പ്രിയപ്പെട്ട മകളെ അവസാനമായി ഒരു നോക്കു കാണാന്‍ ഇനി കഴിയുമോ എന്നറിയില്ല;വിങ്ങി പൊട്ടി ട്രക്കിങ്ങിനിടെ അപകടത്തിൽപ്പെട്ട് മരിച്ച മീനാക്ഷിയുടെ അമ്മ

Loading...

കോട്ടയം:  പൊന്നു മകൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കഴിയുമോ എന്നു പോലും അറിയാതെ നെഞ്ചുരുകി കഴിയുകയാണു തിരുനക്കര വാണിശ്രീ വീട്ടിൽ എസ്.ആർ.മൂർത്തിയും ചിത്രയും. ട്രക്കിങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോള്‍ അപകടത്തിൽപ്പെട്ടു കലിഫോർണിയയിൽ മരിച്ച മകൾ മീനാക്ഷിയുടെയും മരുമകൻ വിഷ്ണുവിന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ‌

23നു യോസാമിറ്റി നാഷനൽ പാർക്കിലെ ട്രക്കിങ്ങിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ട് 3000 അടി ഉയരത്തിൽനിന്നു താഴേക്കു വീഴുന്നത്. ശനി രാവിലെ കണ്ടെടുത്ത മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലുള്ളതായിരുന്നു. പ്രിയപ്പെട്ട മകളെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യയാത്ര അർപ്പിക്കാനും കലിഫോർണിയയിലേക്കു പോയാലും ആ മുഖം വീണ്ടുമൊന്നു കാണാനാകില്ലെന്ന് ഈ അച്ഛനും അമ്മയ്ക്കുമറിയാം.

സാഹസികയാത്രകളെ ഏറെയിഷ്ടപ്പെട്ടിരുന്ന മീനാക്ഷിയുടെയും വിഷ്ണുവിന്റെയും അവസാനത്തെ സാഹസികയാത്രയായിരുന്നു യോസാമിറ്റി നാഷനൽ പാർക്കിലേക്കുള്ള ട്രക്കിങ്. മിക്കവാറും ദിവസങ്ങളിലും വീട്ടിലേക്കു ഫോൺ വഴിയും വാട്സാപ് വഴിയുമൊക്കെ വിശേഷങ്ങൾ അറിയിച്ചിരുന്ന മീനാക്ഷി അവസാനയാത്രയെക്കുറിച്ചും വീട്ടിൽ അറിയിച്ചിരുന്നു.

പിന്നീടു ഫോണിലും മറ്റും ഇരുവരെയും കിട്ടാതായതോടെയാണു നാട്ടിൽനിന്ന് അന്വേഷണമാരംഭിക്കുന്നത്. മീനാക്ഷിയുടെ അമ്മാവൻ വഴിയും പൊലീസ് വിഭാഗത്തിലുള്ള ബന്ധു വഴിയുമുള്ള അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കാണാനില്ലെന്ന വിവരം വീട്ടിലറിയുന്നത്.

പിന്നീട് അവരുടെ ജീവനുവേണ്ടി കണ്ണീരൊഴുക്കിയുള്ള പ്രാർഥനകൾ. അതിനൊടുവിൽ എത്തിയത് ആ അച്ഛനുമമ്മയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത മരണ വാർത്തയും. ചെങ്ങന്നൂർ എൻജിനീയറിങ് കോളജിലെ സഹപാഠികളായ ഇരുവരും പ്രണയിച്ചു വിവാഹിതരായത് 4 വർഷം മുൻപാണ്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം