പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ്സ് ; പൊലിഞ്ഞത് 40 വീരജവാന്മാരുടെ ജീവന്‍

Loading...

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ്സ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്.

കശ്‌മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ  ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു.   വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാർ ഉൾപ്പെടെ 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.

ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകത്തിന്‍റെ ഉത്ഘാടനം ഇന്ന് ലത്പോരയിലെ സിആർപിഎഫ് ക്യാംപിൽ നടക്കും. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15: അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം. ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്.

ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി. പൂർണമായി തകർന്ന 76–ാം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുമുണ്ടായി. വസന്തകുമാർ 82–ാം ബറ്റാലിയനിലെ ജവാനായിരുന്നു.

പുൽവാമ കാകപോറ സ്വദേശി തന്നെയായ ആദിൽ അഹമ്മദായിരുന്നു ചാവേറായി കാര്‍ ഓടിച്ച് വന്നത്. പിന്നീട് ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ആദിലിന്‍റെ വീഡിയോയും ജയ്ഷെ മുഹമ്മദ് പുറത്ത് വിട്ടു. ചാവേറായ ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷമാണ് കശ്മീർ പൊലീസിൽനിന്ന് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു, ആക്രമണത്തിനു മുൻപ് ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ തയാറെടുപ്പുകൾ, പാക്കിസ്ഥാന്റെ പങ്ക്, ഭീകരർക്കു പ്രദേശവാസികളിൽനിന്നു ലഭിച്ച പിന്തുണ, ഇന്റലിജൻസ് വീഴ്ച എന്നിവയാണു മുഖ്യമായും എന്‍ഐഎ അന്വേഷിച്ചത്.

പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു.

പിന്നീട് പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്കിന് കൂടുതൽ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസര്‍ അയച്ച ശബ്‍ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിലിരുന്നാണ്  മസൂദ് അസർ സന്ദേശം അയച്ചതെന്നും കണ്ടെത്തി.

അസറിന്‍റെ ബന്ധു ഉസ്മാനെ ഒക്ടോബറിൽ ത്രാലിൽ സുരക്ഷാ സേന വധിച്ചതിന്റെ പ്രതികാരമാണ് പുൽവാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാൻ സ്വദേശിയും താലിബാൻ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്ഷെ മുഹമ്മദ് കമാന്‍ഡ‌‌ർ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998ൽ മസൂദ് അസര്‍  സ്ഥാപിച്ച ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്.

ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നത്. പുല്‍വാമ ഭീകരാക്രമണം കൂടി കാരണമായി കണ്ട് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ യോഗത്തില്‍ ജയ്ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ  യുഎസും ബ്രിട്ടനും ഫ്രാൻസും ചേർന്നാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഉപസമിതിയിൽ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം