പരീക്ഷാ ക്രമക്കേടില്‍ മൂന്നുപേരെ ഒഴിവാക്കി നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Loading...

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടില്‍ പ്രതികളായ മൂന്നുപേരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പി.എസ്.സി സെക്രട്ടറിക്ക് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കിയത്. ശിവരഞ്ജിത്ത്,നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാര്‍ഥികളെ നിയമിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രിയെയും പി.എസ്.സി ചെയര്‍മാനെയും മറ്റ് ഉദ്യോഗാര്‍ഥികള്‍ കണ്ടിരുന്നു. ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിക്കുകയും ചെയ്തു.

അതേ സമയം ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേസ് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് വീഴ്ച വരുത്തിയെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളുകയായിരുന്നു. അനൂപ് ജേക്കബ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ഥികളുടെ ഭാവി തുലാസിലാണെന്നും അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അനൂപ് ആവശ്യപ്പെട്ടു.

എന്നാല്‍ പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതിനാല്‍. സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പ്രതികള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും സര്‍ക്കാര്‍ നല്‍കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണ്. ഇതിന്റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമായതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. നിയമന കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡൈ്വസ്‌െേ മമ്മാ നല്‍കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെടും. അന്വേഷണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലില്‍ വച്ച്‌ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം