കണ്ണുനീരിന് ദൈവം തന്ന സമാധാനമാണ് വിധി; വിധിയില്‍ തൃപ്തനാണെന്ന് നസീറുദ്ദീന്‍റെ പിതാവ് കെ.പി അസീസ്

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു.

തന്‍റെ മകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയവര്‍ക്ക് കോടതി വിധിച്ച വിധിയില്‍ തൃപ്തനാണെന്ന് പിതാവ് കെ.പി അസീസ്. ഞങ്ങളും ഞങ്ങളുടെ കുടുംബാംഗങ്ങളും ഒഴുക്കിയ കണ്ണുനീരിന് ദൈവം തന്ന സമാധാനമാണ് വിധി. ഇനി ഇങ്ങനെയൊരും സംഭവം ഉണ്ടാകാതിരിക്കാന്‍ കണ്ണുതുറപ്പിക്കുന്നതാണ് വിധി. ന്യൂനപക്ഷ സംരക്ഷണം പറയുന്ന എസ്.ഡി.പി.ഐക്കാര്‍ തന്റെ മകനെ കൊന്ന് എന്ത് തരത്തലുള്ള ന്യൂനപക്ഷ സംരക്ഷണമാണ് മുന്നോട്ട് വെക്കുന്നത് എന്നത് ചിന്തിക്കന്നത് നല്ലതായിരിക്കുമെന്നും അസീസ് പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കല്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ വെറുതെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

കുറ്റ്യാടി വേളം പുത്തലത്ത് അനന്തോട്ട് താഴെ വെച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുള്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തുകയും നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീര്‍ , കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍ , പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴി നിര്‍ണായകമാണ്.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനായിരുന്നുസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

ഒന്നാംപ്രതി കച്ചേരി ബഷീറാണ് രാഷ്ടീയ വൈരാഗ്യം വെച്ച് നസീറുദ്ദീനെ കുത്തിയത്. നസീറുദ്ദീന്റെ നെഞ്ചിലും മുതുകളിലും മറ്റ് ശരീര ഭാഗങ്ങളിലുമായി കുത്തിയതോടോ റോഡില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് പ്രധാന സാക്ഷിയുടെ മൊഴി. പ്രതികള്‍ ഉപയോഗിച്ചിരുന്ന മാരകായുധങ്ങളും പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രവും സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റൗഊഫിന് പുറമെ കൊലപാതകം നടക്കുമ്പോള്‍ ഓടിയെത്തിയ പ്രദേശവാസികളായ ബാലന്‍, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം