ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Loading...

അറബിക്കടലിന് തെക്കുകിഴക്കായി ശ്രിലങ്കയ്ക്കടുത്ത് വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേര്‍ന്ന് മുന്‍കരുതലെടുക്കാനും മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച ന്യൂനമര്‍ദം ശക്തിപ്രാപിക്കും. തിങ്കളാഴ്ച കൂടുതല്‍ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്കയക്കാന്‍ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാവകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാമേഖലകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം. ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വ്യാഴാഴ്ച ചേരും. ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ന്യൂനമര്‍ദവും ചുഴലിക്കാറ്റുംമൂലം കേരളത്തില്‍ പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഏഴിന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പ് പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്‍കരുതലെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. മലയോരത്ത് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ക്യാംപുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യുമെന്നതിനാല്‍, കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ചയ്ക്കുമുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണം. വ്യാഴാഴ്ചയ്ക്കുശേഷം ആരും കടലില്‍ പോകരുത്. തീരദേശത്ത് ഈ നിര്‍ദേശം ഉച്ചഭാഷിണിയിലൂടെയും മറ്റും അറിയിക്കും. തീരപ്രദേശങ്ങളില്‍ കാറ്റില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യത. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇത്തരം സ്ഥലങ്ങളില്‍ വെള്ളിയാഴ്ചയോടെ ക്യാംപുകള്‍ തയ്യാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് രാത്രി അവിടെ കഴിയാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാം.

രാത്രിയില്‍ മലയോര മേഖലകളിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. വെള്ളിയാഴ്ചയ്ക്കുശേഷം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ക്യാംപുകളിലേക്ക് മാറണം. ജലാശയങ്ങളില്‍ കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങരുത്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതലൈനുകള്‍ തകരാറിലാവാനും സാധ്യത. അതിനാല്‍ രാത്രിയാത്ര നിയന്ത്രിക്കണം. മുമ്പ് പ്രളയം ബാധിച്ച എല്ലാ സ്ഥലങ്ങളിലും പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. മുമ്പ് ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാംപുകള്‍ ആരംഭിക്കണം.

ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചു

ഇടുക്കിയില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയും തൃശ്ശൂര്‍, പാലക്കാട് ശനിയാഴ്ചയും പത്തനംതിട്ടയില്‍ ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രാഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കോഴിക്കോട്, വയനാട് (വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ)

കൊല്ലം (വെള്ളി, ഞായര്‍)

പത്തനംതിട്ട (വെള്ളി, ശനി)

ആലപ്പുഴ (ശനി, ഞായര്‍)

കോട്ടയം (ശനി, ഞായര്‍)

എറണാകുളം (വെള്ളി, ഞായര്‍)

തൃശ്ശൂര്‍ (വെള്ളി)

പാലക്കാട് (വെള്ളി), മലപ്പുറം (ഞായര്‍)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം