ഓണം സീസണില്‍ മലയാളം ചാനലുകളില്‍ സിനിമാപൂരം

Loading...

കൊച്ചി: ഓണം സീസണില്‍ പുത്തന്‍ സിനിമകളുടെ പ്രിമിയറൊരുക്കിയാണ് മുന്‍നിര ചാനലുകള്‍ . മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അമൃതാ ടിവിയും, ഫ്‌ളവേഴ്‌സും പ്രിമിയര്‍ സിനിമകളുമായി എത്തുന്ന സീസണ്‍ കൂടിയാണ് ഈ ഓണക്കാലം. ഓഗസ്റ്റ് 20 മുതല്‍ തന്നെ ഓണം സീസണ്‍ പ്രത്യേക പരിപാടികളും സിനിമകളുമായി വിപണി പിടിക്കാനാണ് പ്രധാന വിനോദ ചാനലുകളുടെ നീക്കം.

ദിലീപിന്റെ അറസ്റ്റ് ചലച്ചിത്രമേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ നിന്ന് പ്രേക്ഷകരെ അകറ്റുന്നതിനും സിനിമയിലെ വിവാദങ്ങള്‍ കാരണമായിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ വാര്‍ത്താ ചാനലുകള്‍ ചലച്ചിത്രമേഖലയെ കൂട്ടമായി ആക്രമിച്ചെന്ന ആരോപണമുയര്‍ത്തി ചാനലുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരസംഘടന അനൗദ്യോഗിക തീരുമാനവും കൈക്കൊണ്ടിരുന്നു.

തിയറ്ററുകളില്‍ ദിലീപിന്റെ സാന്നിധ്യമുണ്ടാകില്ലെങ്കിലും ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രവുമായി മിനിസ്‌ക്രീനില്‍ ദിലീപുണ്ടാകും. ഈ വര്‍ഷം റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമകളും, സമീപ കാലത്ത് റിലീസ് ചെയ്ത സിനിമകളും മിനിസ്‌ക്രീനിലെത്തിച്ച് ആളെക്കൂട്ടാനാണ് മിക്ക ചാനലുകളുടെയും ശ്രമം. മുന്‍വര്‍ഷങ്ങളില്‍ ചാനലുകളുടെയും തിയറ്ററുകളുടെയും ഉത്സവ സീസണുകളിലെ പ്രധാന ആകര്‍ഷം ദിലീപ് ചിത്രങ്ങളായിരുന്നു. ഇത്തവണയും ഏഷ്യാനെറ്റ് തന്നെയാണ് ഓണം പാക്കേജുകളില്‍ മികച്ച സിനിമകളുടെ എണ്ണക്കൂടുതല്‍ കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.

കേരളത്തിലും ഇന്ത്യന്‍ സിനിമയിലും ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ബാഹുബലി 2 ആണ് ഏഷ്യാനെറ്റിന്റെ പ്രധാന ആകര്‍ഷണം. ബാഹുബലി ആദ്യപതിപ്പ് സാറ്റലൈറ്റ് അവകാശം മഴവില്‍ മനോരയ്ക്കായിരുന്നു. എന്നാല്‍ രണ്ടാം പതിപ്പ് റെക്കോര്‍ഡ് തുകയ്ക്ക് ഏഷ്യാനെറ്റ് സ്വ്ന്തമാക്കി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളുമായാണ് സൂര്യയുടെ ഓണാഘോഷം. മത്സരിക്കാന്‍ ശേഷിയുള്ള ചിത്രങ്ങളുമായി മഴവില്‍ മനോരമ, ഫ്‌ളവേഴ്‌സ്, കൈരളി, അമൃതാ എന്നീ ചാനലുകളുമുണ്ട്. നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ചാനലുകളിടെ ഓണച്ചിത്രങ്ങള്‍ ഇവയാണ്.

ബ്രഹ്മാണ്ഡം ബാഹുബലി, ഹിറ്റ് സിനിമകളുമായി ഏഷ്യാനെറ്റ്

മുന്‍വര്‍ഷങ്ങളിലെല്ലാം ഉത്സവ സീസണുകളിലെ പ്രിമിയര്‍ സിനിമകളില്‍ റേറ്റിംഗില്‍ ബഹുദൂരം മുന്നില്‍ ഏഷ്യാനെറ്റാണ്. ഇത്തവണ ഓഗസ്റ്റ് 20 മുതല്‍ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളുമായി പ്രേക്ഷകരിലെത്തുകയാണ് ഏഷ്യാനെറ്റ്. കേരളത്തില്‍ നിന്ന് 70 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി നൂറാം ദിവസത്തിലേക്ക് കുതിക്കുന്ന ബാഹുബലി രണ്ടാം ഭാഗം ഓണദിനങ്ങളില്‍ ചാനല്‍ സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 20ന് പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ടേക്ക് ഓഫ് പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം തിയറ്ററുകളില്‍ കയ്യടി നേടിയ സിനിമകളിലൊന്നാണ് ടേക്ക് ഓഫ്. മറ്റൊരു ഹിറ്റ് ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രവും പ്രീ ഓണം പാക്കേജിലുണ്ടാകും.

ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെയുള്ള പാക്കേജുകളില്‍ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം റെമോ ഉണ്ട്. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഒരു മെക്‌സിക്കന്‍ അപാരത, അച്ചായന്‍സ്, പുത്തന്‍ പണം, സഖാവ്, കെയര്‍ ഓഫ് സൈറാബാനു എന്നീ സിനിമകളാണ് ഓണനാളുകളില്‍ ഏഷ്യാനെറ്റില്‍ ഉണ്ടാവുക.

എന്ന് നിന്റെ മൊയ്തീന്‍, വെള്ളിമൂങ്ങ, പുലിമുരുകന്‍ എന്നീ സിനിമകളുടെ പുനസംപ്രേഷണവും ഓണം സീസണില്‍ ഏഷ്യാനെറ്റിലുണ്ടാകും. ചലച്ചിത്രലോകവും സീരിയല്‍ മേഖലയും അണിനിരന്ന ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡിന്റെ സംപ്രേഷണവും ഈ ദിവസങ്ങളില്‍ ഉണ്ടാകും.

ഗ്രേറ്റ് ഫാദറും മുന്തിരിവള്ളികളുമായി സൂര്യ

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സൂര്യാ ടിവിയുടെ ആകര്‍ഷണം. മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ തിരുവോണ നാളില്‍ സൂര്യാ ടിവിയില്‍ ഉണ്ടാകും. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഓണനാളുകളില്‍ സൂര്യാ ടിവി സംപ്രേഷണം ചെയ്യും. ഇതോടൊപ്പം വിനീത് ശ്രീനിവാസന്‍ നായകനായ എബി, ആസിഫലിയുടെ അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, കുഞ്ചാക്കോ ബോബന്‍ നായകനായ രാമന്റെ ഏദന്‍തോട്ടം, ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നിവയും സൂര്യയുടെ ഓണം പാക്കേജിലുണ്ട്. ഓഗസ്റ്റ് 14 മുതല്‍ 18 വരെ സൂര്യയില്‍ മഞ്ജു വാര്യര്‍ ഫിലിം ഫെസ്റ്റിവലാണ്.

മുന്‍നിര വിനോദ ചാനലുകളില്‍ ദിലീപ് അറസ്റ്റിലാകുന്നത് വരെ റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നത് ദിലീപ് ചിത്രങ്ങളായിരുന്നു. പോയ വര്‍ഷവും ദിലീപ് ചിത്രം ടു കണ്ട്രീസ് ആണ് റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നത്.

ദുല്‍ഖറിനും ടോവിനോയ്ക്കുമൊപ്പം മഴവില്‍ മനോരമ

ബാഹുബലി രണ്ടാം ഭാഗം കൈവിട്ടെങ്കിലും യുവതാര നിരയ്‌ക്കൊപ്പമാണ് മഴവില്‍ മനോരമ ഓണത്തിനെത്തുന്നത്. ഈ വര്‍ഷം ആദ്യപകുതിയിലെ രണ്ട് ഹിറ്റ് ചിത്രങ്ങളാണ് മനോരമ ഓണനാളില്‍ ആദ്യമായി മിനിസ്‌ക്രീനിലെത്തിക്കുന്നത്. ദുല്‍കര്‍ സല്‍മാന്‍ നായനകായ ജോമോന്റെ സുവിശേഷങ്ങള്‍, ടോവിനോ തോമസ് നായകനായ ഗോദ, ഇതോടൊപ്പം സണ്ണി വെയിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മഴവില്‍ മനോരമ സംപ്രേഷണം ചെയ്യും.

സിഐഎയുമായി മത്സരത്തിന് ഫ്‌ളവേഴ്‌സ്

മുന്‍വര്‍ഷങ്ങളില്‍ വമ്പന്‍ സിനിമകളുമായി ഫെസ്റ്റിവല്‍ സീസണില്‍ മാറ്റുരയ്ക്കുന്നതില്‍ ഫ്‌ളവേഴ്‌സ് പിന്നിലായിരുന്നു. എന്നാല്‍ ഇത്തവണ ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം സിഐഎ ആണ് ഓണനാളില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് കൂടാതെ ജീത്തു ജോസഫ് നിര്‍മ്മിച്ച് അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്ത ഇന്ദ്രജിത്ത്-ബിജു മേനോന്‍ ചിത്രം ലക്ഷ്യം, ജയസൂര്യയെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ഫുക്രി എന്നീ സിനിമകള്‍ ഓണം സീസണില്‍ ഫ്‌ളവേഴ്‌സില്‍ ഉണ്ടാകും.

<
അമൃതയില്‍ അങ്കമാലി ഡയറീസും എസ്രയും

ഒരു സൂപ്പര്‍ഹിറ്റ് ചിത്രവും ഒരു ട്രെന്‍ഡ് സെറ്റര്‍ ഹിറ്റുമായാണ് അമൃതയുടെ ഓണാഘോഷം. മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനിലെത്തിയ ലാല്‍സലാം എന്ന സീരീസും ഓണനാളുകളില്‍ പ്രത്യേക പതിപ്പായി ഉണ്ടാകും. ലിജോ പെല്ലിശേരി 86 പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്, പൃഥ്വിരാജിന്റെ ഹിറ്റ് ചി്ത്രം എസ്ര, മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടിലെത്തിയ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്നിവയാണ് അമൃതയുടെ ഓണം പാക്കേജ്.

ധ്രുവങ്ങള്‍ പതിനാറ്, ടേക്ക് ഓഫ് എന്നിവ കൈരളിയില്‍

കൈരളിയില്‍ ഏത് ഉത്സവനാളിലും വല്യേട്ടനും തമിഴ് സിനിമകളുടെ മലയാളം ഡബ്ബിംഗുമാണെന്ന ട്രോളുകളെ അപ്രസക്തമാക്കുന്ന പാക്കേജുകളാണ് ഈയടുത്ത ഫെസ്റ്റിവല്‍ സീസണുകളില്‍ ചാനലില്‍ ഉണ്ടായിരുന്നത്. ഇത്തവണ ഏഷ്യാനെറ്റിനൊപ്പം ചേര്‍ന്ന് കൈരളി സാറ്റലൈറ്റ് അവകാശം നേടിയ ഒരു മെക്‌സിക്കന്‍ അപാരത, കെയര്‍ ഓഫ് സൈറാബാനു ,ടേക്ക് ഓഫ് എന്നീ സിനിമകള്‍ ഓണനാളില്‍ കൈരളി സംപ്രേഷണം ചെയ്യും. തമിഴിലും മലയാളത്തിലും പ്രേക്ഷകരെ നേടിയ ധ്രുവങ്ങള്‍ പതിനാറ് കൈരളിയുടെ ഓണം പാക്കേജിലുണ്ട്. ഇത് കൂടാതെ തോഴ, ബോഗന്‍ എന്നീ ചിത്രങ്ങളും കൈരളി സംപ്രേഷണം ചെയ്യും.

ടെലിവിഷന്‍ ഓഡിയന്‍സ് മോണിറ്ററിംഗ് സംവിധാനമായ ടാം(television audience measurement)ന് പകരം നിലവില്‍ വന്ന യമൃര((Broadcast Audience Research Council) റേറ്റിംഗ് പ്രകാരം ഓണം സീസണില്‍ റേറ്റിംഗില്‍ ഒന്നാമതെത്തിയ ചാനല്‍ ഏഷ്യാനെറ്റായിരുന്നു. ഇടക്കാലത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന സൂര്യാ ടിവി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മഴവില്‍ മനോരമയാണ് മൂന്നാം സ്ഥാനത്ത്. ഫ്ളവേഴ്സ് ടിവിയും കൈരളി ടിവിയും നാലാം സ്ഥാനം പങ്കിട്ടു. കിരണ്‍ അഞ്ചാമതും ഏഷ്യാനെറ്റ് പ്ളസ് ആറാമതും അമൃതാ ടിവി ഏഴാമതുമാണ്. മറ്റ് ചാനലുകളെ റേറ്റിംഗില്‍ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. വിവിധ പ്രോഗ്രാമുകളിലൂടെയും സിനിമയിലൂടെയും 212 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള സൂര്യാ ടിവിക്ക് 99ഉം മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമയ്ക്ക് 77 പോയിന്റും ലഭിച്ചു. നാലാം സ്ഥാനത്തുള്ള കൈരളിക്കും ഫ്ളവേഴ്സിനും 33 പോയിന്റുകളാണ് ഉള്ളത്.

30ഓളം ചിത്രങ്ങളും ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ ഓണച്ചിത്രങ്ങളായി വിവിധ ചാനലുകള്‍ സംപ്രേഷണം ചെയ്തപ്പോള്‍ റേറ്റിംഗില്‍ മുന്നിലെത്തിയത് ദിലീപ് ചിത്രം ടു കണ്‍ട്രീസ് ആണ്. ഏഷ്യാനെറ്റ് തിരുവോണ നാളില്‍ വൈകിട്ട് സംപ്രേഷണം ചെയ്ത ചിത്രം 10.60 പോയിന്റ് നേടി ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രമായി മാറി. ദിലീപിനെയും മംമ്താ മോഹന്‍ദാസിനെയും നായികാ നായകന്മാരാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലും മികച്ച വിജയമായിരുന്നു. 2015ലെ ക്രിസ്മസ് റിലീസായിരുന്നു ടു കണ്‍ട്രീസ്.

രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ്് സംപ്രേഷണം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവാണ്. തിയറ്ററുകളില്‍ 30 കോടി ഗ്രോസ് നേടിയ ഈ ചിത്രം 6.71 റേറ്റിംഗ് നേടി. മൂന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം വിസ്മയം(6.29) ആണ്. തൊട്ടുപിന്നില്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം(6.26). മഴവില്‍ മനോരമയാണ് നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം സംപ്രേഷണം ചെയ്തത്. അടി കപ്യാരേ കൂട്ടമണി (6.01), ആടുപുലിയാട്ടം(5.09),അമര്‍ അക്ബര്‍ അന്തോണി (4.7) എന്നിവയാണ് തൊട്ടടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം