‘ആര്‍ത്തവം അശുദ്ധി തന്നെയാണ്’വിശ്വാസികളെ വ്രണപ്പെടുത്താന്‍ പാടില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യുവതികള്‍ ശബരിമലയില്‍ കയറാന്‍ പാടില്ല,അത് വിശ്വാസികളെ വ്രണപ്പെടുത്തും .ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്.മറ്റൊന്നിനും വേണ്ടി വിശ്വാസത്തെ തകര്‍ക്കാന്‍ പാടില്ലെന്നും,ആ വിശ്വാസം ഭരണഘടന സംരക്ഷിക്കണമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. നിയമത്തിന്റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം. വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. വിശ്വാസം സംരക്ഷിക്കുകയെന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജെല്ലിക്കെട്ട് വിവാദം തമിഴ്നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്ത പോലെ ശബരിമല വിഷയവും കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യണം.

ജനരോഷം കണ്ട് ബിജെപിയും ആര്‍എസ്എസും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നു. ശ്രീധരന്‍ പിള്ള ആദ്യം പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നത്. മുത്തലാഖ് വിഷയം കൈകാര്യം ചെയ്യേണ്ടതും മത പണ്ഡിതന്‍മാരായിരുന്നു. അത്തരം മതപരമായതും വിശ്വാസപരമായതുമായ കാര്യങ്ങള്‍ അതാത് മത മേലധ്യക്ഷന്‍മാരാണ് കൈകാര്യം ചെയ്യേണ്ടതെന്ന അഭിപ്രായമാണ് തനിക്ക്.

കോണ്‍ഗ്രസിന് എല്ലാ മതങ്ങളും ഒരു പോലെയാണ്. ദൈവ വിശ്വാസമുള്ളവര്‍ അതില്‍ വിശ്വസിക്കുന്നു. പുറത്ത് നിരീശ്വരവാദം പറഞ്ഞ് അകത്ത് പൂജ നടത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം