മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Loading...

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ലില്‍ ഭേദഗതികള്‍ വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്.

50 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ളത്. ബിജെപിക്ക് 73 അംഗങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചിരുന്നു. ഇതു പിന്‍വലിക്കാതെയാണ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിക്കുന്നത്. ഇതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. പഴയ ബില്ലും നിലവിലുള്ള ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇതിനായി സുബ്ബരാമി റെഡ്ഡി നിരാകരണപ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കും.

ഇടതുപക്ഷവും അണ്ണാ ഡിഎംകെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്. ചുരുക്കം ചില ബിജെപിയിതര അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്. അതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടാനാണ് സാധ്യത.

Loading...