മദ്യം വാങ്ങാന്‍ പണമില്ല ; 6 മാസം മുന്‍പ് മരിച്ചു പോയ യുവാവിന്റെ പേരില്‍ പണപിരിവ്

Loading...

കോട്ടയം: മദ്യം വാങ്ങാന്‍ പണം കണ്ടെത്താന്‍ പരേതന്റെ പേരില്‍ വ്യാജ ചികിത്സാ സഹായ അഭ്യര്‍ഥനയുമായി പുതിയ തന്ത്രം. സംശയം തോന്നിയ നാട്ടുകാര്‍ മദ്യപ സംഘത്തെ കയ്യോടെ പിടികൂടി.

ഇന്നലെ 3ന് കോട്ടയം വാഴൂര്‍ ചാമംപതാലിലെ വീടുകളിലാണ് കങ്ങഴ സ്വദേശികളായ സംഘം പണപ്പിരിവ് നടത്തിയത്. 6 മാസം മുന്‍പ് മരിച്ചു പോയ ഭിന്നശേഷിക്കാരനായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായിട്ടാണ് പരേതന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം പണപ്പിരിവ് നടത്തിയത്. ഇന്ന് എറണാകുളത്തെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ഉണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് കട്ടിലില്‍ കിടക്കുന്ന പടം വരെ കാണിച്ചാണ് സംഘം പിരിവ് നടത്തിയത്. ചാമംപതാലില്‍ വീടുകള്‍ കയറി പിരിവ് നടത്തുന്നതിനിടയില്‍ ഒരു വീട്ടില്‍ നിന്നു നല്‍കിയ തുക കുറഞ്ഞു പോയത് സംഘം കൂട്ടി ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്.

സംശയം തോന്നിയ വീട്ടുടമ വാഴൂര്‍ പഞ്ചായത്തംഗം റംഷാദ് റഹ്മാനെ ഫോണില്‍ വിവരം അറിയിച്ചു. പഞ്ചായത്തംഗം എത്തി ചോദ്യം ചെയ്തപ്പോള്‍ കങ്ങഴയിലാണ് വീടെന്ന് സംഘം വെളിപ്പെടുത്തി. തുടര്‍ന്ന് റംഷാദ് കങ്ങഴ പഞ്ചായത്തംഗത്തെ ഫോണില്‍ വിളിച്ച്‌ കാര്യം അന്വേഷിച്ചപ്പോഴാണ് സഹായം ആവശ്യമുള്ള യുവാവ് 6 മാസം മുന്‍പേ മരിച്ചു പോയതാണെന്നും മദ്യം വാങ്ങാനാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നതെന്നുമുള്ള വിവരം പുറത്തറിഞ്ഞത്.

തട്ടിപ്പ് പുറത്തായതോടെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായിരുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ച്‌ പള്ളിക്കത്തോട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം