Categories
fashion

ചർമം നോക്കി പ്രായം പറയാതിരിക്കാൻ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ‌് ത്വക്ക്‌. ശരീരത്തെ പൊതിഞ്ഞ‌് പൊടിപടലങ്ങൾ, സൂര്യകിരണങ്ങൾ, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികൾ എന്നിവയിൽനിന്നും എല്ലാം സംരക്ഷണം നൽകുന്നു.  എന്നാൽ, ത്വക്കിനെ സംരക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും മാനദണ്ഡം കൂടിയായാണ് കണക്കാക്കപ്പെടുന്നത‌്.

പണ്ടുകാലത്തും സൗന്ദര്യസംരക്ഷണത്തിൽ മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് വളരെ കൂടുതൽ ആയിരുന്നു. എന്നാൽ, ഇന്നത്തെ തലമുറ ആ സങ്കൽപ്പം തിരുത്തുകയാണ്. മുഖസൗന്ദര്യത്തിനു പുറമെ കൈകാലുകളുടെ വൃത്തിയും, ചർമത്തിന്റെ തിളക്കവുമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി പുതിയ തലമുറ കണക്കാക്കുന്നത്. സ്കിൻ സോഫ്റ്റ്നസും സ്കിൻടോണും നന്നാക്കിയെടുക്കാൻ ആണ് ഇന്ന‌് അവർ കൂടുതൽ ശ്രദ്ധിക്കുന്നത്. മുഖക്കുരു,  കറുത്തപാടുകൾ എന്നിവയില്ലാത്ത മിനുസമുള്ള ചർമമാണ് എല്ലാവരുടെയും സ്വപ്നം. എല്ലാവർക്കും അവരുടെ സ്‌കിൻ എപ്പോഴും ചെറുപ്പമായിരിക്കണമെന്നാണ് ആഗ്രഹം. അത്തരത്തിലുള്ള ചർമകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്ന് വിപണിയിൽ സുലഭമാണ്. ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുകയും ചിലപ്പോഴെങ്കിലും അതിന്റെ ദൂഷ്യഫലം അനുഭവിക്കുകയും ചെയിതിട്ടുണ്ടാകാം പലരും.

ചർമത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ,  ജനിതകപ്രവണത, ദീർഘകാലമായിട്ടുള്ള ഇൻഫ്ളമേറ്ററി ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനുകൾ , പ്രായം, ജീവിതശൈലീ രോഗങ്ങൾ, അമിതമായ സ്ട്രെസ്, വ്യായാമക്കുറവ്, ഉറക്കമില്ലായ‌്മ, പുകവലി, നിർജലീകരണം  അപര്യാപ്തമായ പോഷകങ്ങൾ തുടങ്ങിയവ .

ചർമസംരക്ഷണത്തിന് സഹായിക്കുന്ന ഒരുപാട‌് പൊടിക്കൈകൾ ഉണ്ട്. സൗന്ദര്യവർധക വസ്തുക്കളേക്കാളുപരി നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ, വ്യായാമം, മെഡിറ്റേഷൻ, യോഗാ എന്നിവയെല്ലാം ആന്തരികമായ സൗന്ദര്യത്തെ ഉണർത്തി സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
കൃത്യമായ ഭക്ഷണനിയന്ത്രണത്തിലൂടെ മാത്രമേ യൗവനം എന്നും കാത്തുസൂക്ഷിക്കാൻ കഴിയുകയുള്ളൂ. കൃത്യമായ ഭക്ഷണക്രമീകരണം, ഭക്ഷണനിയന്ത്രണം  എന്നിവയിലൂടെ നമുക്ക് അറുപതുകളിലും മുപ്പതിന്റെ പ്രസരിപ്പും സൗന്ദര്യവും നേടാൻ സാധിക്കും. നാം കഴിക്കുന്ന ഭക്ഷ്യവസ്തുകളിലെ പോഷകങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ  മതി.

മാംസ്യം
എല്ലാ കോശങ്ങൾക്കും  അവയുടെ വളർച്ചയ്ക്കും നിലനിർത്താനും  ആവശ്യമായ പോഷകമാണ് മാംസ്യം. ചർമസംരക്ഷണത്തിനും  നഖങ്ങൾ, മുടി എന്നിവയുടെ വളർച്ചയ്ക്കും  സഹായിക്കുന്നു. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുട ചർമത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുഴുധാന്യങ്ങൾ പയർ, പരിപ്പ് വർഗങ്ങൾ, നട്സ്, സീഡ്‌സ്, മുട്ടവെള്ള, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ കലവറയാണ്.

ജീവകം സി
നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ സിയുടെ കുറവുമൂലമാണ് ശരീരത്തിൽ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചർമം  ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിൻ സി ലഭിക്കുന്നതിന് സഹായിക്കും.

ജീവകം ഇ
ജീവകം ഇ, ജീവകം സിയുമായി ചേർന്ന് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. കൂടാതെ  അൾട്രാവയറ്റ‌് കിരണങ്ങളുടെ ത്രീവ്രത തടയുന്ന ആന്റിഓക്സിഡന്റ് ആയും ഇവ പ്രവർത്തിക്കും. ബദാം, സൂര്യകാന്തി വിത്തുകൾ, സ്പിനാച്, അവോക്കാട, മധുരക്കിഴങ്ങ‌്, ഇലക്കറികൾ എന്നിവ ഇവയുടെ പ്രധാന സ്രോതസ്സുകളാണ്
സിലിക്കൺ. സിലിക്കൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ സഹായിക്കുന്നു. വാഴപ്പഴം, ഓട്സ്, ഉണക്കമുന്തിരി, ഗോതമ്പ്, ഗ്രീൻ ബീൻസ് , ബ്രൗൺ റൈസ‌് കൂടാതെ കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ എന്നിവയിൽ  ധാരാളം അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം
ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. പൊട്ടാസ്യം കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു. മാത്രമല്ല, ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

സിങ്ക്
സൗന്ദര്യസംരക്ഷണത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് സിങ്ക്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു. മുഖക്കുരുവും മുഖത്തുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കി ചർമത്തെ സംരക്ഷിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മുഴുധാന്യങ്ങൾ, ബീൻസ്, ലെഗ്‌മീസ്, കേക്കയോ, മിസോ, ന്യൂട്രിഷണൽ യീസ്റ്റ്, ബ്രോക്കോളി, ഗ്രീൻ  ബീൻസ് ചോക്ലേറ്റ്, തണ്ണിമത്തൻ, മത്തങ്ങാക്കുരു തുടങ്ങിയവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പുറം മാത്രമല്ല, അകവും ക്ലീൻ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇത് ചർമത്തിൽ കൂടുതൽ അഴുക്കുകൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. മാത്രമല്ല, ചർമത്തിലെ പ്രശ‌്നങ്ങൾക്ക‌്  പരിഹാരം കാണുന്നതിന് സഹായിക്കുന്ന

മഗ്നീഷ്യം
മഗ്നീഷ്യം ശരീരത്തിന് വളരെ അത്യാവശ്യമാണ്. ശരീരത്തെ ക്ലീൻചെയ്യാൻ സഹായിക്കുന്ന ധാതുക്കളിൽ മുന്നിലാണ് മഗ്നീഷ്യം. ഇത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. പഴം, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കാം.


ദിവസം എട്ടു ഗ്ലാസ് വെള്ളം

ശരീരത്തിൽ ഈർപ്പം നിലനിർത്താനും, ശരീരത്തെ ശുദ്ധിയാക്കാനും എല്ലാം ജലം അനിവാര്യം. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ ശരീരം കൂടുതൽ ഉന്മേഷമാകും. വിയർപ്പിലൂടെയും മറ്റും നഷ്ടപ്പെടുന്ന ജലം തിരികെയെത്തുമ്പോൾ നിങ്ങളുടെ ശരീരം ക്ലീൻ. പഴച്ചാറുകൾ, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉത്തമം.
ശ്രദ്ധിക്കുകപച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും. ഇലക്കറികൾ ഏതായാലും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.

പുകവലി ഹാനികരം, സൗന്ദര്യവും ഒപ്പം ആരോഗ്യവും നഷ്ടമാകും
പ്രഭാതരശ്മികളും പോക്കുവെയിലും ശരീരത്തിന് നല്ലതാണെങ്കിലും ബാക്കിയുള്ള സമയങ്ങളിൽ വെയിലേൽക്കുന്നത് ശരീരത്തെ മോശമായി ബാധിക്കും. ഈ വെയിൽ നിങ്ങളുടെ ശരീരത്തിലെ കൊളാജൻ നശിപ്പിക്കുകയും അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മോശമാണ്.
അതിമധുരം ആപത്താണ്. അമിതമായി മധുരം കഴിക്കുന്നത് നിങ്ങൾക്ക‌് കൂടുതൽ പ്രായം തോന്നിക്കുകയും പല അസുഖങ്ങൾക്കും  കാരണമാവുകയും ചെയ്യും.
ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ചർമത്തിന് അത്യാവശ്യമാണ്. ഇലക്കറികകളും ഗ്രീൻ ടീ യും ഇതിനു സഹായിക്കും.
കാത്സ്യത്തിന്റെ അളവ് ഭക്ഷണത്തിൽ പരമാവധി കൂട്ടിവേണം ഡയറ്റിന് രൂപംവരുത്താൻ. ഓറഞ്ച് ജ്യൂസ്, പാൽ ഉൽപ്പന്നങ്ങൾ, വലിയ മത്സ്യങ്ങൾ എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തിൽ ദിവസേന എത്തേണ്ടതുണ്ട്.

ശരീരഭാരം നിയന്ത്രിക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത്. വ്യായാമം സൗന്ദര്യവർധനവിനും ആകാരവടിവിനും ആരോഗ്യത്തിനും ഉത്തമം. ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ‌്. നടത്തം, ഓട്ടം, ജോഗിങ്, സ്വിമ്മിങ് എന്നിവയെല്ലാം നല്ലതാണ‌്. അമിതമായ വ്യായാമം ഹാനികരം . ശ്വസനനിയന്ത്രണ മെഡിറ്റേഷൻ, ധ്യാനം എന്നിവ ചർമസൗന്ദര്യത്തിന‌് ഉത്തമം

ഏഴുമുതൽ എട്ടു മണിക്കൂർവരെയാണ് ശരിക്കും ഒരു വ്യക്തി ഉറങ്ങേണ്ടത്. ആറു മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാൾക്ക‌് ആരോഗ്യപൂർണമായ ഒരു ശരീരം ഒരിക്കലും ലഭിക്കില്ല.

കൃത്യമായ ഭക്ഷണശീലങ്ങൾ, വ്യായാമം എന്നിവയിലൂടെ പ്രായത്തെയും ആരോഗ്യത്തെയും നമ്മുടെ നിയന്ത്രണത്തിലാക്കാം. പ്രായം തളർത്താത്ത സൗന്ദര്യത്തിനായി നമുക്ക് പോഷകങ്ങളുമായി ഒന്ന് കൈകോർക്കാം. ഒപ്പം ജീവിതത്തിൽ അടുക്കും ചിട്ടയും വരുത്താം.

(തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്‌പിറ്റലിൽ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്‌റ്റാണ്‌ ലേഖിക)

Read more: https://www.deshabhimani.com/health/skin-care/779166

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP