മുല്ലപ്പെരിയാർ അണക്കെട്ടില്‍ പരമാവധി ശേഷിയും കവിഞ്ഞു;ജലനിരപ്പ് 142.30

Loading...

ഇടുക്കി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കാനും ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കാനായി താല്‍കാലികമായി ഷട്ടറുകള്‍ താഴ്ത്താനും തീരുമാനം. മുല്ലപ്പെരിയാർ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്.

നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ പുലര്‍ച്ചെ രണ്ടരയ്ക്ക് തുറന്നു. ജലനിരപ്പ് 142 അടിയിലേയ്ക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പില്‍വേ തുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്റെ അളവ് സെക്കന്റെില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഇന്നലത്തേതില്‍ നിന്നു കുറഞ്ഞു. ഇന്നലെ 84.45 മീറ്ററായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണു പരമാവധി സംഭരണ ശേഷി.

പ്രളയക്കെടുതി രൂക്ഷമാകുന്ന പത്തനംതിട്ട ജില്ലയില്‍ സുരക്ഷാപ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ താത്കാലികമായി താഴ്ത്തി തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ.മീറ്ററില്‍ നിന്നും 30 സെമി ആയി താഴ്ത്തി. ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന് 30 സെമി ആക്കി, ബാക്കിയുള്ള നാലു ഷട്ടറുകള്‍ 205 സെ.മീറ്ററില്‍ നിന്നും 60 സെ.മീറ്ററായി താഴ്ത്തിയിട്ടുണ്ട്.മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും താഴ്ത്തി.

Loading...