എന്താണ് മസാല ബോണ്ട് എന്നറിയാതെ കേരളം…മസാല ബോണ്ട് വഴി പിണറായി സര്‍ക്കാര്‍ സമാഹരിച്ചത് 2150 കോടി; സംഭവമിതാണ്

Loading...

മുംബൈ: മസാല ബോണ്ടിന്റെ പേരില്‍ പ്രതിപക്ഷം രംഗത്തെത്തിയതോടെ വിവാദത്തിലായിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. മസാല ബോണ്ട് വഴി 2150 കോടിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) സമാഹരിച്ചത്. ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ പുറത്തിറക്കിയത്.

9.75% പലിശനിരക്കില്‍ കടപ്പത്ര വിപണിയില്‍ നിന്നും 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനത്തിന് തുക സമാഹരിച്ചത്. മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്ബ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (എച്ച്ഡിഎഫ്‌സി) മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. എച്ച്ഡിഎഫ്‌സി സമാഹരിച്ചതുള്‍പ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ സമാഹരിച്ചത്. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാല്‍ നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. അതുകൊണ്ട് തന്നെ മൂല്യമിടിഞ്ഞാല്‍ കിഫ്ബിക്ക് നഷ്ടം സഹിക്കേണ്ടി വരില്ല.

നല്ല റേറ്റിംഗുള്ള ഏജന്‍സികള്‍ മസാല ബോണ്ട് ഇറക്കിയാല്‍ സാധാരണ ലാഭസാധ്യത മുന്നില്‍ കണ്ട് കമ്പനികള്‍ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരവും രുചിവൈവിധ്യങ്ങളും രാജ്യാന്തര വിപണിയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രൂപയിലെ ബോണ്ടുകളെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ മസാല ബോണ്ട് എന്ന് വിളിക്കുന്നത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനാണ് (ഐഎഫ്സി) ഇതാദ്യം പുറത്തിറക്കിയത്.

എന്തിനാണ് മസാല ബോണ്ട് പുറത്തിറക്കിയത്?

മഹാപ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില ഭദ്രമല്ല. സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉല്‍പാദനവും തമ്മിലുള്ള അനുപാതം (ഡെബ്റ്റ് – ടു – ഡിജിപി റേഷ്യോ) എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 27.36% എന്ന നിലയിലാണ്. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷിയാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലുമാണ്. ഇക്കാരണത്താല്‍ പലിശനിരക്കുകള്‍ ഉയര്‍ന്നതായി മാറും. ഇത് അടിസ്ഥാന സൗകര്യ വികസനത്തില്‍ കുറഞ്ഞ തോതിലുള്ള ചെലവു ചെയ്യലിന് കാരണമാകുന്നു.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഇതര ഏജന്‍സികള്‍ ബജറ്റ് വിഹിതത്തെ പൂര്‍ണമായും ആശ്രയിച്ചു നില്‍ക്കുന്നവയോ പൊതു ഉടമസ്ഥതയിലുള്ള കമ്ബനികളോ ആണ്. അദാനി ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ കമ്ബനികളും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരം കമ്ബനികളെ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് കാര്യമായി സംസ്ഥാനത്ത് നടക്കുന്നത്. ഫണ്ട് പരിമിതി ഇവയ്ക്കെല്ലാം വലിയ പ്രശ്നമാണ്. ഇക്കാരണത്താല്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടത് അത്യാവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്ന മസാല ബോണ്ട് ഇറക്കാന്‍ കേരള സര്‍ക്കാര്‍ സംരംഭമായ കിഫ്ബി തീരുമാനിച്ചത്.

കേരള സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി

മസാല ബോണ്ട് പുറത്തിറക്കുന്നതിന് വളരെയേറെ വെല്ലുവിളികളാണ് സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിക്ക് മുന്നിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നും ഒരു സംസ്ഥാന സര്‍ക്കാര്‍ മസാല ബോണ്ട് പുറത്തിറക്കുന്നത് ഇതാദ്യമായതിനാല്‍ മൂലധനനിക്ഷേപകരെ കണ്ടെത്തുക എന്നത് വളരെയേറെ പ്രയാസകരമായിരുന്നു. ഒരു സംസ്ഥാനം ഇറക്കിയ ബോണ്ടില്‍ നിക്ഷേപിക്കുമ്‌ബോള്‍ തിരിച്ചടവ് എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ആ സംസ്ഥാനത്തിന്റെ ബ്രാന്‍ഡില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം വരേണ്ടതുണ്ട്. അത്കൊണ്ട് തന്നെ നിക്ഷേപകരായ കാനഡയിലെ സിഡിപിക്യു കമ്ബനി കിഫ്ബിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷമാണ് ബോണ്ടില്‍ നിക്ഷേപിച്ചത്. മാര്‍ച്ച് 21നാണ് കരാര്‍ അംഗീകരിച്ചത്.

സത്യസന്ധനായ സിവില്‍ സെര്‍വന്റ് എന്ന നിലയില്‍ പേരെടുത്ത കെ എം അബ്രഹാമാണ് കിഫ്ബിയുടെ മാനേജിങ് ഡയറക്ടര്‍. ഇദ്ദേഹം സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചെയര്‍മാനായിരുന്ന സമയത്താണ് സഹാറ ഗ്രൂപ്പിനെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് അന്വേഷിച്ചത്. കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രത റോയിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം