‘കോകോണിക‌്സ‌്’; ഇനി കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ്‌

തിരുവനന്തപുരം; കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്സിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്‌തു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കൊക്കോണിക്‌സ് നിര്‍മിക്കുന്ന ലാപ്‌ടോപ്പ്‌ മുഖ്യമന്ത്രിക്ക്‌ കൈമാറി. കൊക്കോണിക്‌സിന്‍റെ ആദ്യനിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11-ന്‌ ഡല്‍ഹിയില്‍ നടക്കുന്ന ഇലക്‌ട്ണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉത്പാദന രംഗത്തെ ആഗോള കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായി കൈകോര്‍ത്തു കൊണ്ടാണ് കേരളത്തില്‍ തന്നെ ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉത്പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണ ഉല്‍പാദന രംഗത്ത് പ്രമുഖരായ ഇന്‍റല്‍ കമ്പനിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്സ് എന്ന പൊതു-സ്വകാര്യ സംരംഭത്തിന് രൂപം നല്‍കിയത്. ലാപ്ടോപ്പ് സര്‍വര്‍ ഉത്പാദന രംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കൊക്കോണിക്സ്. കെല്‍ട്രോണ്‍, കെഎസ്ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യു.എസ്.ടി ഗ്ലോബല്‍, ആക്സിലറോണ്‍ (ഇന്‍റല്‍ ഇന്ത്യാ മേക്കര്‍ ലാബ് ആക്സിലറേറ്റഡ് സ്റ്റാര്‍ട്ട് അപ്) എന്നിവര്‍ കൂടി പങ്കാളികളായുള്ള ഉപകരണോത്പാദന സംവിധാനമാണ് കൊക്കോണിക്സിനുള്ളത്.

കെല്‍ട്രോണിന്‍റെ, തിരുവനന്തപുരത്തു മണ്‍വിളയിലുള്ള സ്ഥാപന സൗകര്യങ്ങള്‍ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപകരണഘടകങ്ങളുടെയും ഉത്പാദനത്തിനാണ് കൊക്കോണിക്സ് പ്രാഥമിക പരിഗണന നല്‍കുന്നത്. പ്രതിവര്‍ഷം രണ്ടരലക്ഷം ലാപ്ടോപ്പുകളുടെ ഉത്പാദനത്തിനുള്ള ശേഷിയുമായാണ് കൊക്കോണിക്സ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. പ്രവര്‍ത്തന ചടുലതയാര്‍ന്ന ഒരു ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഉത്പാദന ഇക്കോസിസ്റ്റം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് കൊക്കോണിക്സ് മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂതനാശയങ്ങളുള്ള സ്റ്റാര്‍ട്ട് അപ് കമ്പനികളുടേയും സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ ചെറുതും ഇടത്തരവുമായ ഐടി സംരംഭങ്ങളുടെയും ശേഷികളുടെ സംയോജനത്തിനുള്ള അവസരമാണു കൊക്കോണിക്സ് തുറന്നു നല്‍കുന്നതെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സെക്രട്ടറിയും കൊക്കോണിക്സ് ചെയര്‍മാനുമായ എം. ശിവശങ്കര്‍, കൊക്കോണിക്സ് ഡയറക്ടര്‍മാരായ യു.എസ്.ടി ഗ്ലോബല്‍ കമ്പനിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡ്ഡുമായ അലക്സാണ്ടര്‍ വര്‍ഗീസ്, കെല്‍ട്രോണ്‍ എം.ഡി. ഹേമലത, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ രവിചന്ദ്രന്‍, ആക്സിലറോണ്‍ സി.ഇ.ഒ. പ്രസാദ് എന്നിവരും ഇന്‍റല്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് നാരായണനും പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം