നില്ല് നില്ലെന്റെ നീലക്കുയിലേ…ഈ പിള്ളേര്‍ക്കിതെന്ത് പറ്റി…പച്ചിലയുമായി തുള്ളി വണ്ടി തടയല്‍ വൈറലാവുമ്പോള്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ടിക് ടോക് ആപ്പില്‍ നിന്നുളള വീഡിയോകള്‍. പാട്ടും ഡാന്‍സും കോമഡിയും ഡബ്സ്മാഷ് വീഡിയോകളും ചിത്രീകരിച്ച് വൈറലാക്കാന്‍ മത്സരിക്കുകയാണ് യുവതലമുറ. ചിലപ്പോഴൊക്കെ ഇത്തരം പ്രകടനങ്ങള്‍ പരിധി വിട്ട് പോകാറുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. അതിവിചിത്രമെന്ന് തന്നെ പറയണം. റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ഡപ്പാംകൂത്ത് ആടുക എന്നതാണീ പുതിയ കലാപരിപാടി.

ജാസി ഗിഫ്റ്റ് പാടിയ ‘നില്ല് നില്ല്.. നില്ല് നില്ലെന്റെ നീലക്കുയിലേ’ എന്ന ഗാനത്തിനൊപ്പമാണ് ഡാന്‍സ്. അതും ചുമ്മാതല്ല. ഹെല്‍മറ്റ് ധരിച്ച്, കയ്യില്‍ പച്ചിലകളും പിടിച്ച് ഇവര്‍ റോഡരികില്‍ കാത്ത് നില്‍ക്കും. വാഹനങ്ങള്‍ വരുമ്പോള്‍ റോഡിലേക്ക് ചാടി, വണ്ടി തടഞ്ഞ് തുള്ളിക്കളിക്കും. യുവാക്കള്‍ മാത്രമല്ല, സ്ത്രീകളടക്കമുണ്ട് ഈ കലാപരിപാടിയില്‍.

ഈ പുതിയ തരം ടിക് ടോക് വീഡിയോകള്‍ ട്രെന്‍ഡിംഗ് ആണ് സോഷ്യല്‍ മീഡിയയില്‍. സാരിയുടുത്ത സ്ത്രീകളും സ്‌കൂള്‍ യൂണിഫോമിലുളള കുട്ടികളുമടക്കം ഈ തുള്ളിക്കളിക്ക് ഇറങ്ങിയിട്ടുണ്ട്. ഓട്ടോയോ കെഎസ്ആര്‍ടിസിയോ സ്‌കൂള്‍ ബസ്സോ ബൈക്കോ എന്നില്ല, പോലീസ് ജീപ്പ് പോലും തടഞ്ഞ് ഡപ്പാംകൂത്ത് കളിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയുടെ കണ്ണ് തള്ളിച്ചിരിക്കുന്നത്.

കാണുമ്പോള്‍ തമാശ തോന്നുമെങ്കിലും അത്ര സിംപിള്‍ അല്ല കാര്യങ്ങള്‍. വാഹനങ്ങള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി എടുത്ത് ചാടുന്നത് ഒരുപക്ഷേ വലിയ അപകടങ്ങളിലേക്ക് തന്നെ നയിച്ചേക്കാനുളള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പരിപാടിക്കെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. ടിക് ടോക് വീഡിയോയുടെ പേരില്‍ വഴി തടയുകയോ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കും എന്ന് പോലീസ് പറയുന്നു.

Loading...