കോവിഡ് 19 : കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പോസിറ്റീവ് കേസുകള്‍, രണ്ട് പേര്‍ക്ക് രോഗമുക്തി; ഒരാള്‍ കാസര്‍ഗോഡ് സ്വദേശി

Loading...

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (05.06.20) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും കണ്ണൂരില്‍ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയും കോഴിക്കോട് ചികിത്സയിലുള്ള ഒരു കാസര്‍ഗോഡ് സ്വദേശിയും രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. പോസിറ്റീവായവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നവരാണ്.

ഇന്ന് കോവിഡ് പോസിറ്റീവായവര്‍:

1) കൊടുവള്ളി സ്വദേശി (41 വയസ്സ്). മെയ് 29 ന് മുംബൈയില്‍ നിന്ന് ട്രെയിനില്‍ എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ ഒന്നിന് നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയി. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് (എഫ്.എല്‍.ടി.സി) മാറ്റി.

2) മാവൂര്‍ സ്വദേശി (26) ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3) അത്തോളി സ്വദേശി (42). ദുബായ്-കരിപ്പൂര്‍ വിമാനത്തില്‍ മെയ് 23 ന് എത്തി. ജൂണ്‍ ഒന്നിന് സ്രവപരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സയ്ക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

4) കോട്ടൂളി സ്വദേശി (82). അര്‍ബുദത്തിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന വ്യക്തിയാണ്. ജൂണ്‍ 2 ന് മെഡിക്കല്‍ കോളേജില്‍ സ്രവപരിശോധന നടത്തി പോസിറ്റീവായി.

കോവിഡ് പോസിറ്റീവായി കണ്ണൂരില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശി (32), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശി (38) എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ഇപ്പോള്‍ 48 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 26 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 2 വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ 6 പോസിറ്റീവ് കേസുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.

ഇന്ന് 249 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 6249 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5991 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5877 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 258 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇന്ന് പുതുതായി വന്ന 975 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 7817 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 33,401 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 37 പേര്‍ ഉള്‍പ്പെടെ 131 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 100 പേര്‍ മെഡിക്കല്‍ കോളേജിലും 31 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 31 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 366 പേര്‍ ഉള്‍പ്പെടെ ആകെ 3397 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 791 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2580 പേര്‍ വീടുകളിലും 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 127 പേര്‍ ഗര്‍ഭിണികളാണ്.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 4 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 210 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2708 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8608 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

അതേസമയം സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തില്‍  ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചു. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും അദേഹം  പറഞ്ഞു.

50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കൊവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 5 കൊല്ലം  2 ആലപ്പുഴ  5  കോട്ടയം  1 എറണാകുളം  10 തൃശൂര്‍  8 വയനാട് 3 കോഴിക്കോട് 4 കാസറഗോഡ്  1 ഇടുക്കി  3 എന്നിങ്ങനെയാണ് പോസിറ്റീവായ മറ്റു ജില്ല തിരിച്ചുള്ള കണക്കുകള്‍.

128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകൾ ഉണ്ടായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം