പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അമ്മയെ കാണാതായി; കരഞ്ഞ് നിലവിളിച്ച്‌ ക്കുഞ്ഞുങ്ങള്‍; തിരുവനന്തപുരത്തുനിന്നുള്ള കരളലിയിക്കുന്ന കാഴ്ച

Loading...

തിരുവനന്തപുരം: കണ്ണുതുറന്നു മനസ്സുനിറയെ കാണുന്നതിനു മുൻപേ അമ്മയെ പട്ടിപിടുത്തക്കാര്‍ കൊണ്ടുപോയി. അമ്മിഞ്ഞപ്പാല്‍ കുടിക്കുന്നതിന് മുൻപേ നഷ്ടമായ അമ്മയെ തേടിയുള്ള ആറുപട്ടിക്കുട്ടികളുടെ കരച്ചില്‍ ഇപ്പോള്‍ നൊമ്ബരക്കാഴ്ചയാണ്.

പിറന്നു വീണു നിമിഷങ്ങള്‍ക്കകം മക്കളെ പിരിഞ്ഞ വേദനയില്‍, ഇനി മക്കള്‍ക്കരികിലേക്കു തിരിച്ചു വരാനാകുമോയെന്നു പോലും അറിയാതെ ഉഴലുകയാകും അമ്മപ്പട്ടി.

പ്രസവം കഴിഞ്ഞയുടനെ അമ്മയെ പട്ടി പിടുത്തക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്കായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആറ് പട്ടിക്കുഞ്ഞുങ്ങള്‍ അമ്മയ്ക്കായി നിര്‍ത്താതെ നിലവിളിക്കുകയാണ്.

തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിനടുത്താണ് കാഴ്ചക്കാരുടെ മനസ്സലിയിക്കുന്ന ഈ കാഴ്ച. പേര മരത്തിന്റെ തണലില്‍ നാലു ദിവസം മുന്‍പാണ് തെരുവു നായ 6 കുട്ടികളെ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയും മുമ്ബേ കോര്‍പറേഷന്റെ പട്ടി പിടിത്തക്കാര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താനായി നായയെ പിടികൂടി.

എന്നാല്‍ അത് പ്രസവിച്ച നായയാണെന്നു പട്ടി പിടിത്തക്കാരോടു പറഞ്ഞെങ്കിലും അവര്‍
ചെവിക്കൊണ്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. പൊതുവേ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളെ ദിവസങ്ങള്‍ക്കകം പിടികൂടിയ സ്ഥലത്തു തന്നെ തിരികെ കൊണ്ടു വിടാറുണ്ടെന്നും എന്നാല്‍ നാലാം ദിവസം കഴിഞ്ഞിട്ടും ആ അമ്മപ്പട്ടി തിരികെയെത്തിയിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

അമ്മയെ കാണാതെ നിര്‍ത്താതെ കരയുന്ന പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ഇന്ന് ആശ്രയവും ഈ ഡ്രൈവര്‍മാര്‍ തന്നെയാണ്. മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ നായക്കുട്ടികളെ പഴയ ടെലിഫോണ്‍ ബോക്‌സിനുള്ളിലേക്ക് അവര്‍ മാറ്റി. വിശപ്പടക്കാന്‍ ഫീഡിങ് ബോട്ടില്‍ വാങ്ങി പാലും നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍ത്താതെയുള്ള പട്ടിക്കുഞ്ഞുങ്ങളുടെ ആ കരച്ചില്‍ വേദനപ്പിക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം