നിലവാരം ഇടിയുന്ന മലയാളം ചാനലുകൾ

ഷിജിത്ത് വായന്നൂർ

Loading...

  മലയാളത്തിലെ മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ കഴിഞ്ഞ കാലങ്ങളിൽ സംപ്രേഷണം ചെയ്തിരുന്ന വിനോദ പരിപാടികൾ സംബന്ധിച്ചു വ്യാപകമായ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പക്ഷെ ഈ വിമർശനങ്ങളെ ഉൾക്കൊണ്ടു ഗുണപരമായ ഒരു മാറ്റത്തിന് നാന്ദി കുറിക്കാൻ ചാനലുകൾക്ക് അന്നും ഇന്നും ഒരേപോലെ മടിയാണ്.അതിനു കാരണം കച്ചവടതാല്പര്യങ്ങളും ലാഭക്കൊതിയും തന്നെ.

വിനോദത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും സാധ്യതകളിൽ പ്രേക്ഷകന്റെ പലവിധ ഉപാധികളിൽ ഒന്നാണ് ടെലിവിഷൻ. ഇവയെല്ലാം ഏറിയും കുറഞ്ഞും പ്രദാനം ചെയ്യുന്ന ചുരുക്കം ചില ചാനലുകൾ എങ്കിലും മലയാളത്തിൽ ഉണ്ട് എന്നത് ആശ്വാസകരം തന്നെ. പക്ഷെ  ജനപ്രിയചാനലുകളുടെ പരസ്യ താല്പര്യ തള്ളിക്കയറ്റത്തിൽ ഇവയെല്ലാം വളരെയേറെ പിന്നോട്ടടിപ്പിക്കപ്പെട്ടു. കണ്ണീരും പരദൂഷണവും ചതിയും നാലാംകിട പ്രേമ സല്ലാപങ്ങളും മുഴച്ചു നിൽക്കുന്ന സീരിയലുകളും ‘കോമഡി എന്ന പേരിൽ പടച്ചു വിടുന്ന തട്ടിക്കൂട്ട് പരിപാടികളും വഴി നേട്ടങ്ങൾ കൊയ്ത് കൊണ്ടിരിക്കുന്നു മുഖ്യധാരാ ചാനലുകൾ. ആയതിനാൽ നിലവാരം ഇവയിൽ നിന്ന് പ്രതീക്ഷിക്കുകയും വയ്യ.

ഏഷ്യാനെറ്റിൽ ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ‘ ബിഗ് ബോസ് ‘എന്ന പരിപാടി നോക്കൂ .മലയാളത്തിന്റെ അതുല്യ നടൻ മോഹൻലാൽ അവതരിപ്പിക്കുന്നു എന്നത് കൊണ്ട് മാത്രം ഈ പരിപാടി പ്രേക്ഷകർ കണ്ടുകൊള്ളും എന്ന മൂഢ വിശ്വാസം ഇതിന്‍റെ അണിയറക്കാർക്ക് തുടക്കം മുതലേ ഉള്ളത് പോലെ തോന്നുന്നു.

എന്നാൽ സോഷ്യൽ മീഡിയയിലടക്കം ഈ പരിപാടി കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു എന്നത് വസ്തുതയാണ്.കച്ചവടക്കാഴ്ചയുടെ അളവ് കോലുകളിൽ ഈ പരിപാടി എത്രയോ താഴെയാണ് എന്നാണ് റിപോർട്ടുകൾ.

മുൻപ് സൂര്യാ ടി വി അവതരിപ്പിച്ച പരിപാടിയുടെ മറ്റൊരു കാർബൺ കോപ്പി. അത് മാത്രമാണ് ബിഗ് ബോസ്.ശ്വേതാ മേനോൻ അടക്കമുള്ള നടിമാരെയും രഞ്ജിനി ഹരിദാസ് ഉൾപ്പടെയുള്ള ആങ്കർമാരെയും അനൂപ് ചന്ദ്രനെയും അരിസ്റ്റോ സുരേഷിനെയും പോലുള്ള കലാകാരന്മാരെയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പക്ഷെ ഇവരുടെ മരുന്നൊന്നും ബിഗ്‌ബോസിനെ മെച്ചപ്പെടുത്തുന്നില്ല. രണ്ട് എപ്പിസോഡെങ്കിലും കാണാനിടയായാൽ തീർച്ചയായും പ്രേക്ഷകർ അന്ധാളിച്ചു പോകും. പ്രത്യേകിച്ച് യാതൊരു ഗുണവും ഇല്ലാത്ത,ഒന്നും മനസ്സിലാകാത്ത ഒരു പ്രോഗ്രാം. പരാജയം മുന്നിൽ കണ്ടത് കൊണ്ടാവാം സിനിമയിൽ ഏറ്റവും വിലയുള്ള മോഹൻലാൽ എന്ന താരത്തെ തന്നെ കൂട്ടുപിടിച്ചത്.

ഇതിന്റെ പേരിൽ അദ്ദേഹവും സോഷ്യൽ മീഡിയ വിമർശനത്തിന് വിധേയനാകുന്നു എന്നത് വേറെ കാര്യം. കോമഡി എന്ന പേരിൽ പടച്ചു വിടുന്ന പരിപാടികൾ മിക്കതും നിലവാരത്തിന്റെ കണിക പോലും നഷ്ടപ്പെട്ടിട്ട് നാളേറെയായി. സ്‌കിറ്റുകൾ എന്ന നിലയിൽ യാതൊരു യുക്തിയും ഇല്ലാത്ത വാചക കസർത്തുകൾ അവതരിപ്പിക്കുന്ന പ്രോഗ്രാമുകൾ.

ഇതിനിടയിലും ഫ്‌ളവേഴ്‌സ് ചാനലിലെ ‘കോമഡി ഉത്സാവം ജനപ്രീതിയോടെ മുന്നോട്ട് പോകുന്നുണ്ട്.മിമിക്രിയിൽ മാത്രം ഒതുങ്ങാതെ നാടൻ കലാ രൂപങ്ങൾക്കുൾപ്പടെ പ്രാമുഖ്യം നൽകുന്നു എന്നതാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്.

നിരവധി കലാകാരന്മാരെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനായി എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടം.

മഴവിൽ മനോരമയിലെ ‘ തകർപ്പൻ കോമഡീ ‘ ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിന്റെ മുന്നേറ്റം സ്വപ്നം കാണുന്നുണ്ടെങ്കിലും പതിവ് ചേരുവകൾ മടുപ്പുളവാക്കുന്നു. സീരിയൽ താരങ്ങളെ അണി നിരത്താതെ മനോരമയ്ക്ക് ഒരു പ്രോഗ്രാമും ചെയ്യാനാവില്ല എന്നത് തകർപ്പൻ കോമഡിയിലും കാണാവുന്നതാണ്. അതേസമയം ‘തട്ടീം മുട്ടീം ‘ ‘ മറിമായം ‘ എന്നിവ ശ്രദ്ധേയമായി തന്നെ മുന്നോട്ട് പോകുന്നു.

ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയിരുന്ന ‘ അശ്വമേധം ‘ തിരികെയെത്തിച്ചു എന്നതാണ് കൈരളി ടി വി യുടെ അടുത്ത കാലത്തെ നേട്ടം . എന്നാൽ പഴയ ജനപ്രീതി ഈ പരിപാടി ഇപ്പോൾ നേടുന്നുണ്ടോ എന്നത് സംശയവുമാണ്.’ ഞാൻ മലയാളി ‘ എന്ന പേരിൽ ജോൺ ബ്രിട്ടാസിന്റെ പുതിയ പ്രോഗ്രാം തുടങ്ങിയിട്ടുണ്ടെങ്കിലും പതിവ് രീതിയിൽ തന്നെയാണ് ഇതും മുന്നോട്ട് പോകുന്നത്.

ചുരുക്കത്തിൽ മലയാളികളുടെ കാഴ്ചശീലങ്ങളെയും അഭിരുചിയേയും വേണ്ടവിധം മനസ്സിലാക്കാൻ ചാനലുകൾക്ക് കഴിയുന്നില്ല എന്നതാണ് മിക്ക പരിപാടികളും ശ്വാസം കിട്ടാതെ വീണു പോകുന്നതിനു ഇടയാക്കുന്നത് എന്ന കാര്യം ചാനലുകൾ തിരിച്ചറിയുമോ എന്ന ചോദ്യമാണ് ശേഷിക്കുന്നത് .

Loading...