തിരുവനന്തപുരം : ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലേയ്ക്ക്. അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി എഐസിസി പ്രതിനിധികൾ ചർച്ച നടത്തും. ഡിഎംകെ സഖ്യത്തിൽ 30 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിസി വൈസ് പ്രസിഡന്റ് റോബർട്ട് ബ്രൂസ് ട്വന്റിഫോറിനോട് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, രൺദീപ് സിങ് സുർജേവാല, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ.എസ് അളഗിരി എന്നിവരാണ് കഴിഞ്ഞ ദിവസം ഡിഎംകെ നേതൃത്വവുമായി ചർച്ച നടത്തിയത്. 54 സീറ്റ് വേണമെന്ന ആവശ്യം ആദ്യ ചർച്ചയിൽ കോൺഗ്രസ് ഉന്നയിച്ചു.
എന്നാൽ 20 സീറ്റ് നൽകാമെന്നാണ് കനിമൊഴി, ദുരൈ മുരുകൻ, ടി.ആർ ബാലു എന്നിവരടങ്ങിയ ഡിഎംകെ പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചത്. ഈ നിർദേശം തള്ളിയ കോൺസുമായി ഡിഎംകെ വീണ്ടും ചർച്ച നടത്തും.
ഡിഎംകെ സഖ്യത്തിൽ 2011ൽ 63 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കഴിഞ്ഞ തവണ 41 മണ്ഡലങ്ങളിലാണ് മത്സരിക്കാൻ കഴിഞ്ഞത്.
ഇനിയും സീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള ഡിഎംകെയുടെ നീക്കത്തെ ചെറുക്കാനാണ് ഉമ്മൻ ചാണ്ടിയെ പോലെ മുതിർന്ന നേതാവിനെ ചർച്ചയ്ക്ക് ഇറക്കിയുള്ള ഹൈക്കമാൻഡ് തന്ത്രം. അടുത്ത ആഴ്ച ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്തി സീറ്റ് ധാരണയിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
News from our Regional Network
English summary: Oommen Chandy returns to Chennai for seat talks with DMK