വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Loading...

വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ വച്ചായിരിക്കും ചടങ്ങുകൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ദില്ലിയിൽ എത്തിച്ചേരാൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്.

മികച്ച വിജയത്തിന് തൊട്ടു പിറ്റേന്ന് നരേന്ദ്രമോദിയും അമിത് ഷായും ദില്ലിയിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനെത്തി.

 

 

 

നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.

അദ്വാനിയെ മാറ്റി ഗാന്ധി നഗറിൽ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിൽപ്പരം വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജ.യിച്ച മണ്ഡലമാണ് ഗാന്ധി നഗർ. കാൻപൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീ മനോഹർ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.

കോൺഗ്രസിതര സർക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വർഷം പൂർത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സർക്കാരാണ് നരേന്ദ്രമോദിയുടേത്. സ്വന്തം ഭൂരിപക്ഷം രണ്ടാം വട്ടം വർദ്ധിപ്പിച്ച് അധികാരത്തിലെത്തിയ സർക്കാരും നരേന്ദ്രമോദിയുടേത് തന്നെ.

സീറ്റ് നിഷേധിക്കപ്പെട്ട ശേഷം അദ്വാനി എഴുതിയ പല കുറിപ്പുകളിലും പ്രസ്താവനകളിലും ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പുകളുണ്ടായിരുന്നു, വിമർശകരെ ദേശദ്രോഹികളെന്ന് നമ്മൾ വിളിച്ചിട്ടില്ലെന്നും, ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് എന്നും ഓർമ വേണമെന്നും അദ്വാനി എഴുതിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം, മോദി ചൊവ്വാഴ്ച വാരാണസിയിലെത്തും. മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിച്ച വോട്ടർമാർക്ക് മോദി നന്ദി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന മോദി, ഗംഗാ ആരതിയും നടത്തും. 29-ന് തിരികെ ഗുജറാത്തിലെത്തുന്ന മോദി, ഗാന്ധി നഗറിലും ബിജെപി യോഗങ്ങളിൽ പങ്കെടുക്കും.

 

 

Loading...