സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നിൽ മഞ്ജു വാര്യരെത്തുമ്പോൾ;ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു

Loading...

ഇന്ത്യൻ സിനിമയില്‍ ഛായാഗ്രഹണ കലയുടെ മറുപേരുകളിലൊന്നാണ് സന്തോഷ് ശിവൻ. സന്തോഷിന്റെ ദൃശ്യബോധം എത്രയോ സിനിമകളുടെ മിഴിവും മികവുമായി. സംവിധാനത്തിലേക്കു കടന്നപ്പോഴും സന്തോഷിലെ ഛായാഗ്രാഹകൻ തന്റെ ചിത്രങ്ങളെ സുന്ദരമായ കവിതയാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു.

വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യുകയാണിപ്പോൾ അദ്ദേഹം. ഇത്തവണ സന്തോഷിന്റെ ക്യാമറയ്ക്ക് മുന്നിൽ മഞ്ജു വാര്യരാണ്. മഞ്ജുവും കാളിദാസ് ജയറാമും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ ഹരിപ്പാട് ഷൂട്ടിംഗ് പുരോഗമിക്കുന്നു.

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ‘ജാക്ക് ആന്‍ഡ് ജില്‍’ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിൽ മഞ്ജു ജോയിൻ ചെയ്തു. ലൊക്കേഷൻ ചിത്രങ്ങളും വൈറലാണ്. സൗബിൻ ഷാഹിർ, അജു വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സന്തോഷ് ശിവനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് കാളിദാസ് പറഞ്ഞു.

ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം ഒരുക്കുന്നത്. ഒക്ടോബർ 29നാണ് ആലപ്പുഴ ഹരിപ്പാട്ട് ചിത്രീകരണം ആരംഭിച്ചത്. കേരളത്തിലെ പല ഭാഗങ്ങള്‍ക്കൊപ്പം ലണ്ടനും മറ്റൊരു പ്രധാന ലൊക്കേഷനാണ്.


ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രം. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ബിഗ്ബജറ്റ് സംരംഭത്തിനു മുൻപ് ‘ജാക്ക് ആന്‍ഡ് ജില്‍’ പൂർത്തിയാക്കാനാണ് പദ്ധതി.

Loading...