Categories
Talks and Topics

പ്രിയ രമേ, പിണങ്ങല്ലേ… ഈ വേലിചാട്ടം കരുതിക്കൂട്ടിത്തന്നെ

” എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവൂല…” – പണ്ടേതോ കുരുത്തംകെട്ട മരുമകൻ പറഞ്ഞതാണ്. ആ പഴയ ചൊല്ലിനോടിപ്പോൾ ഏറ്റവും ചേർന്നുനില്ക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. പാലും തേനും കൊടുത്ത് താലോലിച്ചുവളർത്തിയ പോറ്റമ്മയായ മലയാള മനോരമയുടെ ഉപദേശംപോലും വകവെക്കാത്ത കെ പി സി സി പ്രസിഡന്റ്.

ഇക്കഴിഞ്ഞ ജൂൺ 21 ന് വേലി ചാടുന്ന വാക്കുകൾ എന്ന തലക്കെട്ടിൽ മുല്ലപ്പള്ളിയുടെ നാക്കുപിഴ ചൂണ്ടിക്കാട്ടി മനോരമ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. മകാരാദി മാധ്യമങ്ങളിൽ ആദ്യമായിട്ടായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെതിരെ അത്രയും രൂക്ഷമായൊരു പത്രാധിപ വിമർശനം.

പക്ഷേ, ധാർഷ്ട്യവും ഹുങ്കുംകൊണ്ട് ആന്ധ്യം ബാധിച്ച നേതൃമനസ്സിന് അത് തെല്ലും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ഇതാ ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു – മലയാളമണ്ണിലെ അമ്മപെങ്ങന്മാരെയാകെ അധിക്ഷേപിച്ച സംസ്ക്കാര രഹിത പ്രസംഗത്തിലൂടെ .

പീഡനത്തിനിരയായ സ്ത്രീയെ അഭിസാരികയെന്ന് കുറ്റപ്പെടുത്തുന്ന മുല്ലപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ ആദ്യന്തം അബദ്ധ ജഡിലമാണ്. എന്നിട്ടും അതിനെ അപലപിച്ച് ഒരക്ഷരവും ഉരിയാടാൻ മുഖ്യധാരാ മാധ്യമങ്ങൾ മുന്നോട്ടുവന്നില്ല.

മാത്രമല്ല, ആ ഔചിത്യമില്ലായ്മ കഴിയുന്നത്ര മൂടിവെച്ച് മാപ്പ് പറഞ്ഞെന്ന ടിപ്പണി കൂടി ചേർത്ത് തങ്ങളുടെ പ്രിയനേതാവിന് മാന്യത ചാർത്താനും അവർ മുതിരുകയുണ്ടായി. ഇടതുപക്ഷ നേതാക്കന്മാരിൽ ആരുടെയെങ്കിലും നാവിൽനിന്ന് തങ്ങൾക്ക് അനിഷ്ടമായ ഒരു വാക്കെങ്ങാൻ അറിയാതെ അടർന്നുവീണുപോയാൽ ഒന്നാം പേജിൽ മുഖ്യവാർത്തയായി ആഘോഷിക്കുന്നവരുടെ കൈയൊതുക്കം കേമംതന്നെ.

കോൺഗ്രസ് നേതാക്കളിൽ താരതമ്യേന മീഡിയ മാനിയ കുറഞ്ഞ ആളായിരുന്നു മുല്ലപ്പള്ളി . രമേശ് ചെന്നിത്തലയുടെ യോ എം എം ഹസ്സന്റെയോ കെ മുരളീധരന്റെയോ ഒന്നും ഗണത്തിൽ പെടുന്ന നേതാവായിരുന്നില്ല അദ്ദേഹം. പ്രസംഗങ്ങളിലും പ്രസ്താവനകളിലു മെല്ലാം അല്പമൊക്കെ പക്വത പുലർത്താറുമുണ്ടായിരുന്നു. ആ മതിപ്പെല്ലാം ഈയിടെയായി അദ്ദേഹം സ്വയം കളഞ്ഞുകുളിക്കുകയാണ്.

ലോകത്തെ വിറപ്പിച്ച കോവിഡ് – 19 എന്ന മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിൽ കേരളം കൈവരിച്ച അതുല്യ നേട്ടവും , അതിൽ മന്ത്രി ശൈലജ ടീച്ചർ വഹിച്ച വലിയ പങ്കും അറിയാത്ത ആളല്ലല്ലോ മുല്ലപ്പള്ളി.

സംസ്ഥാനം ഈ അത്യാഹിത വേളയിൽ കൈവരിച്ച സാർവദേശീയ അംഗീകാരത്തിന്റെ പകിട്ട് കുറയ്ക്കാൻ ആര് തുനിഞ്ഞാലും നിഷ്ഫലമാവും എന്നും അദ്ദേഹത്തിന് നിശ്ചയമില്ലാത്തതല്ല. എന്നിട്ടും ആരോഗ്യമന്ത്രിയെ റോക്ക് ഡാൻസർ എന്നുവരെ വിളിച്ച്,അതിരുവിട്ട് ആക്ഷേപിച്ചത് ജനങ്ങൾ മറന്നിട്ടില്ല.

അത് യാദൃഛികമായി വന്നുപോയ പിഴവല്ല എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് പല പ്രശ്നങ്ങളിലും പിന്നീടും കെ പി സി സി അധ്യക്ഷൻ തുടർന്നുപോരുന്നത്. ഭാവിമുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള വലിയ മനക്കോട്ട കെട്ടി, ചെന്നിത്തലയെ മറികടക്കാനുള്ള തന്ത്രങ്ങൾ സ്വയം മെനഞ്ഞ് പ്രയോഗിച്ചുനോക്കുകയാണ് അദ്ദേഹം.

സംസ്ഥാന കോൺഗ്രസ് നേതൃനിരയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള മാധ്യമ കവറേജ് വിദ്യകളിൽ ചിലത് പാളിപ്പോവുന്നു എന്നേയുള്ളൂ. കോൺഗ്രസ് നേതൃത്വത്തിലെ കിങ് മേക്കർ നിലവാരത്തിലുള്ള മർമ്മസ്ഥാനങ്ങളിൽ ഏറെയും മുരത്ത ഇടതുപക്ഷ-കമ്യൂണിസ്റ്റ് വിരുദ്ധരുടെ പിടിയിലാണ് എന്ന് മുല്ലപ്പള്ളിക്ക് നന്നായി ബോധ്യമുണ്ട് ; അവരെ എങ്ങനെയും പ്രീതിപ്പെടുത്തിയാലേ നാളെ അഭീഷ്ടസിദ്ധിക്ക് ഉപയോഗപ്പെടുത്താൻ ആവൂ എന്നും . നേതൃഗുണങ്ങളിലും ആദർശ സ്ഥൈര്യത്തിലും തന്നേക്കാൾ എത്രയോ മുന്നിൽ നിൽക്കുന്ന വി എം സുധീരനുപോലും നിൽക്കക്കള്ളി ഇല്ലാതാക്കിയ സഹപ്രവർത്തകരിലെ വമ്പന്മാരെ മെരുക്കി കൂടെ നിർത്താനാണ് മുല്ലപ്പള്ളിയുടെ ശ്രമം.

ദേശീയ ഹൈ കമാണ്ടിൽ പ്രമുഖരെ പ്രീതിപ്പെടുത്താ നുള്ള വളഞ്ഞ വഴികളിലെ മിടുക്കുകൊണ്ടാണ് മുല്ലപ്പള്ളിക്ക് അർഹതയുള്ള പലരെയും തട്ടിയകറ്റി സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനം കൈക്കലാക്കാനായത്. ആ വാസ്തവം അറിയാത്തവരല്ല കേരളത്തിലെ കോൺഗ്രസ് അണികൾ .

അവരിൽ ഒരു ഗ്രൂപ്പുകാരിലും അദ്ദേഹത്തിന് ഒട്ടും അംഗീകാരമില്ലെന്നതും വ്യക്തം . അതുകൊണ്ടുകൂടിയാണ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നെങ്കിലും ജനസ്വാധീനമുണ്ടാക്കാൻ ലാസ്റ്റ് ബസ്സിലെ അവസാന സീറ്റ് ലബ്ധിയുടെ ആവേശത്തിൽ മുല്ലപ്പള്ളി വായിൽ വരുന്നത് വിളിച്ചുകൂവുന്നതും . അവ വിവാദമാവുമോഴെല്ലാം മുല്ലപ്പള്ളി മാറി നിന്ന് ഉള്ളാലെ ചിരിക്കുകയാണ്; ഖേദപ്രകടനവും അക്കൂട്ടത്തിൽ ഒരടവുമാത്രം.
– കെ വി

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: KV writes about Mullappally's controversial reference

NEWS ROUND UP