മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

Loading...

മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി 36 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37കാരന്‍, മാലിദ്വീപില്‍ നിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, സിങ്കപ്പൂരില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍ അബുദബിയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 35കാരന്‍, കുവൈത്തില്‍ നിന്നെത്തിയവരായ പാലക്കാട് നല്ലായ സ്വദേശി 39 കാരന്‍, തിരൂരങ്ങാടി പിപി റോഡ് സ്വദേശി 29കാരന്‍ എന്നിവര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ രണ്ടത്താണി പൂവന്‍ചിന സ്വദേശി 20കാരനും രോഗബാധ സ്ഥിരീകരിച്ചു.

തെന്നല തറയില്‍ സ്വദേശി മുബൈയില്‍ നിന്ന് മെയ് 14നാണ് വീട്ടിലെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ മെയ് 20ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയില്‍ നിന്ന് മെയ് 14നാണ് പൊന്നാനി ഈശ്വമംഗലം സ്വദേശിയും വീട്ടിലെത്തിയത്. ഇയാളെയും മെയ് 20ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഇരിമ്പിളിയം മങ്കേരി സ്വദേശിയും ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയും നാട്ടിലെത്തിയത്. മെയ് 12ന് കൊച്ചിയില്‍ എത്തിയ ശേഷം കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 20ന് ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12ന് സിങ്കപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തി. എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ന് (മെയ് 23) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് ഏഴിനാണ് വെളിയങ്കോട് ഗ്രാമം സ്വദേശി പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്.

കോഴിക്കോട് സര്‍വകലാശാല കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെല്ലായ സ്വദേശിയും തിരൂരങ്ങാടി പിപി റോഡ് സ്വദേശിയും കുവൈത്തില്‍ നിന്ന് മെയ് 13നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.

ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കീഴാറ്റൂരിലെ കൊവിഡ് കെയര്‍ സെന്ററിലാക്കി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന രണ്ടത്താണി പൂവന്‍ചിന സ്വദേശി ഡല്‍ഹിയില്‍ നിന്ന് മെയ് 20ന് പ്രത്യേക തീവണ്ടിയിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ മലപ്പുറം ജില്ലയില്‍ പ്രവേശിപ്പിക്കാതെ കോഴിക്കോട് ഐസൊലേഷനിലാക്കുകയായിരുന്നു.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് (23.05.20) 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ ലഭ്യമായ 51,045 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7672 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം