മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു

Loading...

മഞ്ചേശ്വരം:മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ഇന്ന് പുലര്‍ച്ചെ കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട് നിന്നുള്ള മുസ്ലിം ലീഗിന്‍റെ ശക്തനായ നേതാവായിരുന്ന അദ്ദേഹം, ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും സ്വീകാര്യനായിരുന്നു.

2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്. എന്നും മഞ്ച്വേശരത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ബിജെപിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജയം തടഞ്ഞത് അബ്ദുള്‍ റാസാഖിന്‍റെ ജനകീയ നേതാവെന്ന പ്രതിച്ഛായ തന്നെയായിരുന്നു.

1967-ൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനായി രാഷ്‌ട്രീയ ജീവിതത്തിനു തുടക്കം കുറിച്ച പി.ബി. അബ്‌ദുൽ റസാഖ് നിലവിൽ മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. ഏഴുവർഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫയർ ഡവലപ്‌മെന്റ് സൊസൈറ്റി (ക്രൂസ്) ഡയറക്‌ടർ, ജില്ലാ വികസനസമിതിയംഗം, ജില്ലാ കടവ് സമതിയംഗം, ജില്ലാ പഞ്ചായത്ത് വികസന സ്‌ഥിരംസമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എർമാളം ജമാഅത്ത് ജന.സെക്ര, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.വൈകിട്ട് ആലമ്പാടി ജുമാ മസ്ജിദിലാണ് സംസ്കാരം. സഫിയയാണു ഭാര്യ. മക്കൾ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

Loading...