സിന്ധുവിന് മുമ്പെ ക്വര്‍ട്ടര്‍ കടമ്പ കടന്ന സൈന നെഹ്‌വാളിന്റെ ചരിത്രക്കുതിപ്പിന് സെമിഫൈനലില്‍ വിരാമമായി. ആദ്യ സെമി പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-14. ഇതോടെ സൈനയുടെ പോരാട്ടം വെങ്കല മെഡലില്‍ ഒതുങ്ങി.

നേരത്തെ, മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ (21-11, 16-21, 21-14) തായ്‌ലന്‍ഡിന്റെ നിച്ചയോണ്‍ ജിന്‍ഡപോളിനെ തോല്‍പിച്ചാണ് സിന്ധുവിന്റെ സെമിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മാസം നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലും സിന്ധു ഫൈനലില്‍ കടന്നിരുന്നു. അന്ന് സ്പാനിഷ് താരം കരോലിന മരിനോട് തോറ്റ സിന്ധുവിന്റെ നേട്ടം വെള്ളി മെഡലിലൊതുങ്ങുകയായിരുന്നു. അതിനു മുമ്പ് നടന്ന റിയോ ഒളിംപിക്‌സിലും ഇതേ എതിരാളിയോട് തോറ്റ സിന്ധുവിന് വെള്ളിമെഡലാണ് ലഭിച്ചത്.

ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ പതാക വഹിച്ച ജാവലിന്‍ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലില്‍ നയന ജയിംസും നീന പിന്റോയും, 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ ഫൈനലില്‍ അനു രാഘവന്‍, ജൗന മര്‍മു, 400 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ ഫൈനലില്‍ ധരുണ്‍ അയ്യസാമി, സന്തോഷ് കുമാര്‍, ഹൈജംപില്‍ ചേതന്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധ സിങ് തുടങ്ങിയവര്‍ക്കൊപ്പം വികാസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബോക്‌സിങ് താരങ്ങളും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി പോരിനിറങ്ങും. നിലവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം