ഉലന്‍ ഉദെ : തോറ്റിട്ടും ലോക ബോക്സിംഗ് ചാന്പ്യന്ഷിപ്പില് ചരിത്രമെഴുതി ഇന്ത്യയുടെ മേരി കോം. ലോക ബോക്സിംഗ് ചാന്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ താരമെന്ന ഖ്യാതിയാണു മേരി പേരിലാക്കിയത്.

ശനിയാഴ്ച നടന്ന 51 കിലോഗ്രാം വിഭാഗം സെമി ഫൈനല്‍ മത്സരത്തില്‍ മേരി, തുര്‍ക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടു. 4-1 എന്ന സ്കോറിനായിരുന്നു തുര്‍ക്കിഷ് താരത്തിന്റെ നേട്ടം. ഇതോടെ മേരിക്കു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
51 കിലോഗ്രാം വിഭാഗത്തില്‍ ആദ്യമായാണു മേരി കോം മത്സരിച്ചത്. ലോക ചാന്പ്യന്ഷിപ്പില് മേരി കോമിന്റെ എട്ടാം മെഡലാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യന്ഷിപ്പില് എട്ട് മെഡല്‍ നേടുന്നത്. ക്യൂബന്‍ ഇതിഹാസ പുരുഷ ബോക്സര്‍ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാന്പ്യന്‍ഷിപ്പ് മെഡല്‍ എന്ന റിക്കാര്‍ഡാണു മേരി കോം പഴങ്കഥയാക്കിയത്.
തുടര്‍ച്ചയായി ആറു തവണ ലോക ചാന്പ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായിരുന്നു സാവോണ്‍. ഒരു തവണ വെള്ളിയും നേടിയിരുന്നു. 1986 മുതല്‍ 1999വരെയായിരുന്നു സാവോണിന്റെ മെഡല്‍ നേട്ടങ്ങള്‍. ആറ് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണു മേരിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍. അയര്‍ലന്‍ഡിന്റെ കാതി ടെയ്ലര് ആണ് മെഡല്‍ നേട്ടപട്ടികയില്‍ മൂന്നാമത്, ആറ് എണ്ണം.