ട്വന്റി20യിൽ ധോണിയുഗം അവസാനിക്കുന്നുവോ? മഹേന്ദ്രസിങ് ധോണി ദേശീയ ടീമിൽനിന്നു പുറത്ത്

Loading...

പുണൈ:  ഇന്ത്യൻ ക്രിക്കറ്റിൽ അവഗണിക്കാനാകാത്ത ശക്തിയായി വളർന്നശേഷം ഇതാദ്യമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി ദേശീയ ടീമിൽനിന്നു പുറത്ത്. വെസ്റ്റ് ഇൻഡീസിനും അതിനുശേഷം ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽനിന്നാണ് സിലക്ടർമാർ മുപ്പത്തേഴുകാരനായ ധോണിയെ ഒഴിവാക്കിയത്. വിൻഡീസിനെതിരെയുള്ള പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം .

രോഹിത് ശർമയാകും വിൻഡീസിനെതിരെ ഇന്ത്യയെ നയിക്കുക. അതേസമയം, ഓസീസിനെതിരായ പരമ്പരയിൽ കോഹ്‍ലി തിരിച്ചെത്തും.

അതിനിടെ, വിൻഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളിലേക്ക് കേദാർ ജാദവിനെ പരിഗണിക്കാത്തത് വിവാദമായതിനു പിന്നാലെ, നാലും അഞ്ചും ഏകദിനങ്ങൾക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനും സിലക്ടർമാർ തീരുമാനിച്ചു.

അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഡൽഹി താരം ഋഷഭ് പന്താണ് വിൻഡീസിനും ഓസീസിനും എതിരായ പരമ്പരകളിൽ ധോണിക്കു പകരം വിക്കറ്റ് കാക്കുക. വിക്കറ്റ് കീപ്പറായി പന്തിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തമിഴ്നാടിന്റെ വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും ഇരു പരമ്പരകൾക്കുമുള്ള ടീമിലുണ്ട്. പരുക്കുമൂലം കുറച്ചുകാലമായി ദേശീയ ടീമിൽ അംഗമല്ലാത്ത ഹാർദിക് പാണ്ഡ്യ ഇക്കുറിയും ടീമിലില്ല.

അതേസമയം, ഹാർദിക്കിന്റെ സഹോദരൻ ക്രുനാൽ പാണ്ഡ്യ ഇരു പരമ്പരകൾക്കുമുള്ള ടീമിലുണ്ട്. ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ നീക്കം. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ സ്പിന്നർ ഷഹബാസ് നദീം ഉൾപ്പെട്ടതും അപ്രതീക്ഷിതമായി.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ടീമിലുണ്ടായിരുന്ന ദീപക് ചഹാർ, സിദ്ധാർഥ് കൗൾ എന്നിവരെ ഒഴിവാക്കി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ രവീന്ദ്ര ജഡേജയും ടീമിലില്ല.

ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം ഉമേഷ് യാദവും ഖലീൽ അഹമ്മദും പേസ് ബോളിങ് വിഭാഗത്തെ പ്രതിനിധീകരിക്കും. സ്പിൻ ഡിപ്പാർട്മെന്റിൽ കുൽദീപ് യാദവ്, യുസ്‍‌വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം വാഷിങ്ടൻ സുന്ദറും ക്രുനാൽ പാണ്ഡ്യയും ഇടംപിടിച്ചു. വിൻഡീസിനെതിരെ ഷഹബാസ് നദീമിന്റെ സേവനവും ടീമിനു ലഭിക്കും.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ്കീപ്പർ), ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാസ് നദിം. (ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ നയിക്കാൻ വിരാട് കോഹ്‍ലി തിരിച്ചെത്തുമ്പോൾ, സ്പിന്നർ ഷഹബാസ് നദിം പുറത്താകും).

ട്വന്റി20യിൽ ധോണിയുഗം അവസാനിക്കുന്നു?

ട്വന്റി20യിൽ ധോണിയുഗത്തിന്റെ അവസാനമല്ല ഇതെന്നാണ് ടീം പ്രഖ്യാപനം നടത്തിയ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന്റെ വാക്കുകൾ. വിക്കറ്റിനു പിന്നിൽ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു പരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ കാരണമെന്ന് പ്രസാദ് വിശദീകരിച്ചു. എങ്കിലും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധോണിയെ ടീമിൽനിന്ന് പുറത്തിരുത്തിയത് സിലക്ടർമാരുടെ മാറുന്ന ചിന്തയുടെ സൂചനയായി കാണാമെന്നാണ് വിദഗ്ധ മതം.

2006 ഡിസംബറിൽ ദേശീയ ജഴ്സിയിൽ ധോണി അരങ്ങേറിയ ശേഷം ഇന്ത്യ കളിച്ച 104 ട്വന്റി20 മൽസരങ്ങളിൽ 93ലും ധോണി ടീമിൽ അംഗമായിരുന്നു. ഇക്കാലയളവിൽ 127.00 സ്ട്രൈക്ക് റേറ്റിൽ 1487 റൺസാണ് ധോണി നേടിയിട്ടുള്ളത്. വിക്കറ്റിനു പിന്നിൽ 54 ക്യാച്ചുകളും 33 സ്റ്റംപിങ്ങുകളും ധോണിയുടെ പേരിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ മുതൽ ഏറ്റവും തിളക്കമുള്ള പേരും ധോണിയുടേതായിരുന്നു. ഇതുവരെ നടന്ന 11 സീസണുകളിലും ധോണി ഭാഗമാവുകയും ചെയ്തു.

ഇംഗ്ലണ്ടിൽ നടന്ന ട്വന്റി20 പരമ്പരയിൽ മൂന്നു മൽസരങ്ങളിൽ ഒരു മൽസരത്തിൽ മാത്രമാണ് ധോണിക്കു ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ഇതിനു പിന്നാലെ ധോണിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായി.

 

Loading...