പഴകിയ മത്സ്യം വലിയതോതില്‍ പിടിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനാല്‍  പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ – മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂരില്‍ നാലുപേര്‍, ആലപ്പുഴ രണ്ടുപേര്‍, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ഒന്നുവീതം. ഇതില്‍ വിദേശത്തുനിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍, സമ്പര്‍ക്കംമൂലം മൂന്നുപേര്‍ക്കും. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്നും മൂന്നുപേരുടെ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇതുവരെ 345 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 259 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11,986 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,906 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. അതില്‍ ഇന്നത്തെ രണ്ട് ഉള്‍പ്പെടെ 15 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 300 കിടക്കകളോടു കൂടിയ ആശുപത്രി സൗകര്യങ്ങള്‍ക്ക് 273 തസ്തികകള്‍ സൃഷിക്കാന്‍ ഇന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി, ഐപി സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവുകള്‍ അയച്ചു. ഇവര്‍ക്ക് അടിയന്തര നിയമനം നല്‍കും.

നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാന പ്രശ്നം പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ തന്നെയാണ്. അമേരിക്കയിലും മറ്റും മലയാളികള്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്ത തുടര്‍ച്ചയായി വരുന്നുണ്ട്. പല രാജ്യങ്ങളില്‍നിന്നും എന്തു ചെയ്യണമെന്നറിയാതെ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് വിളിക്കുന്നു.

പ്രവാസി മലയാളികള്‍ കൂടുതലായുള്ള അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിൽ കോവിഡ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ആ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുകയാണ്. ഈ ഹെല്‍പ്പ് ഡെസ്ക്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ അവര്‍ക്ക് സംസാരിക്കാവുന്നതാണ്. നോര്‍ക്ക വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവര്‍ത്തിവരുത്താവുന്നതുമാണ്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആറുവരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ ടെലിഫോണ്‍ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇഎന്‍ടി, ഓഫ്താല്‍മോളജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് നോര്‍ക്ക റൂട്ട്സ് ഓവര്‍സീസ് സ്റ്റുഡന്‍റ് രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളും ഇനി പഠനത്തിനു പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കും.

പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഇരുപതിനായിരം കിറ്റ് നാളെ ഐസിഎംആര്‍ വഴി ലഭിക്കും.

ഇന്ന് 1940 ചരക്കുലോറികള്‍ സംസ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇന്നലത്തേതില്‍നിന്ന് വര്‍ധനയുണ്ട്.

അത്യാവശ്യഘട്ടം വന്നാല്‍ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്തുന്നതില്‍ വലിയ പുരോഗതിയാണുള്ളത്. പൊതുമരാമത്ത് വ കുപ്പ് കണ്ടെത്തിയ 1.73 ലക്ഷം കിടക്കകളില്‍ 1.1 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യമാണ്.

കാസര്‍കോട് അതിര്‍ത്തിയില്‍ നമ്മുടെ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല. അത്യാസന്ന നിലയിലുള്ളവരും കര്‍ണാടകത്തിലെ ആശുപത്രികളില്‍ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ് അങ്ങോട്ടു പോകേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പരാതിയുണ്ട്. കര്‍ഷകര്‍ ഇതുമൂലം വലിയ പ്രയാസമനുഭവിക്കുന്നു. വനംവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു.

ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. രക്തദാനത്തിന് സന്നദ്ധരായവര്‍ ഈയവസരത്തില്‍ മുന്നോട്ടുവരണമെന്ന് പൊതു അഭ്യര്‍ത്ഥന നടത്തുകയാണ്. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണം.

ലോക്ക്ഡൗണ്‍ ലംഘനത്തിനു പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണ്. വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം ആവശ്യമായ പിഴ ചുമത്തി പകരം സംവിധാനം കണ്ടെത്താന്‍ ആലോചിച്ചിട്ടുണ്ട്.

ഉപയോഗിച്ച മാസ്കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചറിയുന്നത് വ്യാപകമാണ്. അവയില്‍ ഏറെനേരം വൈറസുകള്‍ തങ്ങിനില്‍ക്കാം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നു. ഒരു സ്ഥലത്തും മാസ്കോ ഗ്ലൗസോ അലക്ഷ്യമായി വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തണ്ണിത്തോട് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായി. കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അച്ഛന് നേര്‍ക്ക് വധഭീഷണിയുണ്ടായിരുന്നു. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇതുപോലുള്ള രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ല. അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കും. അത് പോലീസ് ഒരുഭാഗത്ത് ചെയ്യുമ്പോള്‍ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി രംഗത്ത് വരണം. സമൂഹത്തിന് ചേരാത്ത ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്താനും തയ്യാറാകണം. നാടിന്‍റെ ജാഗ്രത ഇതുപോലുള്ള കാര്യത്തിലും ഉയരേണ്ടതായിട്ടുണ്ട്.

വൃദ്ധസദനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. അവര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കും.

കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന പ്രശ്നമുണ്ട്. അങ്ങനെയുള്ള പെര്‍മിറ്റുകള്‍ നീട്ടിക്കൊടുക്കും.

വേനല്‍ മഴ പലയിടത്തും കിട്ടിയിട്ടുണ്ട്. കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളം അവശ്യഘടകമാണ്. കാര്‍ഷിക ഉപകരണങ്ങളും വേണം. ഇതു രണ്ടും ലഭ്യമാക്കാന്‍ സൗകര്യം ഒരുക്കും. കുട്ടനാട്, തൃശ്ശൂര്‍ പ്രദേശത്തൊക്കെ കൊയ്ത്ത് തടസ്സമില്ലാതെ നടക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ഇടപെടും.

റിസര്‍ച്ച് സ്കോളര്‍മാര്‍ക്കുള്ള ഫെലോഷിപ്പ് കുടിശ്ശിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഇടപെടും.

സന്നദ്ധം വളണ്ടിയര്‍മാരുടെ രജിസ്ട്രേഷന്‍ ഊര്‍ജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളില്‍ 50ല്‍ താഴെ മാത്രം വളണ്ടിയര്‍മാരാണുള്ളത്. ഈ വിഷയത്തില്‍ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു.

കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഇളവുനല്‍കുന്ന കാര്യം പരിഗണിക്കും.

സംസ്ഥാനത്ത് പൊലീസിന്‍റെ സേവനം ഫലപ്രദമായി നടക്കുന്നു എന്നാണ് ലോക്ക്ഡൗണ്‍ കാലത്തെ പൊതു വിലയിരുത്തല്‍. എന്നാല്‍, ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യ സേവനം എല്ലാ കാലത്തും നല്‍കേണ്ടവയാണ്. ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലായതുകൊണ്ട് പല ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. ആവശ്യാനുസരണം പ്രവര്‍ത്തനം ക്രമീകരിക്കണം. കാര്‍ഷികവൃത്തി ആരംഭിക്കേണ്ട സമയമായതിനാല്‍ കൃഷിഭവനുകളിലും സേവനം ലഭ്യമാക്കാനുള്ള ക്രമീകരണം വരുത്തണം.

മത്സ്യത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്. പഴകിയതും അഴുകിയതുമായ മത്സ്യം വലിയതോതില്‍ പിടിച്ചിട്ടുണ്ട്. പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അപൂര്‍വമായുള്ള കുരുട്ട് രാഷ്ട്രീയക്കാരുടെയും ഉല്‍പന്നമാണ്. നാട്ടുകാര്‍ക്ക് വലിയ പരാതി പൊതുവെയില്ല. ഇപ്പോള്‍ അവരാകെ കഷ്ടത അനുഭവിക്കുകയാണ്. കൈത്താങ്ങ് നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അതിഥി ദേവോ ഭവ എന്നതാണ് നാം എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. മാന്യമായ താമസസ്ഥലവും  മെച്ചപ്പെട്ട ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും അവര്‍ക്ക് നല്‍കണമെന്നു തന്നെയാണ് നാം സ്വീകരിക്കുന്ന നില. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ അതത് സ്ഥലങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും അതിഥി തൊഴിലാളികള്‍ തൃപ്തരല്ല എന്നു നാം കാണണം.

അതിഥി തൊഴിലാളികള്‍ക്ക് ഇത്തരമൊരു ഘട്ടത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകുകയാണ് ആവശ്യം. നാം വിചാരിച്ചാല്‍ മാത്രം നടപ്പാക്കാവുന്ന കാര്യമല്ല അത്. നാം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും ഇവര്‍ക്ക് തിരിച്ചുപോകാനുള്ള പ്രത്യേക ട്രെയിന്‍ ലോക്ഡൗണ്‍ തീരുന്നമുറയ്ക്ക് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആ അഭ്യര്‍ത്ഥന ഒന്നുകൂടി മുന്നോട്ടുവെക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടു ചെയ്യുന്നണമെന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ഒന്നു കൂടി ആവശ്യപ്പെടും.

പരീക്ഷാ മൂല്യനിര്‍ണയം കഴിയുന്നതും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആലോചിക്കുന്നുണ്ട്.

കലാകാരന്മാരുടെ വിഷയം നാം പലതവണ പറഞ്ഞിട്ടുള്ളതാണ്. പരിപാടികള്‍ നടക്കുന്നില്ല, സീസണ്‍ ഇല്ലാതായി. അതിന്‍റെ ഭാഗമായി അവരെ സഹായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം കലാകാരന്മാർക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്ക് ധനസഹായം നല്‍കും. ഇതിന് മൂന്നുകോടി രൂപ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ചെലവഴിക്കും.

നിലവില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണിത്. കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍മൂലം പ്രയാസത്തിലായ ഇതിനുപുറമെയുള്ള 20,000ത്തോളം വരുന്ന കലാകാരډാര്‍ക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും. വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച 2020-21ലെ തുകയുടെ 25 ശതമാനം ഇതിന് മാറ്റിവെക്കും.

പൊതു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികള്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് ആയിരം രൂപ വീതം നല്‍കും.

സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ 8.53 ലക്ഷം രൂപ അനുവദിച്ചു.

ആധാരമെഴുത്ത്, കൈപ്പട, വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധിയില്‍നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 3000 രൂപ ധനസഹായം വിതരണം തുടങ്ങി.

സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രശ്നങ്ങള്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ വൈദ്യുതി ബോര്‍ഡിനു നല്‍കുന്ന പോസ്റ്റുകളുടെ വാടകയില്‍ ചില ഇളവുകള്‍ വരുത്തുന്നതിന് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക പലിശരഹിതമായി അടയ്ക്കാന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കാമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥിരം കാറ്ററിങ് സംഘങ്ങളില്‍ വിളമ്പുകാരായും പാചക സഹായികളായും തൊഴിലെടുക്കുന്ന തൊഴിലാളികള്‍, ഫോട്ടോ-വീഡിയോ ഗ്രാഫര്‍മാര്‍, തെങ്ങു-പന കയറ്റ തൊഴിലാളികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകളിലെയും മറ്റും ജീവനക്കാര്‍ ഇവരൊക്കെ ലോക്ക്ഡൗണ്‍ കാലത്തെ പ്രയാസങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ക്ഷേമനിധി ഉള്ള മേഖലകളില്‍ അതു മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്. ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കാനാണ് ധാരണയായിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് അവശ്യംവേണ്ട സൗകര്യങ്ങള്‍ എല്ലാ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാന വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ സേവനം മുടങ്ങാതെ ലഭ്യമാകുന്നുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്ത് അവര്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

കോവിഡ് രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുരങ്ങډാര്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല എന്നുറപ്പുവരുത്തണം. മറ്റെല്ലാ മുന്‍കരുതലുകളും ഉണ്ടാകണം. കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം മേഖലകളില്‍ കുരങ്ങന്മാരില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം. ഈ ഘട്ടത്തില്‍ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും വനംവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ നാം സ്വീകരിക്കും എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദത്തെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുക.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് ‘സുഖായുഷ്യം’ എന്ന പരിപാടി നടപ്പാക്കും. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ ‘സ്വാസ്ഥ്യം’ പദ്ധതി. കോവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ‘ആയുര്‍രക്ഷാ ക്ലിനിക്കു’കള്‍ ആരംഭിക്കും. രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ചികിത്സ നല്‍കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് ‘നിരാമയ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കും.

കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ട ഒരു വാര്‍ത്ത വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്നതാണ്. അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല. വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നത് എന്ന് മനസ്സിലായി. അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സല്‍ എന്ന ആളിന്‍റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്സ് ഉടമയും ഏജന്‍റും എത്തിച്ചുകൊടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം 25 കിറ്റുകളും നല്‍കി. കമ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്ത് കഴിച്ചുകൊള്ളാം എന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്.

അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. ഇന്നലെത്തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയാണുണ്ടായത്. എന്നാല്‍, ഇന്ന് ‘വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതി’, ‘അമേഠിയില്‍ സഹായവുമായി രാഹുലും’ എന്ന ഒരു വാര്‍ത്ത ഡെല്‍ഹിയില്‍നിന്ന് വന്നതു കണ്ടു. സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് കണ്ടു.

ഇവിടെ ഒറ്റ കാര്യമേ പറയുന്നുള്ളു. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണം.

ദുരിതാശ്വാസ നിധി

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) എംപ്ലോയീസ് സൊസൈറ്റികള്‍ മുഖേന സമാഹരിച്ച തുക – ഒരു കോടി പത്ത് ലക്ഷം രൂപ.

കോട്ടയത്തെ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ.

കൊല്ലം എന്‍എസ് ഹോസ്പിറ്റല്‍ 1 കോടി രൂപ.

നാട്ടിക ഫര്‍ക്ക കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വലപ്പാട് 53.86 ലക്ഷം.

മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കി. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനൊപ്പമാണ് കേരളത്തിനോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് അദ്ദേഹം ഈ തുക കൈമാറിയത്. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താന്‍ കൂടെയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം.

ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം.

കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് 25 ലക്ഷം.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം

മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം

നടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കല്ലുവാതുക്കല്‍ 56 ലക്ഷം.

പുനലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 42 ലക്ഷം.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം.

നെടുമ്പന സര്‍വ്വീസ് സഹകരണ ബാങ്ക് 16,66,967

പത്തനാപുരം ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം

പറവൂര്‍ മുനിസിപ്പാലിറ്റി പത്ത് ലക്ഷം

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം

കെ.എസ്.ഇ.ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം.

പടിഞ്ഞാറെ കൊല്ലം സര്‍വ്വീസ് സഹകരണ ബാങ്ക്   3,72,000.

മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  ഒരു ലക്ഷത്തി ഏഴായിരം.

അന്തരിച്ച മഹാകവി ഒ.എന്‍.വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി ചെക്കിനോടൊപ്പമുള്ള കത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കിളിക്കൊല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഒരു ലക്ഷം

സതേണ്‍ റെയില്‍വെ എംപ്ലോയീസ് കമ്മിറ്റി ഒരു ലക്ഷം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം