തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ വന്‍ ക്രമക്കേട്, അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി.

2012-15 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 100 കോടി രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിന് എതിരെ നടപടി സ്വീകരിക്കും.
കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ ഈ നിലയിലാക്കിയ ഉന്നതരെ ഉടന്‍ മാറ്റണമെന്നും ബിജു പ്രഭാകര്‍. ഉപജാപങ്ങളുടെ കേന്ദ്രമാണ് കെഎസ്ആര്‍ടിസി ചീഫ് ഓഫീസെന്നും എംഡി.
പഴയ ടിക്കറ്റ് നല്കി കണ്ടക്ടര്‍മാര്‍ പണം തട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടു. വര്‍ക്ക് ഷോപ്പിലെ ലോക്കല്‍ പര്‍ച്ചേസിലും സാമഗ്രികള്‍ വാങ്ങുന്നതിലും കമ്മീഷന് പറ്റുന്നു. ഡീസല്‍ വെട്ടിപ്പ് തുടരാനാണ് ജീവനക്കാര്‍ സിഎന്‍ജിയെ എതിര്‍ക്കുന്നതെന്നും ബിജു പ്രഭാകര്‍.
ദീര്‍ഘ ദൂര സ്വകാര്യ ബസ് സര്‍വീസുകാരെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ഒത്തുകളിക്കുന്നു. പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാരുടെ എണ്ണം ആവശ്യത്തില്‍ കൂടുതലെന്നും ബിജു പ്രഭാകര്‍.
ജീവനക്കാരുടെ എണ്ണം അടിയന്തരമായി കുറച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ 7,090 ജീവനക്കാര്‍ അധികമാണ്. പലരും ഡ്യൂട്ടിക്ക് എത്തിയ ശേഷം മുങ്ങുന്നുവെന്നും എംഡി.
News from our Regional Network
English summary: Major irregularities in KSRTC; MD Biju Prabhakar with the allegation