ആദിവാസികളുടെ ഭൂപ്രശ‌്നത്തിന‌് മൂന്നു മാസത്തിനകം പരിഹാരം : മന്ത്രി എ കെ ബാലൻ

പാലക്കാട‌് :  സംസ്ഥാനത്തെ ആദിവാസികളുടെ ഭൂപ്രശ‌്നത്തിന‌് മൂന്നു മാസത്തിനകം പരിഹാരമാകുമെന്ന‌് മന്ത്രി എ കെ ബാലൻ. കേരള മന്ത്രിസഭയുടെ ആയിരംദിനാഘോഷങ്ങളുടെ ഉദ‌്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ‌് സർക്കാർ കേരളത്തിന്റെ മുഖഛായ മാറ്റി. അസാധ്യമെന്നു കരുതിയ നിരവധി പദ്ധതികൾ പൂർത്തിയാക്കി.
ആയിരംദിനം കൊണ്ട‌് കേരളത്തെ വികസനത്തിന്റെ പാതയിൽ എത്തിച്ചു.
സംസ്ഥാനത്ത‌് 11,000 ത്തോളം ആദിവാസികൾക്ക‌് സ്വന്തമായി ഭൂമിയില്ല. ഇവർക്ക‌് ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ലൈഫ‌് മിഷനിലൂടെ ഒരു വർഷത്തിനുള്ളിൽ  എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കും.
 നീതി ആയോഗും ഐക്യരാഷ‌്ട്രസഭയും ഇന്ത്യയിലെ മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. സ‌്ത്രീസുരക്ഷാ, ഭരണനിർവഹണം, ക്രമസമാധാനം എന്നീ മേഖലയിൽ കേരളത്തിന് ഒട്ടേറെ അംഗീകാരം ലഭിച്ചു.
 സംസ്ഥാന സർക്കാർ ഒരുലക്ഷം തൊഴിലവസരങ്ങളാണ‌്  സൃഷ്ടിച്ചത‌്. ഒരുലക്ഷം തൊഴിലവസരംകൂടി സൃഷ്ടിക്കും. സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 40 പൊതുമേഖലാസ്ഥാപനങ്ങളിൽ എട്ടെണ്ണമായിരുന്നു ലാഭത്തിൽ.
ഇപ്പോൾ 20 എണ്ണം ലാഭത്തിലായി. 14,490 കോടി രൂപയുടെ ക്ഷേമപെൻഷൻ വിതരണം ചെയ‌്തു. ആരോഗ്യമേഖലയിൽ നടപ്പാക്കിയ ആർദ്രം മിഷൻ ലോകശ്രദ്ധ നേടി.
ഈ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന‌് ചിലർ പ്രചരിപ്പിക്കുന്നു.
ചില മാധ്യമങ്ങളും ഇവർക്ക‌് താങ്ങും തണലുമായുണ്ട‌്. വലിയ ഗൂഢാലോചനയാണ‌് ഇതിനു പിന്നിൽ. ഇവർക്കുള്ള മറുപടിയാണ‌് സർക്കാരിന്റെ വികസനനേട്ടങ്ങൾ.
വി ടി ഭട്ടതിരിപ്പാട‌് സാംസ‌്കാരിക സമുച്ചയം ജില്ലയുടെ സാംസ‌്കാരിക മുഖമാകും.
കേരളത്തിനും സാംസ‌്കാരികമേഖലയിലും പാലക്കാട‌് നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുന്ന വിധത്തിലാകും സാംസ‌്കാരിക സമുച്ചയമെന്നും എ കെ ബാലൻ പറഞ്ഞു.

 

Loading...