വടകര : “ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽനല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം, കുട്ടികള്‍ക്ക് കഴിക്കാലോ ?”…… മുതിര്‍ന്ന കമ്മ്യുണിസ്റ്റും ദീര്‍ഘകാലം സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്റെ വില്പത്രം പോലെ ഒരു കുറിപ്പ് .
ഈ അതുല്ല്യ നേതാവിന്റെ ആഗ്രഹങ്ങള്‍ പോലെത്തന്നെയായിരുന്നു ഞായരാഴ്ച വടകരക്കടുത്തെ പണിക്കോട്ടിയില്‍ നടന്ന കേളപ്പേട്ടന്റെ അന്ത്യ യാത്രയും .
ജീവിതത്തില്‍ ഉടനീളം മാതൃകാ കമ്മ്യുണിസ്റ്റും എഴുത്തുകാരനുംമായ എം കേളപ്പന് എന്ന എം കെ പണിക്കോട്ടി ഇന്ന് (11/8 /2019) പുലര്‍ച്ചെയാണ് തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത് .
എം കേളപ്പന്റെ അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് ഇങ്ങനെ ……………………
– ഞാൻ എവിടെ വച്ച് മരിച്ചാലും വീട്ടിൽ സംസ്കരിക്കണം. ദഹിപ്പിക്കരുത്,
മണ്ണിൽ കുഴിച്ചിട്ടാൽ മതി. കുളിപ്പിക്കാതെ സംസ്കരിക്കുന്നതാണ് എനിക്ക്
ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു.
— മുറ്റത്ത് കിടത്തിയാൽ വിളക്ക് കത്തിക്കരുത്. ചന്ദനതിരി കത്തിക്കാം. അത്
ദുർഗന്ധം ഒഴിവാക്കുമല്ലോ.
ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി
ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത്, എന്റെ മൃതശരീരം കത്തുന്ന
ദുർ മണം എന്തിനാണ് മറ്റുള്ളവരെ കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന
അർത്ഥത്തിലാണ്.
എന്റെ ആന്തരികാവയവങ്ങളൊക്കെ കുറേശ്ശേ കേടുള്ളത് കൊണ്ട് ആണ്
ഞാൻ അവയവ ദാനങ്ങൾക്ക് തയ്യാറാകാതിരുന്നത്. കാഴ്ചയില്ലാത്ത
കണ്ണുകൾ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു.
– കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ
നല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം, അതിൽ ഫലങ്ങളുണ്ടായാൽ
വിൽക്കരുത്. കുട്ടികളും മറ്റും അത് ഭുജിക്കട്ടെ.
ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാൽപ്പത്തൊന്നും
അൻപത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാര
ത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.
– സംസ്കരിച്ച സ്ഥലത്തോ വീട്ടിലോ പങ്ങളൊന്നും ഉണ്ടാക്കരുത്.
ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികൾക്ക്
സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കൾക്ക് ഇരുന്ന് സൊള്ളിക്കാനും
മറ്റും ഒരു ചെറിയ ഹാൾ റോഡിന് സമാനമായി നിർമ്മിച്ച് സ്മാരകമാക്കാം.
എന്നോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ കാണിക്കേണ്ടത് ഈ കുറിപ്പ്
അന്വർഥമാക്കികൊണ്ടായിരിക്കണം.
വിനയപൂർവ്വം എം.കെ.പണിക്കോട്ടി എന്ന് എം.കേളപ്പൻ
എം കേളപ്പന് എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതം വരും തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു പാഠമാണ്
കേളുഏട്ടന്‍, സി എച്ച് കണാരന്, പി ആര് നമ്പ്യാര്‍, എം കുമാരന് എന്നിവരെല്ലാം കേരള രാഷ്ട്രീയത്തിന് വടകരയുടെ അമൂല്യസംഭാവനയാണ്. ഇവരിലധികംപേരും ആദ്യകാലത്ത് ആവേശമുള്‍ക്കൊണ്ടത് വാഗ്ഭടാനന്ദനില്നിന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍, പ്രത്യേകിച്ചും മലബാറില്‍ മുഴുവന്‍ ‘ഉണരുവിന്‍…. അനീതിയോടെതിര്‍പ്പിന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി കര്‍മമണ്ഡലത്തില്‍ ഉയര്‍ന്നുനിന്ന സേവനനിരതനായിരുന്നു വാഗ്ഭടാനന്ദന്. സാമൂഹിക ജീവിതത്തിന്റെ ഏതുരംഗത്തുമുള്ള അനീതിയെയും, അധര്‍മത്തെയും നഖശിഖാന്തമെതിര്ത്തുകൊണ്ട് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സി എച്ച് കണാരന്റെയും കേളുഏട്ടന്റെയും കുമാരന് മാസ്റ്ററുടെയും മാതൃകാശിഷ്യനായിരുന്നു അദ്ദേഹം.
1930കളില്‍ വടകരയിലും ചുറ്റുപാടുമുള്ള കോളറയും വസൂരിയും പിടിപെട്ട രോഗികളെ ശുശ്രൂഷിച്ചുകൊണ്ടാണ് കേളുഏട്ടനും കുമാരന്‍മാസ്റ്ററും രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. ഇവരുടെയൊക്കെ തൊട്ട് പിന്‍ഗാമിയായി വന്നയാളാണ് എം കേളപ്പന്. ധര്മാധര്മസംഘര്ഷത്തില് ധര്‍മത്തിന്റെ പക്ഷപാതിയാകാനും, അര്‍പ്പണമനോഭാവത്തോടെ സാമൂഹ്യസേവനം നടത്താനും, സര്‍വ്വോപരി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അണിചേരാനും അദ്ദേഹത്തിന് പ്രചോദനവും പ്രേരണയും നല്‍കിയത് മേല്‍പ്പറഞ്ഞ നേതാക്കള്‍ തന്നെയാണ്.
ഇതോടൊപ്പം കുറുമ്പ്രനാട് താലൂക്കില്‍ (കടത്തനാട്) സാംസ്കാരികരംഗത്തും പുതിയ ഉണര്‍വ്വുണ്ടായിരുന്നു. ഇതിന് കാരണം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവമാണ്. ‘ഒരു പെണ്‍കിടാവിന്റെ തന്‍േറടം’ എന്ന നോവലെഴുതിയ മൊയാരത്ത് ശങ്കരന് കുറേവര്ഷങ്ങള് വടകരയിലുണ്ടായിരുന്നു. 1924ല്‍ ‘കേരളകേസരി’ എന്ന പേരിലുള്ള പ്രസിദ്ധീകരണം മൊയാരത്ത് വടകരയില്‍നിന്നും ആരംഭിക്കുകയുണ്ടായി. സാഹിത്യകലാപ്രവര്ത്തനങ്ങള് അധഃസ്ഥിതര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും വെളിച്ചം നല്‍കണമെന്ന പാഠമാണ് പുരോഗമനസാഹിത്യം നല്‍കിയത്.
സമൂഹവളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രതിലോമശക്തികളേതാണെന്നും, അവയെ എതിര്‍ത്ത് തോല്പ്പിക്കേണ്ടതെങ്ങനെയെന്നും പുരോഗമനസാഹിത്യം ജനങ്ങളെ പഠിപ്പിച്ചു. സ്വാതന്ത്ര്യ പ്രക്ഷോഭത്തിലണിനിരക്കാനും സംഘടന ജനങ്ങളെ ആഹ്വാനംചെയ്തു. മാത്രമല്ല ഫാഷിസത്തെ എതിര്‍ക്കാനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താനും പുരോഗമന സാഹിത്യസംഘടന എഴുത്തുകാരോടാവശ്യപ്പെട്ടു. ഇതിന്റെ അലയൊലികള്‍ അക്കാലത്തുതന്നെ കടത്തനാട്ടിലും എത്തുകയുണ്ടായി. ആവള ടി കുഞ്ഞിരാമക്കുറുപ്പ് (ചെറുകഥാകൃത്ത്), വി ടി കുമാരന് (കവി) എന്നിവരെല്ലാം പുരോഗമന സാഹിത്യത്തിന്റെയും ഇടതുപക്ഷാശയങ്ങളുടെയും വക്താക്കളായിരുന്നു. ഇവരുടെ പാത പിന്തുടര്ന്നുകൊണ്ടാണ് എം കെ പണിക്കോട്ടിയും (എം കേളപ്പന്) സാംസ്കാരികരംഗത്തേക്ക് വരുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ശിരസ്സാവഹിച്ചുകൊണ്ട്, ജീവിതത്തിന്റെ ഒരനിവാര്യതയായി സാംസ്കാരിക പ്രവര്‍ത്തനവും നടത്തിയ ആളാണ് എം കെ പണിക്കോട്ടി. രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും, അവ ഒരു രാഷ്ട്രത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണെന്നുമുള്ള അറിവ് ലഭിക്കാനിടയായത് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിലൂടെയാണെന്നതില് എം കെ പണിക്കോട്ടി അഭിമാനം കൊള്ളാറുണ്ട്.
പുതിയ തലമുറയിലെ യുവാക്കള്‍ക്ക് വിഭാവനം ചെയ്യാനാവാത്തവിധം ദാരിദ്ര്യവും കഷ്ടപ്പാടുമുണ്ടായിരുന്ന ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തിലാണ് 1929ല്‍ എം കേളപ്പന് ജനിച്ചത്. ഏഴാംവയസ്സില്‍ സ്കൂളില്‍ ചേര്‍ത്തെങ്കിലും കാര്‍ഷികവൃത്തിയില്‍ അച്ഛനമ്മമാരെ എപ്പോഴും സഹായിക്കേണ്ടിവന്നു. ഭൗതിക സാഹചര്യക്കുറവുണ്ടായിരുന്നുവെങ്കിലും പഠിക്കാന്‍ ചെറുപ്പത്തിലേ വലിയ താല്പര്യമായിരുന്നു. അച്ഛന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണെങ്കിലും രണ്ടാംക്ലാസുമുതലേ രാമായണം വായിക്കാറുണ്ട്. ഇതായിരിക്കാം പില്ക്കാലത്ത് കവിതാരചനയിലും കഥാരചനയിലും പ്രാവീണ്യം നേടാന്‍ സഹായിച്ചത്. അറിയാവുന്ന കഥകള്‍ ഒരുകൂട്ടം സുഹൃത്തുക്കളുടെ മുമ്പില്‍വെച്ച് ഭംഗിയായി പറയുന്ന ശീലവും പണിക്കോട്ടിക്കുണ്ടായിരുന്നു. ഇതോടൊപ്പം അക്ഷരശ്ലോക മത്സരത്തിലും ശ്രദ്ധേയനാവാന്‍ കഴിഞ്ഞു.
എട്ടാംക്ലാസ് പാസ്സായശേഷം ഹൈസ്കൂളില്‍ പഠനം തുടരാനോ, രണ്ടുകൊല്ലത്തെ ട്രെയിനിങ്ങ് കഴിഞ്ഞ് അധ്യാപക ജോലിയിലേര്‍പ്പെടാനോ കഴിഞ്ഞില്ല. കാരണം രണ്ടായാലും പിന്നോക്കവിഭാഗക്കാര്‍ക്ക് അന്ന് ഫീസ് കൊടുക്കേണ്ടിയിരുന്നു. എട്ടാംക്ലാസിനുശേഷം കര്‍ഷകത്തൊഴിലാളിയായി ജീവിതമാരംഭിച്ചു. കുട്ടിക്കാലത്തുതന്നെ എം കേളപ്പന് സാമൂഹ്യരാഷ്ട്രീയപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്നു. കോണ്‍ഗ്രസ്സിലാണ് ആദ്യം മെമ്പര്ഷിപ്പെടുത്തത്. പിന്നീട് കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനായി. കമ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ രണ്ടുതരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകുകയുണ്ടായി. ഒന്ന് രാഷ്ട്രീയം, രണ്ട് സാംസ്കാരികം.
ഒരു നാട്ടിലെ വിപ്ലവപ്രസ്ഥാനത്തിന്റെ രണ്ടു മുഖങ്ങളാണല്ലോ ഇവ രണ്ടും. രാഷ്ട്രീയപ്രവര്ത്തകന് എം കേളപ്പനും സാംസ്കാരിക പ്രവര്ത്തകന് എം കെ പണിക്കോട്ടി (തൂലികാനാമം)യുമായിരുന്നു. ഈ രണ്ടു മണ്ഡലങ്ങളിലും അസൂയാവഹവും അഴുക്ക് പുരളാത്തതുമായ പ്രവര്‍ത്തനം കാഴ്ചവെക്കാനദ്ദേഹത്തിന് കഴിഞ്ഞു. തന്നെ ഒരു പുതിയ മനുഷ്യനാക്കിയത് കമ്യൂണിസ്റ്റ് ആശയമാണെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹവളര്ച്ചയെക്കുറിച്ച് ശാസ്ത്രീയമായ കാഴ്ചപ്പാടുണ്ടാകാനും പ്രതിലോമശക്തികളേതെല്ലാമെന്നറിയാനും അവയോടെല്ലാം പ്രതിഷേധരൂപത്തില്‍ പ്രതികരിക്കാനും അദ്ദേഹത്തിന് കഴിവുണ്ടാക്കിയത് കമ്യൂണിസ്റ്റ് തത്വസംഹിതയാണ്.
കഴിയാവുന്നത്ര ഒരു തികഞ്ഞ കമ്യുണിസ്റ്റുകാരനായി ജീവിക്കാനാണ് കേളപ്പന് ശ്രമിച്ചത്. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു എം കെ പണിക്കോട്ടി. സാംസ്കാരിക പ്രഭാഷകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം പ്രശസ്തിയിലേക്കുയരുകയുംചെയ്തു. ഉണ്ണിയാര്‍ച്ചയുടെ ഉറുമി, അഭയംതേടി, വടക്കന്‍ വീരകഥകള്‍ എന്നിവ എം കെ പണിക്കോട്ടിയുടെ ബാലസാഹിത്യകൃതികളാണ്. ബ്രഹ്മരക്ഷസ് എന്ന പേരില്‍ ഒരു നോവലുമദ്ദേഹമെഴുതിയിട്ടുണ്ട്. ‘എന്റെ നാട്’ കവിതാസമാഹാരവും, ‘വടക്കന്‍ പാട്ടുകളിലൂടെ’ പഠനവുമാണ്.
കടത്തനാട്ടിന് സ്വന്തമെന്നു പറയാവുന്ന സാഹിത്യമാണല്ലോ വടക്കന്‍പാട്ടുകള്‍. ഇതിലദ്ദേഹത്തിന് അവഗാഹമായ അറിവുണ്ട്. ടി എച്ച് കുഞ്ഞിരാമന്നമ്പ്യാരെപ്പോലെ വടക്കന്‍പാട്ടിലെ നൂറുകണക്കിന് വരികള്‍ പണിക്കോട്ടിക്ക് ഹൃദിസ്ഥമാണ്. ഈ കഥകള്‍ വ്യാഖ്യാനസഹിതം ഭംഗിയായി അവതരിപ്പിക്കാനുമറിയാം. വടക്കന്‍ പാട്ടുകളിലൂടെ എന്ന ഗ്രന്ഥത്തെ വലിയ എഴുത്തുകാര്‍വരെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ‘അമൃതസ്മരണകള്‍’ എം കേളപ്പന്റെ ആത്മകഥയാണ്. വിജയങ്ങളോടൊപ്പം പരാജയങ്ങളും പോരായ്മകളും ഈ ആത്മകഥയിലദ്ദേഹം വിവരിക്കുന്നു. തന്റെ കഴിഞ്ഞകാലജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും അതേപടി പകര്‍ത്തുന്നതില്‍ അല്പംപോലുമദ്ദേഹത്തിന് അപകര്‍ഷതാബോധമില്ല. ഒരാത്മകഥയുടെ അന്തസ്സത്തയായിരിക്കേണ്ട സത്യസന്ധത ഈ കൃതിയെ വേറിട്ടൊരു രചനയാക്കുന്നു.
എത്തിപ്പിടിക്കാനാവാത്തതിനെ ലക്ഷ്യമാക്കണമെന്നും, അത് നേടാന്‍ ഭഗീരഥപ്രയത്നം നടത്തണമെന്നുമുള്ളതാണ് കേളപ്പേട്ടന് നല്കുന്ന ജീവിതപാഠം. സ്വപ്നം കാണുന്നതില്‍ അപാകതയൊന്നുമില്ല. പക്ഷേ സ്വപ്നം കണ്ട് ഉറങ്ങരുത്. മറിച്ച് അത് സാക്ഷാത്കരിക്കുന്നതിനുവേണ്ടി കഠിനപ്രയത്നങ്ങള്‍ നടത്തണം എന്ന ലെനിന്റെ ഉപദേശമാണ് കേളപ്പേട്ടന് സ്വജീവിതത്തെ രൂപപ്പെടുത്താന്‍ ഉപയോഗപ്പെടുത്തിയത്. തന്റെ ജീവിതത്തിലത് യാഥാര്‍ഥ്യമാക്കി എന്നദ്ദേഹത്തിന് അഭിമാനിക്കാം. എം കേളപ്പന് എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതം വരും തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു പാഠമാണ്.
പുരോഗമന രാഷ്ടീയധാരയ്ക്കേറ്റ കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: സഖാവ് എം കേളപ്പന്റെ നിര്യാണം പുരോഗമന രാഷ്ടീയധാരയ്ക്കേറ്റ കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുതിര്‍ന്ന സിപിഐ എം നേതാവെന്ന നിലയില്‍ പ്രവര്‍ത്തന നിരതനായിരിക്കുമ്പോള്‍ തന്നെ വടക്കന്‍പാട്ട് കലാകാരനായും എഴുത്തുകാരനായും എം കെ പണിക്കോട്ടി എന്ന പേരില്‍ അദ്ദേഹം ജനപഥങ്ങളിലുണ്ടായിരുന്നു.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വടകര മണ്ഡലം കമ്മിറ്റി അംഗമായാണ് കേളപ്പേട്ടന് സജീവ രാഷ്ട്രീയത്തിലേക്ക് വന്നത്. തുടര്‍ന്ന് സിപിഐ എം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി, വടകര ഏരിയാ സെക്രട്ടറി, പതിനൊന്ന് വര്‍ഷം കോഴിക്കോട് ജില്ലാ സെക്രട്ടറി, ദീര്‍ഘകാലം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായി.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി സമരമുഖങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുറക്കുകയുണ്ടായി. കെ എസ് കെ ടി യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിതി അംഗവുമായിരുന്നു.
കലാ സാംസ്കാരിക സാഹിത്യ മേഖലകളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെയെല്ലാം തൊഴിലാളി വര്‍ഗത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമാക്കി മാറ്റാന്‍ കേളപ്പേട്ടന് ശ്രമിച്ചു.
എന്‍ സി ശേഖര്‍ പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ്, ദല സാഹിത്യ പുരസ്കാരം എന്നിവ നേടിയ ആത്മകഥയായ അമൃത സ്മരണകള്‍, കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ – ഇന്നലെ ഇന്ന് നാളെ, അഭയം തേടി, ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരഗാഥകള്‍, വടക്കന്‍ പാട്ടുകളിലെ പെണ്‍പെരുമ, വടക്കന്‍പാട്ട് ഫലിതങ്ങള്‍, ബ്രഹ്മരക്ഷസ്സ്, എന്റെ നാട്, മയക്കുതിര, കുട്ടനും കൂട്ടുകാരനും എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ജീവിതം ഒരു സുന്ദര സ്വപ്നമല്ല’, ‘പൊലീസ് വെരിഫിക്കേഷന്’ തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ച് സംവിധാനം നിര്‍വഹിച്ചു. തച്ചോളിക്കളി, കോല്‍ക്കളി പരിശീലകനുമായിരുന്നു സഖാവ്.
സഖാവ് എം കേളപ്പന് രക്താഭിവാദ്യങ്ങള്‍. കുടുംബാംഗങ്ങളുടേയും സഖാക്കളുടേയും ദുഖത്തില്‍ പങ്കാളിയാവുന്നുവെന്നും കോടിയേരി പറഞ്ഞു.