പൊതുസമൂഹത്തിനു തിരുത്താനാകുമോ പിസി ജോർജിനെ ?

ഷിജിത്ത് വായന്നൂർ

കേരള രാഷ്ട്രീയത്തിൽ പലപ്പോഴായി വിവാദങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ള നേതാവാണ് പി സി ജോർജ്. പക്ഷെ ഈ വിവാദങ്ങൾ ഭൂരിഭാഗവും ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാത്രമായിരുന്നു എന്ന് വരുമ്പോഴാണ് പി സി ജോർജ് എന്ന നിയമ സഭാസാമാജികൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നെഗറ്റീവ് കഥാപാത്രമാകുന്നത്. വിവാദങ്ങളും വീഴ്ചകളും അഴിമതിയുടെ കഥകളും ഒക്കെയുണ്ടെങ്കിലും  പ്രബുദ്ധവും ആശയങ്ങളുടെ സമ്പന്നതയും കൈമുതലായുള്ള ഒരു രാഷ്ട്രീയ മനസ്സുണ്ട് കേരളത്തിന്. അതിന് കാലങ്ങളുടെ കരുത്തും പാരമ്പര്യവും ഉണ്ട്.

രാഷ്ട്രീയ ചരിത്രത്തിലെ തിളക്കമാർന്ന പാരമ്പര്യങ്ങളെ പാടെ തകർക്കുന്ന നിലപാടുകളും പ്രസ്താവനകളുമാണ് പി സി ജോർജ് കാലങ്ങളായി നടത്തി വരുന്നത്. ദേശീയ മാധ്യമങ്ങളിൽ അടക്കം പോയിരുന്ന് തനിക്ക് തോന്നുന്നത് മാത്രം ശരിയെന്നു സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കൂടിയാണ് എന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവരെ കുറ്റം പറയാനാവില്ല.

Image result for p c george

 

ഏറ്റവും ഒടുവിൽ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും ഇവരെ പിന്തുണച്ചവരെയും ആക്ഷേപിച്ചുകൊണ്ടാണ് ജോർജ് രംഗത്തു വന്നത്. ഇതിന്റെ ഭാഗമായുള്ള നിയമ നടപടികളും അദ്ദേഹം നേരിട്ട് തുടങ്ങിയിരിക്കുന്നു. വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു ജോർജിന്റെ  മറുപടി.

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തിയതിലൂടെ പൊതു സമൂഹത്തിന്റെ കഠിനമായ വിമർശനങ്ങൾ ജോർജിനെതിരെ ഉയർന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിലടക്കം ജോർജിനെതിരായ പ്രതിഷേധം ശക്തമാണ്. എന്നിട്ടും നിലപാടുകൾ തിരുത്താൻ തയാറാവുന്നില്ല എന്നത് പൊതു സമൂഹത്തെ വെല്ലുവിളിക്കലാണെന്ന അഭിപ്രായവും ഉയർന്നു. ‘ വായടക്കടാ പി സി ‘ എന്ന് വരെ സമൂഹത്തെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ ഒരു എം എൽ എയുടെ നിലപാടുകൾ തരം  താണിരിക്കുന്നു.

Image result for p c george

എണ്പതുകളിലാണ് പ്ലാത്തോട്ടത്തിൽ ചാക്കോച്ചൻ ജോർജ് എന്ന പി സി ജോർജ് കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. ആന ചിഹ്നത്തിൽ നിയമസഭയിലേക്ക് മത്സരിച്ചു 1148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  ജയിച്ചു കയറിയായിരുന്നു ജോർജിന്റെ യാത്ര തുടങ്ങുന്നത്. അന്ന് ഇടതുമുന്നണിയുടെ ഭാഗമായിരുന്ന കെ എം മാണിയെ എതിരിട്ടു കൊണ്ടായിരുന്നു ജോർജ് ശ്രദ്ധ നേടിയത്. തുടർന്ന് 2009 ൽ മാണിയുമായി കൈകോർക്കും വരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ യുദ്ധം തുടർന്നു . ഇപ്പോൾ ജോർജിന് കൂട്ട് ജോർജ് മാത്രമേയുള്ളൂ.

വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു വിവാദങ്ങൾ സൃഷ്ടിക്കുക എന്നത് ഒരു ഹോബി പോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് പൂഞ്ഞാറിൽ നിന്നുള്ള ഈ എം എൽ എ. സ്ത്രീവിരുദ്ധമായ പ്രസ്താവനയിലൂടെ സ്ത്രീ സമൂഹത്തെ അപമാനിച്ച പി സി ജോർജിനെ ഇനിയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണോ എന്ന് വരെയുള്ള ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ ചരിത്രവും നിലപാടുകളും പരിശോധിക്കുന്നവർക്ക് അദ്ദേഹം തിരുത്തുമെന്നുള്ള യാതൊരു പ്രതീക്ഷയും ഉണ്ടാവാനിടയില്ല. പക്ഷെ പൊതു സമൂഹത്തിന്റെ പ്രതിഷേധ സ്വരങ്ങളെ അങ്ങനെ തള്ളിക്കളയാൻ അദ്ദേഹത്തിനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം

Loading...