ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അനുവദിച്ച സമയത്തിനും വളരെ മുമ്പേ പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയുടെ മികവ് . ഏറ്റെടുക്കേണ്ട ഭൂമി, കക്ഷികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയവ അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് (ത്രീജി) ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ച്, കോഴിക്കോട് ജില്ല സംസ്ഥാനത്ത് ത്രീജി സമര്‍പ്പിക്കുന്നതില്‍ ഒന്നാമതെത്തി. ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടുവെങ്കിലും ജനുവരി 9ന് തന്നെ റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്ക് കൈമാറിയെന്ന് ദേശീയപാത 66 ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരി പറഞ്ഞു. ഫെബ്രുവരി 15 വരെയായിരുന്നു അനുവദിച്ച സമയം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ അഴിയൂര്‍ ബൈപ്പാസ്, മൂരാട്-പാലൊളിപ്പാലം, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര റോഡ് വീതി കൂട്ടി ആറ് വരി പാതയാക്കല്‍ എന്നീ നാല് പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ അഴിയൂര്‍ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമി ദേശീയപാത അധികൃതര്‍ക്ക് കൈമാറുകയും നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയുമാണ്. മൂരാട്-പാലൊളിപാലം നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.
അഴിയൂര്‍-വെങ്ങളം റോഡ് 45 മീറ്ററില്‍ ആറ് വരി പാതയാക്കി വീതികൂട്ടുന്നതിന് 2018 ഡിസംബര്‍ 27, 2020 ജനുവരി 10, മെയ് 22 തീയതികളിലിറങ്ങിയ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ 74 കിലോമീറ്റര്‍ ദൂരത്തില്‍ 121.7697 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ചെങ്ങോട്ട്കാവ് മുതല്‍ നന്തി വരെ 11 കിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി റോഡ് നിര്‍മ്മിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. 45 മീറ്റര്‍ വീതിയില്‍ ആറ് വരി പാതയായാണ് ഇവിടെയും റോഡ് നിര്‍മ്മിക്കുക.
മലപ്പുറം ജില്ലാ ദേശീയപാത വിഭാഗത്തിന് കീഴില്‍ വരുന്നതും ജില്ലയിലെ രാമനാട്ടുകര വില്ലേജില്‍ ഉള്‍പ്പെടുന്നതുമായ 400 മീറ്റര്‍ ഭാഗത്തെ ദേശീയപാത വികസനത്തിനുള്ള സ്ഥലവും ഏറ്റെടുക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയതും സ്പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലാണ്. ഈ റിപ്പോര്‍ട്ടും ദേശീയപാത അതോറിറ്റിയുടെ എറണാകുളം ഓഫീസിന് കൈമാറി.
റിപ്പോര്‍ട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് 1732.87 കോടി രൂപയാണ് ആവശ്യമായി വരിക. ഇതില്‍ 712.61 കോടി അനുവദിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അളവ്, വില, തരം, വൃക്ഷങ്ങള്‍, കെട്ടിടം, മതില്, നല്‍കേണ്ട നഷ്ടപരിഹാരത്തുക തുടങ്ങിയ വിശദമായ വിവരങ്ങളടങ്ങുന്നതാണ് ത്രീജി റിപ്പോര്‍ട്ട്. എല്ലാ വിവരങ്ങളും ഉള്‍കൊള്ളിച്ച് നഷ്ടപരിഹാരത്തിന് പുറമെ നഷ്ടപരിഹാരത്തുകയുടെ 100 ശതമാനവും സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം വന്ന തീയതി മുതലുള്ള 12 ശതമാനം പലിശയുമാണ് സ്ഥലം വിട്ടു നല്കുന്ന ഓരോ കക്ഷിക്കും നഷ്ടപരിഹാരമായി ലഭിക്കുക. ഫണ്ട് അനുവദിക്കുന്നതില്‍ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഏറ്റെടുത്ത ഭൂമിയുടെ വില ഫണ്ട് ലഭിക്കുന്ന മുറക്ക് കക്ഷികള്‍ക്ക് കൈമാറും.
News from our Regional Network
RELATED NEWS
English summary: Kozhikode district excels in completing land acquisition procedures for NH development long before the allotted time.