നരേന്ദ്ര മോഡി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും

Loading...

അംഫൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാൾ വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ സഞ്ചരിച്ച് നാശനഷ്ടം വിലയിരുത്തും.

ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നുണ്ട്. ഏരിയൽ സർവേയ്ക്ക് ശേഷം റിവ്യൂ മീറ്റിംഗിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ഔദ്യോഗിക ട്വീറ്റിലൂടെ വ്യക്തമാക്കി. മാർച്ച് 25 ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് പുറത്തേക്ക് സഞ്ചരിക്കുന്നത്.

അംഫൻ ചുഴലിക്കാറ്റിൽ 72 മരണങ്ങളാണ് പശ്ചിമ ബംഗാളിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചുലക്ഷം ആളുകളെ ഇതുവരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വരെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു വ്യാപക നാശനഷ്ടമാണ് ബംഗാളിൽ ഉണ്ടായിരുന്നത്.

പ്രത്യേക ധനസഹായം ബംഗാളിന് പ്രഖ്യാപിക്കണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സന്ദർശന വേളയിൽ പ്രാധാനമന്ത്രിയിൽ നിന്നും പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

രാജ്യം മൊത്തം ഈ ദുരിതത്തിൽ നിന്നും കരകയറാൻ പശ്ചിമ ബംഗാളിനൊപ്പം ഉണ്ടെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. ഒഡിഷ തീരത്തും വലിയ നാശമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഏഴുലക്ഷത്തോളം പേരെ ഇതുവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം