കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന് സിപിഐ എം- ജാമ്യാപേക്ഷ നല്‍കാതെ എങ്ങനെയാണ് ജാമ്യം അനുവദിക്കുക; പി ജയരാജന്‍

Loading...

P JAYARAJANതലശേരി > കുട്ടിമാക്കൂലിലെ ദളിത് യുവതികളെ ജയിലിലേക്കയച്ചത് കോണ്‍ഗ്രസിന്റെ ഹീനമായ രാഷ്ട്രീയ നാടകമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിക്കാവുന്ന കേസില്‍ അതിനു ശ്രമിക്കാതെ സിപിഐ എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇത് ബോധപൂര്‍വമാണ്. ജാമ്യാപേക്ഷ നല്‍കാതെ എങ്ങനെയാണ് ജാമ്യം അനുവദിക്കുക– അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഈ മാസം 11ന് കുട്ടിമാക്കൂല്‍ സിപിഐ എം ഓഫീസില്‍ കയറി അതിക്രമം നടത്തുകയും പാര്‍ടി പ്രവര്‍ത്തകനായ ഷിജിലിനെ പട്ടികകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിനാണ് രണ്ടു പേരെയും തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ക്രിമിനല്‍ കേസില്‍ നടപടി പാടില്ലെന്ന് നിയമമുണ്ടോ. മജിസ്ട്രേട്ട് കോടതിയില്‍നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിയമാനുസൃതം ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുമായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പോലും കൊടുക്കാതെ സംഘടിതമായ നുണപ്രചാരണത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. ബിജെപിയും ഇത് ഏറ്റുപിടിച്ചു.

രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള ആക്രമണമാണ് നടന്നത്. യുവതികള്‍ ദളിതരാണെന്നത് കുറ്റത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല. ഇവരുടെ അച്ഛന്‍ രാജന്‍ തലശേരി ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയാണ്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു മുതല്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണ് രാജനും കുടുംബവും. ഇവരുടെ വീടിനു സമീപം പൊതുസ്ഥലത്ത് സ്ഥാപിച്ച തെരഞ്ഞെടുപ്പു പ്രചാരണ ബോര്‍ഡ് തുടര്‍ച്ചയായി നശിപ്പിച്ചു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സിപിഐ എം ബോര്‍ഡ് കണികാണാന്‍ ഇഷ്ടമല്ലെന്നായിരുന്നു പൊലീസിനോടു പറഞ്ഞ ന്യായം. സ്ഥിരമായി ശല്യംചെയ്യുന്നതിനാല്‍ അയല്‍വാസിയായ സക്കീന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തു താമസിക്കുന്ന അടുത്ത ബന്ധുക്കളുമായി പോലും നിരന്തരം വഴക്കാണ്.

അയല്‍വാസികളുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ഈ മാസം ഒമ്പതിന് ശ്രീനാരായണ വായനശാലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ മുന്‍കൈയടുത്ത് മധ്യസ്ഥചര്‍ച്ച നടത്തിയിരുന്നു. രാജനു പുറമെ കോണ്‍ഗ്രസ് നേതാക്കളായ എം കുരുണാകരന്‍, ദിനേശന്‍ എന്നിവരും പങ്കെടുത്തു. രാജനും കുടുംബത്തിനുമെതിരെ ഉന്നയിക്കപ്പെട്ട പരാതികള്‍ ഗൌരവമായെടുത്ത് തിരുത്തിക്കാന്‍ ശ്രമിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പോടെയാണ് പിരിഞ്ഞത്. അതുകഴിഞ്ഞ് മൂന്നാംനാളിലാണ് രാജന്‍ താഴെനിന്ന് രണ്ടുപെണ്‍മക്കളെയും പട്ടികക്കഷണങ്ങളുമായി സിപിഐ എം ഓഫീസ് ആക്രമിക്കാന്‍ പറഞ്ഞയച്ചത്.

ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്ന യുവതികളുടെ കള്ളപ്പരാതിയില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ ജയിലിലാണ്. സിപിഐ എം പ്രവര്‍ത്തകരും ഓഫീസും ആക്രമിക്കപ്പെട്ടാല്‍ നടപടിയൊന്നും വേണ്ടെന്നാണോ. കഴിഞ്ഞ അഞ്ചു വര്‍ഷം അതായിരുന്നു അവസ്ഥ. ആ കാലം കഴിഞ്ഞു. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും നിയമപരമായ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തില്‍. ഇത്തരം രാഷ്ട്രീയ നാടകങ്ങളൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Loading...