Categories
Kannur

ചാരക്കൂമ്പാരങ്ങൾ നോക്കി നെടുവീർപ്പിട്ട് പിന്മാറാനില്ല ; സൈബർ അക്രമത്തിന് പി.ഹരീന്ദ്രൻ്റെ മറുപടി

പാനൂർ (കണ്ണൂർ ): മൻസൂർ വധത്തെ തുടർന്നുള്ള വ്യാപക അക്രമത്തിൽ നശിച്ച വീടുകളും പാർടി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പുന:ർ നിർമ്മിക്കാനുള്ള സിപിഐ എമ്മിൻ്റെ ഫണ്ട് ശേഖരണത്തിനെതിരെ ആരംഭിച്ച സൈബർ അക്രമത്തിനെതിരെ തുറന്നടിച്ച് സിപിഐ എം നേതാവ് പി ഹരീന്ദ്രൻ.

ഫണ്ട് വിലക്കിനെതിരെ ഹരീന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഹരീന്ദ്രൻ്റെ കുറിപ്പ് വായിക്കാം……
മുസ്ലീംലീഗ് ക്രിമിനൽ സംഘങ്ങൾ കഴിഞ്ഞ ഏഴാം തിയ്യതി രാത്രി ബോംബുകളും, കമ്പിപ്പാരകളും , പിക്കാസുകളും, മൺവെട്ടികളും , പെട്രോളും, മണ്ണെണ്ണയും , ഉപയോഗശൂന്യമായ ഓയിൽ ഫിൽട്ടറുകളുമെല്ലാമായി തകർത്ത് തരിപ്പണമാക്കുകയും, തീവെച്ച് ചാമ്പലാക്കുകയും, കൊള്ളയടിച്ച് നശിപ്പിക്കുകയും ചെയ്ത വീടുകളും, വ്യാപാര സ്ഥാപനങ്ങളും, വായനശാലകളും, പാർട്ടി ഓഫീസുകളും പുന:സ്ഥാപിക്കുന്നതിനായി CPI(M) പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഫണ്ട് ശേഖരിച്ച് വരികയാണ്.

300 രൂപ സംഭാവന നല്കിയ ഒരാൾക്ക് നല്കിയ റസീറ്റിന്റെ ഫോട്ടോ സഹിതം മുസ്ലീംലീഗുകാരും , കോൺഗ്രസ്സുകാരും, ബി.ജെ.പി.ക്കാരും ഫണ്ട് ശേഖരണത്തിനെതിരെ നവമാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയിരിക്കയാണ്.

CPI(M) ന് സംഭാവന നല്കരുതെന്നും അത് സ്വന്തം മക്കളെ തന്നെ കൊല്ലാനുള്ള സഹായമായി മാറുമെന്നുമാണ് മുന്നറിയിപ്പ്.

ഫണ്ട് പിരിക്കാതെ cpm കാർക്ക് ജീവിക്കാനാവില്ലെന്നും അതിനായി ഇക്കൂട്ടർ ഓരോ കാരണം പറയുമെന്നുമുള്ള ദു:സൂചനയോടെയുള്ള മുന്നറിയിപ്പ് വേറെയുമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമാകെ ഓർമ്മപ്പെടുത്താൻ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.

എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കേരളത്തിലുണ്ടായ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 8 പേരിൽ പുല്ലൂക്കരയിലെ മൻസൂർ ഒഴികെ ഏറ്റവും അവസാനത്തെ 15 വയസ്സ് മാത്രമുള്ള അഭിമന്യുവടക്കം 7 പേരും CPI(M) കാരായിരുന്നു. കൊന്നവർ ഇപ്പോൾ കള്ളക്കണ്ണീർ പൊഴിക്കുന്ന കോൺഗ്രസ്സ്, മുസ്ലീംലീഗ്, ബി.ജെ.പി എന്നീ പാർട്ടികളുടെ പ്രവർത്തകരുമായിരുന്നു. ഇത് ആരും മറന്ന് കളയരുത്.

ഇത്രയേറെ പേർ കൊല ചെയ്യപ്പെട്ടിട്ടും തിരിച്ചൊരു കൊലപാതകമോ മറ്റ് ആക്രമണങ്ങളോ അത്തരം സ്ഥലങ്ങളിൽ നടക്കാതെ പോയത് യാതൊരു കാരണവശാലും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുത് എന്ന CPI(M) ന്റെ ഉറച്ച രാഷ്ട്രീയ നിലപാട് കൊണ്ട് മാത്രമാണ്.

നടക്കാൻ പാടില്ലാത്ത ഒരു സംഘർഷത്തിനിടയിൽ പരിക്കേറ്റ മൻസൂർ രക്തം വാർന്ന് മരിക്കാനിടയായത് തീർത്തും ദു:ഖകരമാണ്. അത് പോലെ തന്നെ ദു:ഖകരമാണ് മൻസൂറിന് ശേഷം കൊല്ലപ്പെട്ട അഭിമന്യുവിന്റേതടക്കമുള്ള മരണങ്ങളും എന്ന് പറയാൻ ലീഗുകാരും കോൺഗ്രസ്സുകാരും ബി.ജെ.പിക്കാരും മടി കാണിക്കരുത്.

മുസ്ലീംലീഗ് സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണോ ?

മുസ്ലീംലീഗ് അക്രമകാരികളെയും ആയുധങ്ങളേയും തള്ളിപ്പറയുകയും പുറന്തള്ളുകയും ചെയ്യുന്ന പാർട്ടിയാണോ ?

എങ്കിൽ പോളിങ്ങ് നടന്ന് കൊണ്ടിരിക്കെ ലീഗിന് കൂടുതൽ സ്വാധീനമുള്ള പുല്ലൂക്കരയിൽ ദാമോദരൻ, സരൂപ്, വിനീഷ് എന്നീ മൂന്ന് CPl(M) പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതും, പിറ്റേ ദിവസം പെരിങ്ങത്തൂർ, പെരിങ്ങളം, കടവത്തൂർ മേഖലയിലെ CPI(M) ന്റെ 6 ബ്രാഞ്ച് ഓഫീസുകളും, 2 ലോക്കൽ കമ്മിറ്റി ഓഫീസുകളും, 2 വായനശാലകളും, 3 വ്യാപാര സ്ഥാപനങ്ങളും, 3 വീടുകളും തക്ബീർ മുഴക്കി കൊള്ളയടിക്കുകയും, ബോംബുകളും ആയുധങ്ങളുമുപയോഗിച്ച് തകർക്കുകയും, തീവെച്ച് ചാമ്പലാക്കുകയും ചെയ്ത നൂറ് കണക്കിന് വരുന്ന ലീഗ്ക്രിമിനലുകൾക്ക് നേതൃത്വം നല്കിയ നഗരസഭാ കൗൺസിലർമാരടക്കമുള്ള നേതാക്കന്മാരെ ലീഗ് തള്ളിപ്പറയുമോ ?

ആക്രമണത്തിനായി അവർ ഉപയോഗിച്ച ബോംബുകളും മറ്റ് മാരകായുധങ്ങളും നിങ്ങളുടെ ആയുധപ്പുരകളിലെ സൂക്ഷിപ്പുകളായിരുന്നില്ലേ ? അതോ എവിടെ നിന്നെങ്കിലും മോഷ്ടിച്ച് കൊണ്ട് വന്നതാണെന്നാണോ ?

നിങ്ങൾ തള്ളിപ്പറഞ്ഞാലും ഇല്ലെങ്കിലും, നിങ്ങൾ കൊള്ളയടിച്ചും, തകർത്തും, കത്തിച്ചും നശിപ്പിച്ച ഓരോ സ്ഥാപനത്തിലേയും ചാരക്കൂമ്പാരങ്ങൾ നോക്കി നെടുവീർപ്പിട്ട് പിന്മാറാനല്ല അവയെല്ലാം പൂർവ്വാധികം ഭംഗിയോടെ പുന:സ്ഥാപിച്ച് ജനങ്ങൾക്ക് വേണ്ടി കൂടുതൽ സജീവമായി രംഗത്തിറങ്ങാനാണ് ഞങ്ങളുടെ തീരുമാനം.

ഫണ്ട് ശേഖരിക്കുന്നത് നോട്ട്കെട്ടുകളാക്കി നേതാക്കളുടെ കട്ടിലിനടിയിലും, ഉപയോഗിക്കാത്ത കക്കൂസിലെ ഫ്ലഷ് ടാങ്കിലും, ഫ്രിഡ്ജിനടിയിലും ഒളിച്ച് വെക്കാനോ, കത്വാഫണ്ടും, ഗുജറാത്ത് ഫണ്ടും പോലെ കണക്കറ്റ് പിരിക്കുകയും പിന്നീട് ഒന്നിനും കണക്കില്ലാതെ വരികയും ചെയ്യുന്ന ഏർപ്പാടിനുമല്ല.

എന്തിനാണോ പിരിക്കുന്നത് അതിന് വേണ്ടി കൃത്യമായി ചിലവഴിക്കുകയും അണ പൈ തെറ്റാതെ കണക്ക് വെക്കുകയും ചെയ്യും.

ഫണ്ട് കൊടുക്കരുതെന്ന് നിങ്ങൾ വിലക്കുമ്പോൾ, നിങ്ങൾ തകർത്തതെല്ലാം വർഷങ്ങളോളം ചാരമായി തന്നെ അവിടെ അവശേഷിക്കുമെന്ന് നിങ്ങളാരും കരുതിക്കളയരുത്.

പാനൂരിലെ പാർട്ടി പിന്നിട്ട വഴികളൊന്നും ഞാൻ വിവരിക്കുന്നില്ല. CPM ആയത് കൊണ്ട് മാത്രം കൊല്ലപ്പെട്ട 25 രക്തസാക്ഷികളുള്ള നാടിന്റെ പേരാണ് പാനൂർ.

ഇനി ഒരിക്കലും സ്വന്തമായൊരു ജീവിതമില്ലെന്ന് ഉറപ്പായിട്ടും വർഷങ്ങളായി കിടക്കുന്ന കിടപ്പിലും ആവേശത്തോടെ ഇൻക്വിലാബ് വിളിക്കുന്ന പുതുക്കുടി പുഷ്പന്റെ നാടാണ് പാനൂർ.

രാഷ്ട്രീയപ്പക മൂത്ത എതിരാളികൾ വെട്ടിക്കൊണ്ട് പോയ കാലുകളുടെ സ്ഥാനത്ത് പൊയ്ക്കാലുകൾ വെച്ച് കൂടുതൽ ആവേശത്തോടെ അതേ എതിരാളികളുടെ മുമ്പിലൂടെ നെഞ്ച് വിരിച്ച് നടക്കുന്ന ഒന്നിലേറെ സഖാക്കളുള്ള നാടാണ് പാനൂർ.

നിരപരാധികളെന്ന് ഉറപ്പുണ്ടായിട്ടും നിങ്ങളെ തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പേന കുത്തിയൊടിച്ച അതേ ജഡ്ജിന്റെ മുഖത്ത് നോക്കി ഇൻക്വിലാബ് മുഴക്കി കോടതി മുറിയിൽ നിന്ന് ഇറങ്ങി വന്ന സഖാക്കളുടെ നാടാണ് പാനൂർ.

ഓരോ കാലത്തും ഇവിടെ നശിപ്പിക്കപ്പെട്ട ഞങ്ങളുടെ ഓഫീസുകളും , വീടുകളും, വായനശാലകളും, ഗ്രന്ഥാലയങ്ങളും, കാർഷിക ഉഭയങ്ങളുടെ വരെ കണക്കുകൾ രേഖപ്പെടുത്താൻ ഈ മുഖപുസ്തകം തികയാതെവരും.

അത്തരം ഭീകരമായ ആക്രമണങ്ങളെ മറികടന്ന് വന്ന ഞങ്ങളെ ഫണ്ട് വിലക്കി തോല്പിച്ച് കളയാമെന്ന് ധരിക്കുന്ന വിഢികൾ മൂഢസ്വർഗ്ഗത്തിലാണ്.

എല്ലാ വർഗ്ഗീയ ശക്തികൾക്കും ശക്തമായ വേരോട്ടമുള്ള പാനൂരിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ CPI(M) എന്ന ഈ മതേതര ജനാധിപത്യ പ്രസ്ഥാനം കരുത്തോടെ നിലനില്ക്കണമെന്നും, ശക്തമായി മുന്നോട്ട് പോകണമെന്നും ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുള്ള നാടാണിതെന്ന് നിങ്ങളോർക്കണം.

തനിക്ക് പെൻഷനായി കിട്ടിയ 1600 രൂപയും ഈ ഫണ്ടിലേക്ക് സംഭാവന നല്കിയ ബാലനും, തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് കിട്ടിയ 340 രൂപ സംഭാവന നല്കിയ ദയ മോളും പാനൂരിലെ പാർട്ടിയെ സംരക്ഷിക്കാനണിനിരക്കുന്ന രണ്ട് തലമുറകളുടെ പ്രതീകങ്ങളാണ്.

50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ വിതച്ച മുസ്ലീം ലീഗിന്റെ ക്രിമിനൽ സംഘങ്ങളുടെ മുമ്പിൽ ഞങ്ങൾ കീഴടങ്ങില്ല.

നിങ്ങൾ വിലക്കിക്കോളൂ പക്ഷെ നിങ്ങൾ തകർത്തതെല്ലാം ദിവസങ്ങൾക്കുള്ളിൽ സുന്ദരമായി തന്നെ ഞങ്ങൾ പുനർ നിർമ്മിക്കും. അതിനായുള്ള സംഭാവനയുമായി കൂടുതൽ പേർ പാർട്ടിയെ തേടി വരികയും ചെയ്യും.

മുസ്ലീംലീഗ് ആക്രമണങ്ങൾക്കുള്ള ഞങ്ങളുടെ മനോഹരമായ മറുപടിയായി അത് മാറുകയും ചെയ്യും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Look at the piles of ashes and do not retreat with a sigh;
P. Harindran's response to cyber violence

NEWS ROUND UP